Thursday, November 3, 2011

എന്റെ അക്ഷരമുറ്റം..



വിദ്യാലയമേ..
ഇതിലെന്റെ കണ്ണുനീര്‍ തുള്ളികളാണ്..

  ഓര്‍മ്മയുടെ മണിച്ചെപ്പില്‍

  നിറമുള്ള ഓര്‍മ്മകള്‍ സമ്മാനിച്ച
  എന്റെ പൂന്തോട്ടമാണിത്..

  കൊഴിഞ്ഞു വീണുകൊണ്ടിരിക്കുന്ന
  പ്രതീക്ഷകളുടെയും
  മോഹങ്ങളുടെയും
  ശവക്കല്ലറയില്‍ നിന്ന്
  വിദ്യ തേടി വന്ന ആഘോഷപൂര്‍ണ്ണമായ
  ഓര്‍മ്മ ഇപ്പോഴും എന്നില്‍ പടര്‍ന്നു  കിടക്കുകയാണ്..
  വിഷാദവും ആഹ്ലാദവുമായി..

  ഇരുളടഞ്ഞ വഴിത്താരയില്‍
  ആശയറ്റ സ്വപ്നങ്ങളില്ലാത്ത
  എന്റെ മനസ്സിലേക്ക്
  പ്രതീക്ഷകളുടെ പൊന്‍കിരണങ്ങള്‍
  നീട്ടി സൂര്യ തേജസ്സായി
  നിറഞ്ഞു നിന്ന
  എന്റെ അക്ഷരയാണിത്..
  അക്ഷരമാണിത്...

  പോയ കാലത്തിന്റെ
  നട വരമ്പിലൂടെ നാമെത്രയോ നടന്നു.
  കാലം നമ്മെ നോക്കി നെടു വീര്‍പ്പിട്ടു..
  നിശബ്ധമായ ഇവിടുത്തെ മണ്‍തരിയെ
  വേദനിപ്പിക്കാതെ
  നാളെ വിരിയാന്‍ വെമ്പി നില്‍ക്കുന്ന മറ്റൊരു
  കൂട്ടുകാരന്,   കൂട്ടുകാരിക്ക്
  ഇടം കൊടുത്ത്
  നോവുന്ന മനസ്സുമായി
  ഇനി കടുത്ത വേനലിലേക്ക്
  ഞങ്ങള്‍ മാറി നില്‍ക്കട്ടെ..

  വേനലില്‍ വരണ്ടു പോയ മണ്ണ്
  പുതു വര്‍ഷത്തില്‍ ജന്മം നല്‍കുന്ന
  പുല്‍നാമ്പുകള്‍ക്ക് പതിന്മടങ്ങ്‌
  സൗന്ദര്യം നല്‍കുന്നുവെന്ന്
  പറഞ്ഞു കേട്ടിട്ടില്ലേ..
  അത് പോലെ..

ഓര്‍മ്മകള്‍ ഒരുപാടിനിയും ഉണ്ടിവിടം..
  ചിതലരിക്കുന്ന ഈ പുസ്തക താളുകളില്‍
  ഇനിയും ശാന്തിയായ് സ്നേഹമായ്
  ഞങ്ങളുമുണ്ടാവും..

വേര്‍പ്പെടുമ്പോള്‍..
  അവസാന ശ്വാസത്തെക്കുറിച്ചു പോലും
  സ്വപ്നം കാണുന്നു ഞാന്‍..
  മരണത്തിലേക്ക് അലിഞ്ഞലിഞ്ഞില്ലാതാവുന്നത് വരെ
  നിന്റെ സാന്ത്വന സ്പര്‍ശത്തിന്‍
  കുളിര്‍മ്മ   എന്നും മനസ്സിലുണ്ടാവും..

വിദ്യാലയമേ..

  ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു..
  നിനക്ക് നൂറു നന്ദി..
  എത്ര വൈകിയാലും നിന്നെപ്പുല്കാന്‍ ഞാനാഗ്രഹിച്ചിരുന്നു..
  ഈ ചുവരുകളില്‍
  ഇവിടുത്തെ നറുപുഷ്പ ഗന്ധത്തില്‍
  എന്റെ ജീവ ശ്വാസമുണ്ട്..
  
അവസാനിക്കും മുമ്പ് ..
  കൊഴിഞ്ഞ മയില്‍ പീലികള്‍
  പുസ്തക താളുകളിലൊതുക്കുമ്പോള്‍
  ഇതിലേറെ ഓര്‍മ്മകളില്ല.
  ഇതു മതി..