Monday, July 4, 2011

വി ലവ് ബംഗാളീസ് മോര്‍ ദാന്‍ മലയാളീസ്..

അവരെ ഇങ്ങോട്ട് കൊണ്ടോന്നത് നമ്മള് തന്നെയാണ് കേട്ടോ..
നമ്മുടെ പിടിപ്പുകേട്‌. അല്ലാതെന്തു..??!!

പറഞ്ഞതില്‍ ഒരു തെറ്റുമില്ല..
8 മണിക്കൂര്‍ ജോലി എന്നുള്ളിടത്ത് നിന്നും നമ്മള്, കഷ്ടിച്ച് 2 മണിക്കൂര്‍ ജോലിയും 22 മണിക്കൂര്‍ വിശ്രമവും പള്ള നിറച്ചും കൂലിയും കിട്ടിയാലേ തേങ്ങ നാട്ടിലെ കൂലിതൊഴിലാളിക്ക് പള്ള നിറയൂ എന്നാക്കി. അതല്ലേ. .  
കോയാക്ക ജോസഫിന് റാന്‍ മൂളി..

എന്റെ വീട്ടിലും ശശിയേട്ടന്‍ പണിക്കു കൊണ്ടോന്നത് ഈ മിടുക്കന്മാരെ തന്നെയാര്ന്നു ട്ടോ..
ന്റെ ആയിശു ഒരു ചായണ്ടാക്കി കൊടുത്തപ്പോ അതിറ്റങ്ങക്ക്  എന്തൊരു സന്തോഷായീന്നോ..
മ്മളെ നാട്ടാരങ്ങനാണോ..ചായ പോയിട്ട കോഴി ബിരിയാണി വെച്ചു കൊടുത്താലും മൂന്തേം കനപ്പിച്ചു മുക്കി മുരളിയേ തിന്നൂ..കോയ മുഴുമിച്ചു.. 

കോയാ.. ഞാനൊരു പെയ്ന്റും പണിക്കാരനാണ്ന്നു അനക്ക് ഞാന്‍ പറഞ്ഞരണോ..ഞാനും ബംഗാളീസിനെ കൊറേ കണ്ടതാ...അന്റെ പെണ്ണുങ്ങള് ചായ വെച്ചു കൊട്ത്തപ്പോ ചിരിച്ചത് ചായന്റെ മൊഞ്ചോണ്ടല്ല.. ആയീശൂനെ നോക്കിക്കോ ഇയ്യ്.. 

ഗോപാലാ..ന്റെ കയ്യിന്റെ ചൂട് യറിയുംട്ടോ..വാണ്ടാത്തരം പറയ്യാ..
എന്തെ ഓലെ നന്നാക്കി പറഞ്ഞപ്പോ അനക്ക് പറ്റീലേ..കുയ്ന്താലേ..

നിര്‍ത്തിം..തല്ലുണ്ടാക്കല്ലിം ....
ഒരു തല്ലു തടയാന്‍ ജബ്ബാറിടപെട്ടു.

എന്നാലും പെയ്ന്റും പണിക്കാരന് ശുണ്ടി  മാറീട്ടില്ല..കോയ കേള്‍ക്കും വിധം ഉറക്കെ പറയാന്‍ തുടങ്ങി.
'പറയുന്നതിലിത്തിരി കാര്യോക്കെണ്ട്...,, ഓലെങ്ങനെ പുണ്യാളന്‍മാരാക്കണ്ട.
എത്ര നേരാ ഫോണ്‍ വിളി.പണി കഴിഞ്ഞു വന്നാ ഉടനെ തൊടങ്ങും. ഓരുടെ  വീട്ടിക്കാവും. കിട്ടുന്ന കാശ് മുഴുവന്‍ ഫോണ്‍ കമ്പനിക്കാര്‍ക്ക് കൊടുക്കാനേ നേരമുണ്ടാവൂ ഇങ്ങനാണെങ്കി..കൂട്ടത്തില് അന്റെ പെണ്ണ്ങ്ങക്കും വരും വിളി. സൂക്ഷിച്ചോ..

ഇച്ചങ്ങായിനെ ഞാനിന്നു...കോയ കയ്യോങ്ങിയപ്പോള്‍ ഗോപാലന്റെയടുത്ത്
ജബ്ബാര്‍ മണ്ടി വന്നു മണ്ടക്കൊന്നു തോണ്ടി മുണ്ടാതെ നിക്കാന്‍ പറഞ്ഞു.

ങാ.. തമിഴനും ബംഗാളീസും അത്ര ഉഷാറൊന്നുമല്ല. പണിടുക്കുന്ന കാര്യൊക്കെ ശരിയാണെങ്കിലും ഇടയില് ചെല എരണം കേട്ട ജാതികളുണ്ട്...
ങ്ങക്കൊര്‍മ്മല്ലേ. കഴിഞ്ഞ വല്യ പെരുന്നാളിന്റെ തലേന്ന് രണ്ടെന്നത്തിനെ ചമ്മട്ടി കൊണ്ടടിച്ച് കൊന്നത്. അപ്പൊ തന്നെ അവടെ കുഴിച്ചിടുകേം ചെയ്തു.   ങ്ങട്ട് ഒരുത്തന്റെ കുഴിച്ചിട്ടോട്ത്ത് ഒരു കയ്യ് മണ്ണിന്നു പൊന്തി കിടക്കുന്നത് കണ്ടത് ബഷീറാ..ഓന്റെ ധര്യം കൊണ്ട് പോലീസിനോട് പറയേം ചെയ്തു. അതോണ്ടല്ലേ പ്പോ ആ തെമ്മാടി ബംഗാളി ജയിലിലായത്. 
ജബ്ബാര് കൂടെ അങ്ങനെ പറഞ്ഞപ്പോ കോയ മിണ്ടാതിരുന്നു. എന്റെ സൈഡാരുംലേന്നൊന്നു ചുറ്റും നോക്കി. എന്നിട്ട ടുഷന്‍ മാസ്റര്‍ ജോസഫിനോട് കീഴ്ചുണ്ട് താഴ്ത്തി ചോദിച്ചു.

'എന്താ ജോസഫേ നിര്‍ത്ത്യോ അന്റെ തത്വം പറച്ചില്'.

'അതല്ല ഗോപാലാ.. ഞാനിങ്ങനെ ആലോചിക്കുവാര്‍ന്നു..ഇത്  പോലെ അറബികളും പറയുന്നുണ്ടാവുമല്ലോന്നു..അവിടുന്നിങ്ങോട്ട് വരുമ്പോ പെട്ടി നിറച്ചും മിട്ടായ്യീം കളിപ്പാട്ടോം കൊണ്ട് വരുന്ന പോലല്ലല്ലോ അങ്ങോട്ട ഒരു ഗള്‍ഫുകാരന്‍ പോവുണത്..അത് പോലെ തന്നെയല്ലേ ബംഗാളീസും.
വീടും കുടുംബോം കുട്ട്യോളും അവര്‍ക്കുമില്ലേ..
കെട്ടിക്കാനായ മക്കളും വയ്യാണ്ടായ മാതാ പിതാക്കളും ഇല്ലേ..
അതൊന്നുമാലോയ്ക്കാതെ അവരുടെ ഫോണ്‍ വിളിയെപ്പറ്റി ഇങ്ങനെ പറയണത്  ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ബംഗാളൊരു നരകാ. അവിടുന്ന് കിട്ടുന്ന കാശ് തുച്ചതില്‍ തുച്ചമാ.. അപ്പൊ നമ്മള് ഗള്‍ഫീ പോകുന്ന പോലെ അവരിങ്ങോട്ടും പോരും.
ഏതു പീടിക തിണ്ണമേലും കിടക്കും.കുടുംബത്തിനും വേണ്ടി...
ഇവിടുന്നു ഗള്‍ഫില്‍ പോവുന്ന മലയാളിയെ പോലെ.
അവരുടെ ഗള്‍ഫാണ് കേരളം.. 
അപ്പൊ നമ്മള് ആരെയാ പറയേണ്ടത്..അതിന്റെ കാര്യ കാരണൊക്കെ ഞാന്‍ പറഞ്ഞാ 35 കൊല്ലം ഭരിച്ചോലോക്കെ നാറും..പറയണില്ല.'

'ജോസഫ് മാസ്ടെ.. അയ്നുപ്പോ  ആരാ ഓരെ ലിവറു തിന്നത്.  മ്മള് മലയാളീസിനെപ്പറ്റിയാ ഇപ്പറയ്ണത്.
രാവിലെന്റെ കുട്ട്യോളെ മദ്രസക്ക് കൊണ്ടോകുമ്പോ കാണാ എല്ലാ ബംഗാളീസും തമിഴന്‍സും കോണ്‍ട്രാക്ടര് ശശിന്റെ വണ്ടീം കാത്തു നിക്കണ്. അയ്ലൊറ്റ മലയാള മോന്തേം ഞാന്‍ ത് വരെ കണ്ടീല്ല.കുട്ട്യോളെ കൊണ്ടോയാക്കി വരുമ്പോ കാണാ തേപ്പ്കാരന്‍ ഉണ്ണി ഓന്റെ തൊള്ള തൊറന്നു ഇളിച്ചു കാട്ടി പല്ല് തേക്കണ്..'

ജബ്ബാറു മറുകണ്ടം ചാടി വര്‍ത്താനം പറയണത് കണ്ടപ്പോള്‍ കോയ ഗോപാലന്റെ മുഖത്തേക്കൊന്നു പല്ലിറുക്കി നോക്കി.

'അതാ മലയാളി. കേരളത്തിലാവുമ്പോ തനി തറ. വേറെയെവിടെലും പോയാ ഓന്റൊരു വിനയം..
നല്ലോണം പണിട്ക്കാണെങ്കി  എത്ര കൂലീം കൊടുക്കും. പക്ഷെ ന്നെ കാണുന്ന നേരത്തും വൈന്നേരം നാല് മണിന്റെ നേരത്തും പണിട്ക്ക്ണ കണ്ടാ ഭൂലോക ജോലിവീരനുള്ള നോബല്‍ സമ്മാനം കൊടുക്കാന്‍ തോന്നും'.എന്തായാലും ഐ ലവ് ബംഗാളീസ് മോര്‍ ദാന്‍ മലയാളീസ്..
മകന്റെ ഇംഗ്ലീഷ്  മീഡിയം പഠിപ്പ് തനിക്കും ഏല്ക്കുന്നുണ്ടെന്നു കാണിക്കാന്‍
ചുടു ചായ ആറ്റിപ്പാകമാക്കുന്നതിനിടെ മൂസാക്ക ഉശിരോടെ പറഞ്ഞു..

മൂസാക്കയുടെ ചായക്കടയില്‍ വൈകുന്നേരത്തെ ചൂലന്‍ ചായക്കൊപ്പം ചൂടന്‍ ചര്‍ച്ച പുരോഗമിക്കുമ്പോള്‍ കോണ്‍ട്രാക്ടറു ശശിയേട്ടന്റെ വണ്ടി പണി കഴിഞ്ഞ് ഒരു ലോഡ് ബംഗാളികളുമായി  ചായക്കടക്കു കുറുകെ നിറുത്തി.

13 comments:

  1. മുബാഷിര്‍ ,

    നമ്മുടെ നാടന്‍ തൊഴിലാളികളെ കുറിച്ചാ കുറ്റം പറയുന്നത്..സൂക്ഷിച്ചോ :-)
    ഞാനും ഇത് ആലോചിച്ചതാണ്..ഇവിടെ ഗള്‍ഫില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ വര്‍ക്ക്‌ ചെയ്യുന്ന മലയാളികള്‍ ഒക്കെ പന്ത്രണ്ടും പതിനാലും മണിക്കൂര്‍ ജോലി ചെയ്യണം..നമ്മുടെ നാടന്‍ തൊഴിലാളികള്‍ ളുഹുര്‍ ബാങ്ക് കൊടുത്താല്‍ പണിയും നിറുത്തി വൈകിട്ട് നാടനും അടിച്ചു പണിമുടക്കും ഹര്‍ത്താലും ഒക്കെയായി ലാവിഷ് ആയി ജീവിക്കുന്നു..പാവം ഗള്‍ഫ് തൊഴിലാളികള്‍ നാട്ടില്‍ വന്നാലും ഗള്‍ഫ്കാരന്‍ എന്നാ label മാത്രം..നാട്ടില്‍ തെങ്ങ് കയറുന്നവന് ഒക്കെ കളക്ടര്‍ നേക്കാള്‍ തിരക്കാണ് :-)

    ReplyDelete
  2. ശരിയായ കാര്യം

    ReplyDelete
  3. ഗള്‍ഫാരെ ആരും തോക്ക് ചൂണ്ടി ഗള്‍ഫിലേക്ക് പറഞ്ഞയക്കുന്നതല്ലല്ലോ. അവിസ് പന്ത്രണ്ടു മണിക്കൂര്‍ പൊരിവെയിലത്ത് പണിയെടുക്കുന്നത് ഇവിടെ ചെയ്‌താല്‍ മതി. കുടുംബവും ഒത്ത് ജീവിക്കാം.

    ReplyDelete
  4. ജോലിചെയ്യാന്‍ മനസ്സുണ്ടായാല്‍ എവിടെയും സുഖമായിതന്നെ ജീവിക്കാം.ഗള്‍ഫില്‍ എന്തും ചെയ്യാം നാട്ടില്‍ വൈറ്റ്‌ കോളര്‍ ജോലി തന്നെ വേണമെന്ന മനോഗതിയാണ് പ്രശ്നം.

    ReplyDelete
  5. അവരെയും വിറ്റ് കാശാക്കുന്നുണ്ട്‌ മലയാളികള്‍. man power supply നല്ല രീതിയില്‍ നടത്തുന്നുണ്ട് അവരെ വെച്ച് കൊണ്ട്. പിന്നെ ഗിള്‍ഫില്‍ വരുന്നത് സുഖിക്കണം എന്നാ ഉദ്ദേശത്തില്‍ മാത്രം അല്ല. 8 മണിക്കൂര്‍ ജോലി ചെയ്‌താല്‍ കിട്ടുന്ന വേതനത്തിന്റെ വ്യത്യാസമാണ് ഈ കടല്‍ ചാടി ക്കടക്കാന്‍ പ്രേരിപ്പിന്നത്. ഇനി ഇത് ഒരു ദിവസം മുടങ്ങിയാല്‍ വേറെ മാര്‍ഗ്ഗം ഇല്ല.. നാട് തന്നെ രക്ഷ.. അല്ലെ വാല്യക്കാര.. നല്ല പോസ്റ്റ്‌ ..

    ReplyDelete
  6. മലയാളി സ്വന്തം നാട്ടില്‍ പണി എടുക്കില്ല എന്നെ ഒള്ളൂ അന്യ നാട്ടില്‍ നല്ല അദ്ദ്വാനികള്‍ ആണ് പിന്നെ ഇവരെ ബംഗാളിലും നമ്മള്‍ എത്ര മലയാളികള്‍ ഉണ്ട് അന്നം തേടുന്നവര്‍

    ReplyDelete
  7. ബ്ലോഗ് നന്നായി പാപ്പീ, പക്ഷേ ആ ഭാഷ ഇത്ര നീട്ടിവലിച്ച് കൊണ്ടുപോയത് വായനയുടെ ഒഴുക്ക് നഷ്ടപെടുത്തി. നാടന്‍ സംസാരത്തിലേക്ക് തലക്കെട്ട് ഏച്ച്ചേര്‍ത്തത് മുഴച്ച് തന്നെ നില്‍ക്കുന്നു. എന്നാലും സംഭവം മനസ്സിലാവണുണ്ട് ഗള്‍ഫന്മാര്‍ക്കിട്ട് കൊട്ടിയതാന്ന് ;)

    മുമ്പ് തമിഴന്മാരായിരുന്നു. ഇപ്പൊ ബംഗാളീസും. അവരുടെ നാട്ടില്‍ അവരും ഷേക്കന്മാരാകും. പ്രവാസിമലയാളീസിനെ പോലെ ഹ്ഹ്

    ReplyDelete
  8. ങ്ഹാ..അങ്ങനെങ്ങ് പറഞ്ഞാലോ..?

    ബംഗാളിയെ പൊക്കിപ്പറയുന്നതിനോട് ഞമ്മക്ക് എതിര്‍പ്പൊന്നുല്ല..
    പചെങ്കില് , മലയാളിയെ അങ്ങനെ കുറ്റം പറയാന്‍ ഞമ്മള് സമ്മതിക്കൂല..

    അനക്കറിയോ പാപ്പീ..
    മലയാളികള്‍ മലയാളം വിട്ടാല്‍ എല്ല് മുറിയെ പണിയെടുക്കും..
    ബംഗാളികള്‍ ബംഗാള്‍ വിട്ടു നമ്മുടെ നാട്ടില്‍ വന്ന പോലെ..
    ഞമ്മളെ നാട്ടില് വാച്ചും കെട്ടി അത്തറും പൂശി ഇസ്തിരി ചുളിയാതെ നടക്ക്ണ പല ഗള്‍ഫുകാരും ഗള്‍ഫില് വന്നാല്‍ മരിച്ചു പണിയെടുക്കുന്നോര്‍ തന്നെയാണ്..
    തുച്ചം ശമ്പളത്തിന് മരിച്ചു പണിയെടുക്കുന്ന ഒത്തിരി മലയാളികള്‍ എന്റെ കണ്‍ മുമ്പിലുണ്ട്..
    ഇതേ ആളുകള്‍ നാട്ടില്‍ പണിയെടുത്തപ്പോള്‍ നീ പറഞ്ഞ കഷ്ടിച്ച് 2 മണിക്കൂര്‍ ജോലിയും 22 മണിക്കൂര്‍ വിശ്രമവും പള്ള നിറച്ചും കൂലിയും കിട്ടിയവര്‍ തന്നെയാണ്..

    സ്വന്തം നാട്ടിലാവുമ്പോ ആരും ഇങ്ങനെതന്നെയാണ്..
    പക്ഷേ, മറു നാട്ടിലെത്തുമ്പോള്‍ പണിയെടുക്കും..!
    അല്ലെങ്കില്‍ "പണി" കിട്ടും..!!

    പിന്നെ ഒന്നുള്ളത്,
    ഏതു മലയാളിയായായാലും ബംഗാളിയായാലും ചില എരപ്പാളികള്‍
    എവിടെ ചെന്നാലും പണിയെടുക്കൂല..
    അവരെ ഇപ്പറഞ്ഞതില്‍ പെടുത്തണ്ടാ ട്ടോ..

    പിന്നെ,
    ജ്ജ് ആദ്യം പറഞ്ഞ ആ മംഗ്ലീഷ് ണ്ടല്ലോ..
    അതിനോട് ഞമ്മള് യോചിക്ക്ണ്ണ്ട്..
    ബികോസ്,
    യേശു പറഞ്ഞിട്ടുണ്ടല്ലോ.."നിന്നെക്കാളെറെ നീ നിന്‍റെ അയല്‍കാരനെ സ്നേഹിക്കണമെന്ന്..."

    സൊ, വി ഷുട് ലവ് ദെം ദാന്‍ അസ്‌...

    ReplyDelete
  9. ഇത് കൊള്ളാംട്ടോ പാപ്പിക്കുഞ്ഞേ ... എനിക്കീ നാടന്‍ സംസാരഭാഷയിലുള്ള അവതരണം പെരുത്ത്‌ ഇഷ്ടായിക്ക്ണ് ...
    പിന്നെ മുസാഫിര്‍ പറഞ്ഞതിനോട് യോജിക്കുന്നു.

    ReplyDelete
  10. വായിച്ചു. ശരിയാണെന്നു തോന്നുന്നു

    ReplyDelete
  11. പക്ഷേ സാഹചര്യങ്ങൾ മാറി വരുന്നില്ലേ ? കഠിനാദ്ധ്വാനത്തിന്റെ വില ഇന്നത്തെ യുവതലമുറ മനസ്സിലാക്കുന്നില്ലേ ?

    ReplyDelete

താങ്കളുടെ ഒരു അടയാളപ്പെടുത്തല്‍ കൂടി അവശേഷിക്കുന്നു..