Showing posts with label പ്രാക്ക്. Show all posts
Showing posts with label പ്രാക്ക്. Show all posts

Saturday, June 4, 2011

അഴിമതിക്കെതിരെ മരണം വരെ A/C* യില്‍

ഞാനും ഒരു വമ്പന്‍ സമരം നടത്താന്‍ പോകുന്നു.
അഴിമതിക്കെതിരെ സമരം നടത്തുന്ന നമ്മുടെ സ്വാമി ഗുളു ഗുളാതി ആന്റിഅഴിമതിയാന്‍  ബാബാ രാംദേവിനെതിരെയാണ് സമരം.
രണ്ടു കോടി രൂപക്ക് ഒരു മാസത്തേക്ക് വാടകക്കെടുത്ത രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ തീര്‍ത്ത പന്തല്‍. പതിനഞ്ചടി ഉയരത്തില്‍ ശീതീകരിച്ച സ്റ്റേജ്. അറുപത് ഡോക്ടര്‍മാര്‍ ഒരേ സമയം പ്രവര്‍ത്തിക്കുന്ന ആശുപത്രി.എങ്ങനുണ്ട്?? ബേജാറാവണ്ട കോയാ. ഇതൊക്കെയാണിപ്പോള്‍  രാഷ്ട്രീയം, രാഷ്ട്രാന്തരീയം.

അല്ലെങ്കില്‍ ഇച്ചങ്ങായിക്ക് വല്ല കഥയുമുണ്ടോ??അറ്റ്‌ ലീസ്റ്റ് ഒന്നുമില്ലെങ്കില്‍ ഇന്ത്യാക്കാരൊക്കെ പോഴന്മാരാണെന്നാണോ ഇയാള് ധരിച്ചു വച്ചിരിക്കുന്നെ??ഇമ്മാതിരി പൂത്ത കായി കയ്യിലുണ്ടെങ്കി അഴിമതിക്കെതിരെ സമരം (എന്ന് പറയുന്നു) നടത്തണോ? റോഡ്‌ ഞരങ്ങിയും ഭിക്ഷയെടുത്തും 'പട്ടിണി മാറ്റാന്‍ ശ്രമിക്കുന്ന' എത്ര പാവങ്ങളുണ്ടിവിടെ.ആ രണ്ടരക്കോടിയും പന്തലുമൊക്കെ അങ്ങനെ കൊടുത്താല്‍ പുണ്യം കിട്ടും..ഇതൊരുമാതിരി മറ്റേ പണിയായി പോയി.
മുക്കാലിയിലിട്ടടിക്കാന്‍ ആളില്ലാഞ്ഞിട്ടാ..

എനിക്ക് തോന്നുന്നത് ഇതു മറ്റൊരു കള്ളക്കളിയുടെ ബാക്കി പത്രമാണെന്നാണ്. ഹസാരെ നടത്തിയത് അഴിമതിക്കെതിരെയാണെങ്കില്‍ ഇത് കള്ളപ്പണത്തിനെതിരെയാണ്.വിഷയമൊക്കെ നല്ലത് തന്നെ.ഹസാരെയുടെ വന്‍ ജനപ്രീതിയും സ്വാധീനിച്ചിട്ടുണ്ടാവാം.അല്ലെങ്കിലും അദ്ദേഹം മുന്നോട്ടു വച്ച ധീര സമരമാര്‍ഗം ആറ്റിക്കുറുക്കി മറ്റൊരു വിധത്തിലാക്കാനാണല്ലോ ഈ വിദ്വാന്‍ വന്നത് .
വല്ലാത്ത പേടിയാണിപ്പോള്‍ ഈ സ്വാമിമാരെ..പണ്ടൊരു സ്വാമിയുണ്ടാക്കിയ പുകിലോര്‍മ്മയില്ലേ. ലവന്‍ തോക്കും പുലിത്തോലുമായോക്കെ കളിച്ച കളി കണ്ടിരിക്കാന്‍ നല്ല രസമായിരുന്നു.
അന്ന് പോയവനെ ക്കുറിച്ചിന്നു വല്യ വിവരമൊന്നും കേള്‍ക്കാനില്ല.
അത് പോലെന്തേലും മറക്കാനാകുമോ ഇത്?. വലിയ അഴിമതികള്‍ കാണാതിരിക്കാന്‍ ചെറിയ പ്രശ്നങ്ങളുണ്ടാക്കി പോലീസിന്റെയും ജനങ്ങളുടെയും കണ്ണില്‍ പൊടിയിടാനുള്ള ഒരു വലിയ അടവുമാവാം ഒരുപക്ഷേ..

ആര് പ്രതികരിക്കാന്‍?? ഒരു ഷാരൂ ഖാന്‍ പ്രതികരിച്ചത് കണ്ടു. അതിന്റെ പേരില്‍ ആ ചങ്ങായിക്ക്  ഇനി ഇരിക്കപ്പൊറുതി  കൊടുക്കത്തില്ല.ശിവ സേന ഇന്നലെ തന്നെ തുടങ്ങി എന്നാണു കേട്ടത്. നേതാവ് പറഞ്ഞത് അതിലും വലിയ കാര്യമാണ്. അവനവനുമായി ബന്ധമില്ലാത്ത വിഷയങ്ങളില്‍ തലയിടുന്നത് ഇന്ന് ഒരു പ്രവണതയായി മാറിയിട്ടുണ്ടെന്ന്. ഏതാണ് ഒരു മനുഷ്യനുമായി ബന്ധമുള്ള കാര്യങ്ങളും ബന്ധമില്ലാത്ത കാര്യങ്ങളും? മൈ നെയിം ഈസ്‌ ഖാന് തൊട്ടു കണ്ടകശ്ശനിയാണ് ഷാരൂഖിന്. 
അതൊന്നുമല്ലെന്നെ..എന്തിനാ ഈ സര്‍ക്കാരിതിനെ ഇത്ര പേടിക്കുന്നെ??വേറെന്ത്..കള്ളപ്പണം ഒഴുക്കീട്ടുണ്ടാവുമല്ലേ താടിക്കാരാ. ങ്ങളെ പേടീടെ കാര്യൊക്കെ മനസ്സിലായി പുളുസൂ.. 

എങ്കിലും അഴിമതി സ്ടാറായി.ഈ വാല്യക്കാരനെന്ന പേരിനു പകരം അഴിമതി എന്നോ കള്ളപ്പണമെന്നോ ഒക്കെ  ആക്കിയാല്‍ മതിയാരുന്നു. അതാകുമ്പോ താരമല്ലായോ..താരം. രൂപ നോട്ടിന്റെ മുകളിലിരിക്കുന്ന രാഷ്ട്ര പിതാവിനെ ആ നോട്ടിന്റെ ബലം കൊണ്ട് തന്നെ ഇങ്ങനെ അപമാനിച്ചത് തീരെ ശരിയായില്ല ബാബാ.ഇത്ര മാത്രം ചീഞ്ഞു നാറാന്‍ പറ്റുമെങ്കില്‍ ഇന്ത്യ എന്നേ നാറി.അതാണല്ലോ 'കനി' (വിലക്കപ്പെട്ട കനി പോലൊരു കനിയാണ് ഇന്ത്യന്‍ ജനതക്കിപ്പോ ലിവള്‍) മൊഴിയിലൂടെയും കല്‍മാഡി (കാലമാടന്‍ )യിലൂടെയുമൊക്കെ നമ്മള്‍ അനുഭവിക്കുന്നത്. 

ഒരഴിമതി ഭരണത്തിനെതിരെ സമരം നടത്താന്‍ മറ്റൊരു അഴിമതി നടത്തിയിട്ടുണ്ടാവുമോ എന്ന് ഇത്തിരി സംശയമില്ലാതില്ല.ഇവന്മാരോക്കെ ഇങ്ങനെ തുടങ്ങിയാല്‍ നമ്മടെ കേരളത്തിലെ ഉണ്ണാക്കന്‍ അഴിമതിക്കാരൊക്കെ  പൂച്ചക്കണ്ണന്മാരാകും. ഇപ്പുറത്തെ മീന്‍ തിന്നു അപ്പുറത്തെ പാലിലേക്ക് നോക്കി ഇനി അടുത്തത് അതാകട്ടെ എന്ന് വിചാരിക്കുന്ന കരിമ്പൂച്ചകള്‍. 
സമരപ്പന്തലിലേക്ക്, സോറി  'സമരക്കൊട്ടാരത്തിലെക്ക്'  പോലിസ് വക ഒരു റെയ്ഡ് നടത്തണമെന്നാണ്  എന്റെ അഭിപ്രായം. ഇരിപ്പിടത്തിനു താഴെയും ടോര്‍ചിനകത്ത് ബാറ്ററിക്ക് പകരമായി നേന്ത്രപ്പഴങ്ങള്‍ ഒരു പാട് കണ്ടേക്കാം.
കലികാലം..