Thursday, June 30, 2011

ശേഷം..

.
ഇന്നലെയെന്റെ 

പ്രണയിനിയുടെ വിവാഹമായിരുന്നു..

അവള്‍ അടുക്കളയിലും

ഞാന്‍ മണ്ണിലും

എരിഞ്ഞു തീര്‍ന്നു..

Sunday, June 26, 2011

മുമ്പേ . .

ഇന്ന് നീ പറയുന്നത് ഞാന്‍ കേള്‍ക്കും.

ഇന്ന് നമ്മുടെ വിവാഹ വാര്‍ഷികവും
നാളെ ലഹരി വിരുദ്ധ ദിനവുമാണ്.
'നാളെയെങ്കിലും നിങ്ങള്‍ കുടിക്കരുത്.'

നാളെ തൊടില്ല.
ഉറപ്പ്..

ഭാര്യയോടുള്ള സ്നേഹത്തോടൊപ്പം
നാളേക്കുള്ളത്
ഇന്ന് തന്നെ
കുടിച്ചു തീര്‍ത്തു..

Wednesday, June 22, 2011

പ്രവാസി

പറയാന്‍ ഒരുപാടുണ്ട് ചേട്ടാ..

കേള്‍ക്കട്ടെ..
വേനലു മാറി,
മഴ വന്നു,
അച്ഛന്റെ ജോലി, 
എട്ടത്തീടെ ശമ്പളം, 

എന്നെപ്പറ്റിയിതു വരെയെന്തേ 
ചോദിച്ചില്ല..

ഞാന്‍
ഫോണ്‍ താഴെ വച്ചു.. 

Thursday, June 16, 2011

ചര്‍ച്ചകള്‍ മാത്രം നടക്കട്ടെ..

കാശുമാവിന്‍ തോട്ടത്തിന്റെ ഇടയിലൂടെ കുത്തനെയുള്ള ചെരിവിറക്കം നേരെ ചെന്നിറങ്ങുന്നത് പത്തിരുപത്തഞ്ചു കൊച്ചു കൂരകളുള്ള ഒരു കോളനിയിലേക്കാണ്.ഒരു മഴക്കാലം വന്നാല്‍ വെള്ളം കുത്തിയൊലിച്ചു ഒരു പക്ഷെ എല്ലാം കഴിയുന്ന മട്ടില്‍ താഴ്ച്ചയുണ്ട് ആ കോളനിക്കെന്നു തോന്നി. 
കശുമാങ്ങയുടെ ഭംഗിയോ സൗന്ദര്യമോ ഇപ്പോള്‍ ഇല്ല.

കയ്യിലുള്ളത് ഇറച്ചിപ്പൊതിയാണെന്ന് കരുതിയാവണം ഒരു നായ്ക്കൂട്ടം ചുറ്റും കൂടി.  ഭയന്ന് പിറകോട്ടു നീങ്ങിയപ്പോള്‍ വെറ്റിലക്കറ പുരണ്ട പല്ലുമായി പിറകില്‍ ഒരു വല്യമ്മ..

'പേടിക്കണ്ട ഞ്ഞേ..അവറ്റയൊന്നും ചെയ്യൂല.' 

നേര്‍ത്തൊരു പുഞ്ചിരിയോടെ വല്യമ്മ ഞങ്ങള്‍ക്കരികില്‍ നിന്ന് ചോദിച്ചു. 

'എന്താ മോനെ പൊതിയില്‍??'

അതിത്തിരി പുസ്തകങ്ങളാണ് അമ്മാ..

ആര്‍ക്കാ..??...

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നീല നിറം പിടിപ്പിച്ച ഒരു ട്ടാര്‍പ്പായ കൊണ്ട് മെടഞ്ഞ കുടിലിലേക്ക് ചൂണ്ടി പറഞ്ഞു 

'അവിടേക്കാ.. ..'

അഴഞ്ഞു പിടിച്ച പൊതിയില്‍ കൈ നീട്ടി മുറുക്കിപ്പിടിച്ചു വല്യമ്മ ചോദിച്ച  ചോദ്യം തെല്ലു വിഷമിപ്പിച്ചു.

'അപ്പൊ ഞങ്ങളെ കുട്ട്യോള്‍ക്കൊന്നുമില്ലേ മോനെ..'

മറുപടി പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല ഞങ്ങള്‍ രണ്ടു പേര്‍ക്കും.

കരഞ്ഞു കലങ്ങിയ കണ്ണുകളുള്ള ഒരു പെണ്‍കുട്ടി. ഒപ്പം ബുദ്ധിക്കു സ്ഥിരതയുണ്ടെന്നു തോന്നാത്ത യുവതി നാറിയൊരു പാത്രത്തില്‍ ചോറുമായി ചിരിച്ചു കൊണ്ട് നില്‍ക്കുന്നു. പാത്രത്തില്‍ നിന്ന് ചോറെടുത്ത് ഇത്തിരി വായിലിട്ട ശേഷം ബാക്കി പാത്രത്തോടെ തന്നെ നായ്ക്കള്‍ക്ക് വെച്ചു കൊടുത്തു. 
ജീവിതത്തില്‍ എപ്പോഴെങ്കിലും അഹങ്കാരം കൂടുന്നു എന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ നിങ്ങള്‍ പോകേണ്ടത് ഇവിടങ്ങളിലെക്കാണ്.

മുന്നൂറു രൂപയും പുസ്തകപ്പൊതിയും കൊടുത്ത് നിറഞ്ഞ മനസ്സോടെ തിരിച്ചു പോരുമ്പോള്‍ പേടിയോടെ നോക്കിയ നായ്ക്കൂട്ടങ്ങളോട് മറ്റൊരമ്മ ' രാത്രി മറ്റവന്മാര് വരുമ്പോഴില്ലാത്ത പേടിപ്പിക്കലെന്തിനാടോ പട്ടികളേ..'. എന്നു പറഞ്ഞപ്പോള്‍ ഉണ്ടാക്കിയ അമ്പരപ്പ് തന്റെ മക്കളെ സ്കൂളില്‍ പറഞ്ഞയക്കാനുള്ള അമ്മയുടെ   ഉത്തരമായിരുന്നില്ലേ.??

ഒരു പക്ഷെ അച്ഛനില്ലാത്ത ഒരുപാട് കുഞ്ഞുങ്ങളുടെ അച്ഛന്മാര്‍ നമുക്കിടയില്‍ നിന്ന് അവരെ നോക്കി പല്ലിളിക്കുമ്പോള്‍ അത്താഴപ്പഷ്ണിക്കാരെ  കണ്ടാല്‍ ചര്‍ദ്ധിക്കാന്‍ വരുന്ന ഭരണവര്‍ഗം  തന്നെയാണതിനുത്തരവാദികള്‍ എന്നല്ലേ മനസ്സിലാക്കേണ്ടത്???? ഇനിയുമിവിടെ കോളനികള്‍  ഉണ്ടായ്ക്കാവുന്ന പേടിപ്പെടുത്തുന്ന പ്രവണത ആരാണ് തീര്‍ക്കേണ്ടത്?. പരിഷ്കൃത വര്‍ഗം, അപരിഷ്കൃത വര്‍ഗം എന്ന് രണ്ടാക്കി ജനസംഖ്യയില്‍ തിരിക്കുമ്പോള്‍ ചോരയുടെ നിറം ഒട്ടും പച്ചയോ വെളുപ്പോ അല്ലാത്ത മനുഷ്യരാണവരെന്നു മനസ്സിലാക്കാന്‍ ബയോളജിപ്പുസ്തകങ്ങള്‍  മറിച്ചു നോക്കേണ്ട കാര്യമില്ല. 


തന്റെ മണ്ഡലത്തിലെ ഗ്രാമസൗന്ദര്യം വാരി വിതച്ചു പ്രസംഗങ്ങളില്‍ ഗീര്‍വാണം മുഴക്കുമ്പോഴും ഉണ്ണാനില്ലാത്തവനും  ഉടുക്കാനില്ലാത്തവനും അപ്പുറത്തെ പുരകളില്‍ മഴക്കാറ്റു കൊണ്ട് പറന്ന ടാര്‍പ്പായ കെട്ടിവലിച്ചു ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ മഴവെള്ളം തന്റെ കുഞ്ഞിന്റെ ദേഹമാവാതിരിക്കാന്‍ മാറോടു ചേര്‍ത്തു പിടിച്ചു കിടക്കുന്നുണ്ടെന്ന് ഒരിക്കലും അറിയുന്നുണ്ടാവില്ല. 

നിറക്കൂട്ടുകള്‍ കൊണ്ട് നിറച്ച ജീവിതം നിറക്കൂട്ടുകളില്ലാത്ത  ജീവിതം മനസ്സിലാക്കാന്‍ അകലെ ബംഗാള്‍ വരെ പോകേണ്ട കാര്യമില്ല. സ്വന്തം ഗ്രാമത്തില്‍ തന്നെ ഗ്ലോബലൈസെഷന്‍ ഇഫക്ടോ കംപ്യുട്ടര്‍ മൂപ്പോ അറിയാത്ത എത്ര പേരുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ ഒരുത്തനെങ്കിലും ?? എന്നിട്ടവരുടെ പേര് പറഞ്ഞു തന്നെ രാംദേവുമാര്‍ കോടികള്‍ കൊണ്ടമ്മാനമാടി ഉപവാസനാടകങ്ങള്‍ കളിക്കുമ്പോള്‍ കണ്ണുംപൂട്ടികെട്ടി നോക്കി നിന്ന് കയ്യടിക്കാന്‍ നിയമത്തിന്റെ കാവലാളായ പോലീസിനല്ലാതെ ഞങ്ങള്‍ക്ക് കഴിയില്ലെന്നുറക്കെ പറയാന്‍ ചങ്കൂറ്റം ഉള്ളാത്തിടത്തോളം കാലം ചര്‍ച്ചകള്‍ മാത്രം നടക്കട്ടെ..
കോളനികള്‍ ഉണ്ടായിക്കൊണ്ടെയിരിക്കട്ടെ.. .
ഇലകള്‍ കൊഴിഞ്ഞു കൊണ്ടെയിരിക്കട്ടെ...


*ഫോട്ടോകള്‍ ഗൂഗിളില്‍ നിന്ന് 

Wednesday, June 15, 2011

അമ്പത് പൈസ റോക്ക്സ്

ബസ് യാത്രകള്‍ എന്നും വമ്പന്‍ വിറ്റുകള്‍ സമ്മാനിക്കുന്ന ഏരിയയാണ്. ഏതെങ്കിലുമൊരു കുടിയനോ  തൊള്ളബഡായിയോ കേറാത്ത ബസ്സുകള്‍ വിരളവും വിരസവുമാണ്. 
കാലമേറിയ ജീവിതത്തില്‍ ബസ്സനുഭവങ്ങള്‍ ഒരുപാടുണ്ടാവും ഓരോരുത്തര്‍ക്കും.. ജീവിതത്തിന്റെ
പച്ചചൂര് മാറ്റാന്‍ ബസ്സില്‍ പണിയെടുക്കുന്നവര്‍ക്കുമുണ്ടാവും അവരുടെതായ രസാനുഭവങ്ങള്‍..


                                                          .........................

ബസ്സ് കയറി. കുത്തിയിരിക്കാന്‍ ഒരു സീറ്റും കിട്ടി. അപ്പുറത്ത്‌ സീറ്റില്‍ അത്യാവശ്യം സുമുഖനായൊരു  ചെറുപ്പക്കാരനുണ്ട്. എങ്ങോട്ടാ പോകുന്നെ?? സ്ഥലമെത്തും വരെ സൊറച്ചിരിക്കാന്‍ ആളെ ക്കിട്ടിയ സന്തോഷത്തില്‍ ഞാന്‍ ചോദിച്ചു. ഞാന്‍ അങ്ങാടി വരേയാ..ഓ ഞാനതിന്റെ അപ്പുറത്തെ സ്ടോപ്പാ..ഓരോന്ന് പറഞ്ഞോണ്ടിരിക്കുന്നതിനിടയില്‍ കായിം ചോദിച്ചു കണ്ടക്ടര്‍ വന്നു. അഞ്ചു രൂപയാണ് എന്റെ ചാര്‍ജ്. സുമുഖനു നാലേ അമ്പതും. അഞ്ചു രൂപ കൊടുത്ത് ബാക്കി അമ്പത് പൈസ ചോദിച്ചു. കായി ഉണ്ടായിട്ടോ ഇല്ലാഞ്ഞിട്ടോ കണ്ടക്ടര്‍ ബാക്കി പിന്നെ തരാമെന്നു പറഞ്ഞു...  സ്ഥലമെത്താറായിട്ടുണ്ട്...

അല്ല , നിങ്ങളുടെ സ്ഥലമെത്തി. ഇറങ്ങുന്നില്ലേ മാഷേ??
സുഹൃത്തെ.. ഇറങ്ങിക്കോളൂ..
ദാ എത്തി..
ഇതാണ് സ്ഥലം...ഹേയ്..

വണ്ടിയുടെ ബ്രേക്കില്‍ നിന്നും ഡ്രൈവര്‍ കാലെടുത്തു.. അയാള്‍ക്കിറങ്ങേണ്ട സ്ഥലം കഴിഞ്ഞു. എന്താ മാഷേ.. താങ്കള്‍ക്കിനി തിരിച്ചിങ്ങോട്ട് എത്ര ദൂരം നടക്കേണ്ടി വരും . എന്തേ ഇറങ്ങാഞ്ഞൂ....???
അപ്പോള്‍ നേര്‍ത്തൊരു വളിഞ്ഞ ചിരിയോടെ അഭ്യസ്തവിദ്യനെന്നു ഞാന്‍ കരുതിയ മൂപ്പര്‍ പറഞ്ഞു..

'അയാളെനിക്ക് അമ്പത് പൈസ തരാനുണ്ട്. അടുത്ത സ്ടോപ്പിലെക്ക് അഞ്ചു രൂപയാ. അമ്പത് പൈസ വെറുതെ കളയണ്ടല്ലോ......!!'

                                                     .........................


ശങ്കരേട്ടന്‍ ബസ്സില്‍ കേറിയിട്ടുണ്ട്. ഇന്നെന്തേലുമൊക്കെ കാണാം.പതിവ് പോലെ ഞാന്‍ മൂപ്പരുടെ അടുത്തു തന്നെ നിന്നു. വല്യ വായിലെ വെള്ളമടി വര്‍ത്താനം കേക്കാന്‍. മഞ്ചേരിയില്‍ നിന്ന് അഞ്ചു രൂപ കൊടുത്താല്‍ എന്റെ വീടെത്തും. മൂപ്പര്‍ക്ക് നാലേ അമ്പത് കൊടുക്കണം. വയറ്റില്‍ അടങ്ങിക്കിടക്കാത്ത കള്ള് ശബ്ദമുണ്ടാക്കിത്തുടങ്ങി.സകലകലാ പരദൂഷണ പരമ്പര കുനുകുനാ
തുടങ്ങി..

കണ്ടക്ടര്‍ വന്നു. ശങ്കരേട്ടന്‍ കയ്യിലുണ്ടായിരുന്ന ചുക്കിച്ചുളിഞ്ഞ പത്തു രൂപ നോട്ടു കൊടുത്തു.ബാക്കി അഞ്ചു രൂപ തിരിച്ചും കൊടുത്തു.
'മനേ..ഈ നോട്ടിക്കൂടെ ആകാശം കാണുന്നുണ്ടല്ലോ.. എനിക്ക് വേറെ നോട്ടു താ..കള്ളടിച്ചാ കള്ളത്തരം മനസ്സിലാവില്ലെന്ന് കരുതിയോ?? '
പറഞ്ഞത് ശരിയാ,.. വലിയൊരു ഓട്ടയുണ്ട് നോട്ടിനു നടുവിലൂടെ.
മുറു മുറുത്ത് കണ്ടക്ടര്‍ വേറൊരു അഞ്ചു രൂപ കൊടുത്തു.
'ബാക്കി അമ്പത് പൈസ താടാ തിരുമാലീ..
പാവം കണ്ടക്ടര്‍.
'ഏട്ടാ. അമ്പത് പൈസയില്ല. ഇപ്പൊ തരാം..'
ശങ്കരേട്ടന്‍ ഇപ്പോള്‍ ഒന്നും മിണ്ടിയില്ല. കണ്ടക്ടര്‍ ആശ്വാസം കൊണ്ടു.

ഒരു രണ്ടു മിനുറ്റ് കഴിഞ്ഞില്ല.'എന്റെ അമ്പത് പൈസ.....'

'ങാ ഇപ്പൊ തരാംട്ടോ...'
ശങ്കരേട്ടന്‍ വീണ്ടും മിണ്ടാതിരുന്നു.

കുറച്ചു കഴിഞ്ഞപ്പോ വീണ്ടും അതെ ചോദ്യം. 'എന്റെ കാശ്..അമ്പത് പൈസ.....'

കണ്ടര്‍ക്ക് ദേഷ്യം വന്നു. 'ഇപ്പൊ തരാമെന്നെ...അവിടെയിരി.

ഇതൊരു പരിപാടിയാക്കി മൂപ്പര്‍..
കണ്ടക്ടര്‍ പെണ്ണുങ്ങളെ ഭാഗത്തേക്ക് പൈസ വാങ്ങാന്‍ പോകുമ്പോഴും തിരിച്ചിങ്ങോട്ട് പോരുമ്പോഴും എന്റെ അമ്പത് പൈസാന്നു പറയും..
എനിക്കതൊരു രസമായി. തള്ളേ..ഒരു തല്ലിനുള്ള വകയുണ്ട്..
ഇപ്പോഴത്തെ ചോദ്യത്തിന് ദേഷ്യം മൂക്കിനു പിടിച്ചു കണ്ടക്ടര്‍ ചൂടായി.

"ടോ.. തന്നോടല്ലേ ഇപ്പൊ തരാമെന്നു പറഞ്ഞത്. വേറൊന്നുമില്ലേ തനിക്കാലോചിക്കാന്‍..  തൊള്ളയടക്കി ഒന്ന് മിണ്ടാതിരിക്കോ ."

മടക്കിക്കുത്തഴിച്ചു ശങ്കരേട്ടന്‍ പറഞ്ഞ വര്‍ത്താനം.
'എടാ ചങ്ങായീ...എന്തോരമുണ്ടാലോയ്ക്കാന്‍..
താനാ കായിങ്ങോട്ട് തന്നാല്‍ എനിക്ക് വേറെന്തേലും  ആലോയ്ക്കാലോ...'

Saturday, June 4, 2011

അഴിമതിക്കെതിരെ മരണം വരെ A/C* യില്‍

ഞാനും ഒരു വമ്പന്‍ സമരം നടത്താന്‍ പോകുന്നു.
അഴിമതിക്കെതിരെ സമരം നടത്തുന്ന നമ്മുടെ സ്വാമി ഗുളു ഗുളാതി ആന്റിഅഴിമതിയാന്‍  ബാബാ രാംദേവിനെതിരെയാണ് സമരം.
രണ്ടു കോടി രൂപക്ക് ഒരു മാസത്തേക്ക് വാടകക്കെടുത്ത രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ തീര്‍ത്ത പന്തല്‍. പതിനഞ്ചടി ഉയരത്തില്‍ ശീതീകരിച്ച സ്റ്റേജ്. അറുപത് ഡോക്ടര്‍മാര്‍ ഒരേ സമയം പ്രവര്‍ത്തിക്കുന്ന ആശുപത്രി.എങ്ങനുണ്ട്?? ബേജാറാവണ്ട കോയാ. ഇതൊക്കെയാണിപ്പോള്‍  രാഷ്ട്രീയം, രാഷ്ട്രാന്തരീയം.

അല്ലെങ്കില്‍ ഇച്ചങ്ങായിക്ക് വല്ല കഥയുമുണ്ടോ??അറ്റ്‌ ലീസ്റ്റ് ഒന്നുമില്ലെങ്കില്‍ ഇന്ത്യാക്കാരൊക്കെ പോഴന്മാരാണെന്നാണോ ഇയാള് ധരിച്ചു വച്ചിരിക്കുന്നെ??ഇമ്മാതിരി പൂത്ത കായി കയ്യിലുണ്ടെങ്കി അഴിമതിക്കെതിരെ സമരം (എന്ന് പറയുന്നു) നടത്തണോ? റോഡ്‌ ഞരങ്ങിയും ഭിക്ഷയെടുത്തും 'പട്ടിണി മാറ്റാന്‍ ശ്രമിക്കുന്ന' എത്ര പാവങ്ങളുണ്ടിവിടെ.ആ രണ്ടരക്കോടിയും പന്തലുമൊക്കെ അങ്ങനെ കൊടുത്താല്‍ പുണ്യം കിട്ടും..ഇതൊരുമാതിരി മറ്റേ പണിയായി പോയി.
മുക്കാലിയിലിട്ടടിക്കാന്‍ ആളില്ലാഞ്ഞിട്ടാ..

എനിക്ക് തോന്നുന്നത് ഇതു മറ്റൊരു കള്ളക്കളിയുടെ ബാക്കി പത്രമാണെന്നാണ്. ഹസാരെ നടത്തിയത് അഴിമതിക്കെതിരെയാണെങ്കില്‍ ഇത് കള്ളപ്പണത്തിനെതിരെയാണ്.വിഷയമൊക്കെ നല്ലത് തന്നെ.ഹസാരെയുടെ വന്‍ ജനപ്രീതിയും സ്വാധീനിച്ചിട്ടുണ്ടാവാം.അല്ലെങ്കിലും അദ്ദേഹം മുന്നോട്ടു വച്ച ധീര സമരമാര്‍ഗം ആറ്റിക്കുറുക്കി മറ്റൊരു വിധത്തിലാക്കാനാണല്ലോ ഈ വിദ്വാന്‍ വന്നത് .
വല്ലാത്ത പേടിയാണിപ്പോള്‍ ഈ സ്വാമിമാരെ..പണ്ടൊരു സ്വാമിയുണ്ടാക്കിയ പുകിലോര്‍മ്മയില്ലേ. ലവന്‍ തോക്കും പുലിത്തോലുമായോക്കെ കളിച്ച കളി കണ്ടിരിക്കാന്‍ നല്ല രസമായിരുന്നു.
അന്ന് പോയവനെ ക്കുറിച്ചിന്നു വല്യ വിവരമൊന്നും കേള്‍ക്കാനില്ല.
അത് പോലെന്തേലും മറക്കാനാകുമോ ഇത്?. വലിയ അഴിമതികള്‍ കാണാതിരിക്കാന്‍ ചെറിയ പ്രശ്നങ്ങളുണ്ടാക്കി പോലീസിന്റെയും ജനങ്ങളുടെയും കണ്ണില്‍ പൊടിയിടാനുള്ള ഒരു വലിയ അടവുമാവാം ഒരുപക്ഷേ..

ആര് പ്രതികരിക്കാന്‍?? ഒരു ഷാരൂ ഖാന്‍ പ്രതികരിച്ചത് കണ്ടു. അതിന്റെ പേരില്‍ ആ ചങ്ങായിക്ക്  ഇനി ഇരിക്കപ്പൊറുതി  കൊടുക്കത്തില്ല.ശിവ സേന ഇന്നലെ തന്നെ തുടങ്ങി എന്നാണു കേട്ടത്. നേതാവ് പറഞ്ഞത് അതിലും വലിയ കാര്യമാണ്. അവനവനുമായി ബന്ധമില്ലാത്ത വിഷയങ്ങളില്‍ തലയിടുന്നത് ഇന്ന് ഒരു പ്രവണതയായി മാറിയിട്ടുണ്ടെന്ന്. ഏതാണ് ഒരു മനുഷ്യനുമായി ബന്ധമുള്ള കാര്യങ്ങളും ബന്ധമില്ലാത്ത കാര്യങ്ങളും? മൈ നെയിം ഈസ്‌ ഖാന് തൊട്ടു കണ്ടകശ്ശനിയാണ് ഷാരൂഖിന്. 
അതൊന്നുമല്ലെന്നെ..എന്തിനാ ഈ സര്‍ക്കാരിതിനെ ഇത്ര പേടിക്കുന്നെ??വേറെന്ത്..കള്ളപ്പണം ഒഴുക്കീട്ടുണ്ടാവുമല്ലേ താടിക്കാരാ. ങ്ങളെ പേടീടെ കാര്യൊക്കെ മനസ്സിലായി പുളുസൂ.. 

എങ്കിലും അഴിമതി സ്ടാറായി.ഈ വാല്യക്കാരനെന്ന പേരിനു പകരം അഴിമതി എന്നോ കള്ളപ്പണമെന്നോ ഒക്കെ  ആക്കിയാല്‍ മതിയാരുന്നു. അതാകുമ്പോ താരമല്ലായോ..താരം. രൂപ നോട്ടിന്റെ മുകളിലിരിക്കുന്ന രാഷ്ട്ര പിതാവിനെ ആ നോട്ടിന്റെ ബലം കൊണ്ട് തന്നെ ഇങ്ങനെ അപമാനിച്ചത് തീരെ ശരിയായില്ല ബാബാ.ഇത്ര മാത്രം ചീഞ്ഞു നാറാന്‍ പറ്റുമെങ്കില്‍ ഇന്ത്യ എന്നേ നാറി.അതാണല്ലോ 'കനി' (വിലക്കപ്പെട്ട കനി പോലൊരു കനിയാണ് ഇന്ത്യന്‍ ജനതക്കിപ്പോ ലിവള്‍) മൊഴിയിലൂടെയും കല്‍മാഡി (കാലമാടന്‍ )യിലൂടെയുമൊക്കെ നമ്മള്‍ അനുഭവിക്കുന്നത്. 

ഒരഴിമതി ഭരണത്തിനെതിരെ സമരം നടത്താന്‍ മറ്റൊരു അഴിമതി നടത്തിയിട്ടുണ്ടാവുമോ എന്ന് ഇത്തിരി സംശയമില്ലാതില്ല.ഇവന്മാരോക്കെ ഇങ്ങനെ തുടങ്ങിയാല്‍ നമ്മടെ കേരളത്തിലെ ഉണ്ണാക്കന്‍ അഴിമതിക്കാരൊക്കെ  പൂച്ചക്കണ്ണന്മാരാകും. ഇപ്പുറത്തെ മീന്‍ തിന്നു അപ്പുറത്തെ പാലിലേക്ക് നോക്കി ഇനി അടുത്തത് അതാകട്ടെ എന്ന് വിചാരിക്കുന്ന കരിമ്പൂച്ചകള്‍. 
സമരപ്പന്തലിലേക്ക്, സോറി  'സമരക്കൊട്ടാരത്തിലെക്ക്'  പോലിസ് വക ഒരു റെയ്ഡ് നടത്തണമെന്നാണ്  എന്റെ അഭിപ്രായം. ഇരിപ്പിടത്തിനു താഴെയും ടോര്‍ചിനകത്ത് ബാറ്ററിക്ക് പകരമായി നേന്ത്രപ്പഴങ്ങള്‍ ഒരു പാട് കണ്ടേക്കാം.
കലികാലം..