ഏറെ നാളുകള്‍ക്ക് ശേഷമാണ് പാറു ആങ്ങളയെ കാണുന്നത്.
പെന്നും പെന്‍സിലുമൊന്നും വേണ്ട. കാര്യായിട്ട് തടിക്ക് പിടിക്കുന്ന എന്തങ്കിലും വേണം .
ദുബായി മണം ദേഹത്ത് പതിയാന്‍ ആങ്ങളയെ ആശ്ലേഷിക്കുമ്പോഴും പാറു നോക്കിയത് പെട്ടിയിലേക്കാണ്. പെട്ടിയില്‍ കണ്ണ് വീഴുമ്പോള്‍ അവളുടെ പള്ള തവളയുടെ പള്ള വികസിക്കുന്നത് പോലെ വികസിക്കുകയും ചുങ്ങുകയും ചെയ്തു.
ആഞ്ഞടിക്കുന്ന കൊടുങ്കാറ്റും കോരിച്ചൊരിയുന്ന മഴയും കതിനാ വെടി പോലെ ഇടിയും ജനാലകളെ കൊട്ടിയടച്ചു.
ഒരു ദിവസം പോലും ഈ വീട്ടില്‍ ഞാന്‍ തങ്ങിയിട്ടില്ല. ഇന്ന് എന്നോട് നിന്നോളാന്‍ പറഞ്ഞു. പായില്‍ ഉറക്കം വരാന്‍ വേണ്ടി കിടക്കുമ്പോള്‍ പാറു നന്നായി ആലോചിച്ചു,,ചിന്തിച്ചു...
വന്നിട്ടിത് വരെ ഒരു ചായയല്ലാതെ അന്തിക്കൊരു ചോറ് കൂട്ടാന്‍ പോലും ആങ്ങളയുടെ പെണ്ണുമ്പിള്ളയുടെ അടുത്തൂന്നു കിട്ടീല. കുട്ട്യോള്‍ക്ക് കൊടുക്കാന്‍ മുട്ടായി പോലും തന്നീല്ല.
അന്തമില്ലാതെ അന്തിപ്പാതിരക്ക് കള്ളുകുടിയന്‍ ഭര്‍ത്താവ് കേറി വരുന്നതു ശീലമുള്ളത് കൊണ്ട് പാറുവിനു നല്ല ഉറക്ക ബോധമുണ്ടായിരുന്നു. ചെവിയില്‍ നിന്നല്‍പ്പം അകലെ സ്വന്തം കാലില്‍ പാദസരം കിലുങ്ങുന്ന ശബ്ദം മഴയുടെ താളത്തോടൊപ്പം പാറു കേട്ടു..
'ആരെടാ അത് ..'
മറിച്ചൊന്നും ഉരിയാട്ടമില്ല.
കള്ളുകുടിച്ചു 'മിച്ചം വെച്ച കാശ് കൊണ്ട് ഭര്‍ത്താവ് വാങ്ങി തന്ന പത്തു രൂപാ ടോര്‍ച്ചു' കൊണ്ട് മുഖത്തേക്കടിച്ചപ്പോള്‍ ബ്രൈറ്റ്ലൈറ്റ് ടോര്‍ച്ചു പോലെ മിനുങ്ങാത്ത വെളിച്ചം പാദസരക്കള്ളനെ കാണിച്ചു തന്നു.
വേറാരുമല്ല..,
പൊന്നാങ്ങള തന്നെ..
പൊന്നാങ്ങള തന്നെ..
ആങ്ങള വീട്ടില്‍ നില്‍ക്കാന്‍ പറഞ്ഞതിന്റെ കാരണം കാല്‍ക്കാശിനു വകയില്ലാത്തത് കൊണ്ടാണെന്ന് പാറു ഞെട്ടലോടെ അറിഞ്ഞു...