Tuesday, July 26, 2011

ഈ ജന്മം കൊണ്ടിത്രയെങ്കിലും..

ബസ്സിലെ ജനലുകള്‍ക്കിടയിലൂടെ ഓര്‍മ്മകള്‍ തികട്ടി വന്നു.
ആ നനവുകളാണ് അപ്പുവിന്റെ വീട്ടിലേക്കു പോകാന്‍ പ്രേരണയാകുന്നത്..

അപ്പുവിനെ ഞാന്‍ കാണുന്നത് കറുത്ത ചുമരുകള്‍ക്കിടയിലെ ചവറ്റുകൂനകള്‍ക്ക് നടുവില്‍ നിന്നല്ല.
കണ്ണുകളില്ലാത്ത അവനു, ചുറ്റും അങ്ങനെയാണ് താനും.. 
കണ്ണടച്ച് കിടക്കുമ്പോള്‍ വെളിച്ചം കയറുന്ന കണ്‍പോളകള്‍ക്കുള്ളിലെ നിറം മങ്ങിയ ഞരമ്പുകള്‍ കണ്ടിട്ടില്ലേ?.. 
അത്രയെങ്കിലും ഓര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അവനാരെയും പഴിക്കില്ലായിരുന്നു.. 
ഭംഗിയാര്‍ന്ന കൃഷ്ണ മണികള്‍ ജന്മമെടുക്കേണ്ടിടത്തു ഇരുളടഞ്ഞ കുഴികള്‍ മാത്രം തന്ന ദൈവത്തോടല്ലായിരുന്നു അവനു പുച്ഛം... 
'വഴിവക്കിലെ വന്മരം സഞ്ചാരികള്‍ക്ക് തണലിനു പകരം വെയില്‍ നല്‍കിയിരുന്നെങ്കില്‍ എത്ര മരങ്ങളാണ് പഴി കേള്‍ക്കേണ്ടി വരിക..'
അച്ഛനോടുള്ള ദേഷ്യം അങ്ങനെയാണവന്‍ പറഞ്ഞു തീര്‍ത്തത്.. 

'കാഴ്ചയില്ലാത്ത ഞാന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ അപമാനിതയായ എന്റെ അമ്മക്കൊരു കൂടുണ്ടാകുമായിരുന്നു..കണ്ണുകളില്ലാതെ ജന്മമെടുത്ത ഞാനാണ് അമ്മയില്‍ നിന്നും അച്ഛന്‍ വേര്‍പ്പെടാന്‍ കാരണം..'''

പിന്നെയും അവനെന്തോക്കെയോ പറഞ്ഞു..തന്റെ സ്വപ്നങ്ങളെപ്പറ്റി..
കണ്ണില്ലാത്തവന്റെ സ്വപ്നങ്ങള്‍ക്ക് കണ്ണുള്ളവന്റെയത്ര ഭംഗിയുണ്ടാകുമോ??

ഉമ്മറപ്പടിയിലെ ചെളി നിറഞ്ഞ ചെങ്കല്ലില്‍ ഒരാളുടെയും സഹായമില്ലാതെ അന്ധനായ അപ്പു കയറി നില്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു ആഹ്ലാദം അവനിലുണ്ടെന്നു തോന്നി..
അപ്പു പറഞ്ഞു തീര്‍ത്തതത്രയും സ്നേഹമില്ലാത്ത തന്റെ അച്ഛനെക്കുറിച്ചായിരുന്നു..
ഒപ്പം ചെറുപ്പത്തിലേ സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിക്കുന്നൊരമ്മയെക്കുറിച്ചും ..
തന്റെ മനസ്സിലെ മൗനം മഴയില്‍ കുതിര്‍ന്ന ചെങ്കല്ലില്‍ കൂടി വേഗത്തില്‍ കാലുകളില്‍ പടര്‍ന്നതു കൊണ്ടാവാം അവന്റെ നനുത്ത കരങ്ങള്‍ക്കിത്രയധികം ചുവപ്പ് എന്നെനിക്കു തോന്നി...

വര്‍ഷങ്ങള്‍ക്കു ശേഷമിന്നൊരു ഒഴിവു ദിവസത്തില്‍ വീണ്ടും അവന്റെ  അടുത്തെക്കൊന്നു പോകണമെന്ന് തോന്നി...
വേണം..
അവന്റെ സ്വപ്‌നങ്ങള്‍ സഫലമായോ എന്നറിയണം...

ബസ്സിലിരിക്കുമ്പോള്‍ പിന്നിലേക്ക്‌ കുതിക്കുന്ന മരങ്ങള്‍ അസഹ്യമായി തോന്നിയതേയില്ല..
മരങ്ങളെപ്പറ്റി  അവന്‍ പറഞ്ഞ വാക്കുകളോരോന്നും ഓര്‍മ്മയില്‍ കുരുങ്ങി നിന്നു..  
വെയിലേറ്റുവാങ്ങി തണല്‍ നല്‍കുന്ന മരങ്ങളെപ്പറ്റി.. 
തണല്‍ മുറിച്ചു മാറ്റുന്ന കോടാലികളെക്കുറിച്ച് .. 

ഇപ്പോള്‍ ആ പഴയ വള്ളിക്കുടില്‍ നിന്നിടത്തൊരു സുന്ദരമായ ഭവനം.
സ്നേഹ നിധിയായ ആ അമ്മയും പുഞ്ചിരി തൂകി ടൈല്‍ പാകിയ  ഉമ്മറപ്പടിയില്‍ നില്‍ക്കുന്നു.
സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിക്കുകയാണവനും അമ്മയും ആ വീടും...

വരണ്ട മണ്ണില്‍ നിന്നും അവനെന്നെ കൊണ്ട് പോയത് ചാലിയാറിന്റെ മണലിലേക്കാണ് .
തീരത്തു ഓരത്തുള്ളോരു ചെങ്കല്ലില്‍ ചവിട്ടി അവന്‍ നിന്നു.
എന്തിനാണ് നീ എപ്പോഴും ചെങ്കല്ലുകളില്‍ ചവിട്ടി നില്‍ക്കുന്നത്.
നേര്‍ത്തൊരു ചിരിയോടെ അവനതിന്റെ ഉത്തരവും പറഞ്ഞു..
'ഇതെന്റെ അച്ഛനാണ്...അച്ഛനാണ്...'''

അമ്മയെ ഉപേക്ഷിച്ചു വേറൊരു കൂട് തേടി പോയ അച്ഛനോടുള്ള അവന്റെ ദേഷ്യത്തിന് വര്‍ഷങ്ങള്‍ക്കു ശേഷവും ഒരു കുറവും വരാത്തതില്‍ ഒരു അത്ഭുതവും തോന്നിയില്ല.

ചാലിയാറില്‍ ഇളം പച്ചനിറത്തില്‍ അടിത്തട്ടു വരെ പളുങ്ക് പാത്രം പോലെ വെള്ളം..
വഴുക്കൊട്ടിയ കല്ലുകള്‍ക്ക് മീതെ നീല മത്സ്യങ്ങള്‍ കഥകള്‍ പറഞ്ഞൊഴുക്കിനെതിരേ നീന്തിക്കൊണ്ടിരിക്കുന്നു ..!!


'ഞാന്‍....
രക്തസാക്ഷിയല്ലിന്നു...
ഒഴുക്കിനെതിരെ നീന്തിക്കൊണ്ടിരിക്കുന്ന നീല മത്സ്യത്തെ കണ്ടില്ലേ നീ...
അതുപോലെ...
സ്വപ്‌നങ്ങള്‍ തന്നതാണെനീക്കീ പ്രപഞ്ചം...
എന്റെ പരിശ്രമം..അതാണെല്ലാം നേടിയത്..
ഈ ലോകം എന്റേത് കൂടിയാണെന്ന് ഞാന്‍ തെളിയിച്ചു കഴിഞ്ഞു .''''

ചാലിയാറിനെ സാക്ഷി നിര്‍ത്തി, വായുവില്‍ തട്ടി വിജയിയായ കണ്ണ്പൊട്ടന്റെ ആ ശബ്ദം ജ്വലിച്ചു നിന്നു...

9 comments:

  1. വായിച്ചു
    സ്വപ്നങ്ങളാണ് എല്ലാം
    കൊള്ളാം

    ReplyDelete
  2. വിശക്കാത്തവന് മാത്രം അന്നം നല്‍കുന്ന ഖദര്‍കുപ്പായക്കാരനെക്കുറിച്ചും...

    തീരങ്ങളില്‍ ഓരത്തൊരു ചുവന്ന കല്ലില്‍ ചവിട്ടി അവന്‍ നിന്നു.

    ദെന്താ പൊളിറ്റിക്സ് ആണോ...

    ReplyDelete
  3. എഴുത്തുകാരൻ എന്താണുദ്ദേശിച്ചിരിക്കുന്നതെന്ന് വായനക്കാരന് മനസ്സില്ലാവുമ്പോളാണ് സൃഷ്ടിയുടെ അർത്ഥം പൂർ‍ണ്ണമാവുന്നത്. സത്യം പറഞ്ഞാൽ എനിക്കങ്ങട്ട് മനസ്സിലായില്ല. എനിക്കു മനസ്സിലാവുന്ന ഒരു കാര്യം ഒരുവിധപ്പെട്ട ആർക്കും മനസ്സിലാവുമെന്നാണ് ഞാൻ കരുതുന്നത്. കുട്ടപ്പെടുത്തുകയല്ല. നല്ല ഒഴിക്കുള്ള പറച്ചിലാണ്. അത് ഇത്തിരികൂടി തെളിച്ച് പറഞ്ഞാൽ വളരേ നന്ന്.ചെങ്കല്ലില്‍ ഒറ്റയ്ക്ക് കയറി നിന്നുച്ചത്തില്‍ "ചാ"ടുമ്പോള്‍. ഉച്ചത്തിൽ പാടുമ്പോൾ എന്നത് മാറി ടൈപ്പിയതാണോ?

    ReplyDelete
  4. കണ്ണില്ലാത്തവന്റെ സ്വപ്നങ്ങള്‍ക്ക് കണ്ണുള്ളവന്റെയത്ര ഭംഗിയുണ്ടാകുമോ??

    ReplyDelete
  5. കണ്ണില്ലാത്തവന്റെ കഥ വായിച്ചു
    പക്ഷെ അകക്കണ്ണില്‍ ആശയം അത്രയ്ക്കങ്ങോട്ട് വ്യക്തമായില്ല
    അതെന്റെ കുഴപ്പമായിരിക്കും - ആശംസകള്‍

    ReplyDelete
  6. കഥയുടെ ഓരോ ഭാഗം എത്തുമ്പോഴും “നല്ലൊരു കഥ” യിലേക്കാണ് വായിച്ച് പോകാനുള്ളത് എന്നൊരു തോന്നല്‍‍ ഉണ്ടായിരുന്നു. പക്ഷേ നിരാശപെടുത്തി. ആദ്യഭാഗത്ത് “മര”ത്തെ കുറിച്ച് പറഞ്ഞ വാചകം ചെറുതിന് മനസ്സിലായേ ഇല്ലാട്ടോ. അതുപോലെ ‘ഉമ്മറപടിയിലെ’ എന്ന് തുടങ്ങുന്ന ഖണ്ഡികയുടെ അവസാന വരിയും എന്താണെന്ന് കുറേ ആലോചിച്ചു. സ്വപ്നങ്ങള്‍ സഫലമായി എന്നല്ലാതെ, എങ്ങനെ എന്നതിനെ കുറിച്ചൊരു സൂചന പോലും എവിടേം കണ്ടതും ഇല്ല.

    ഇനി നന്നായിട്ടുണ്ടെന്ന് പറയണ്ടല്ലോ ലെ. പാപ്പികുഞ്ഞിന് കഥപറയാന്‍ അറിയാത്ത ആളൊന്നുമല്ലെന്ന് മുന്‍‍പോസ്റ്റുകളില്‍ തെളിയിച്ചതാണ്‍. പക്ഷേ അല്പം വളഞ്ഞ് സഞ്ചരിച്ചപ്പൊ കഥപറച്ചിലിന്‍‍റെ വഴിതെറ്റിപോയെന്ന് തോന്നുന്നു. പിന്നെ “കഥ” എന്ന് ലേബലിലൊന്നും കാണാനും ഇല്ല. ഓര്‍മ്മകള്‍??

    “എന്നതായാലും വന്നില്ലേ..ഇനി എന്തേലും പറഞ്ഞിട്ട് പോന്നേ...“ ന്ന് പാപ്പികുഞ്ഞ് പറഞ്ഞതോണ്ട് ഇനിയിപ്പൊ മിണ്ടാതിരുന്നിട്ട് കാര്യല്ലാലോ. അതോണ്ടാണേ. കൊട്ടേഷനൊന്നും കൊടുക്കല്ലേ ;) നല്ല കഥകളുമായി വീണ്ടും കാണണം.

    ReplyDelete
  7. അച്ഛന്‍റെ നിരുത്തരവാദിത്തവും അമ്മയുടെ സ്വപ്നങ്ങളും എല്ലാം ചര്ച്ചയാവേണ്ടത് തന്നെ..!! എങ്കിലും, എനിക്ക് പറയാന്‍ തോന്നുന്നത് മകന്‍റെ അതിജീവനത്തിന്‍റെ കാരണത്തെയാണ്‌.

    പത്തു ഗ്രാം പോലും തൂക്കം തികയാത്ത ആ ചെറു മത്സ്യങ്ങളില്‍ നിന്നും നമുക്കേറെ പഠിക്കാനുണ്ട്. മലവെള്ളപ്പാച്ചിലില്‍ ഇതേ ചാലിയാറിലൂടെ കിലോ കണക്കിന് ഭാരമുള്ള തടികളും ജീവികളും ഒഴുകി ഒഴുകി വരുന്നതും അവ താഴേക്ക് താഴേക്ക്.. മറവിയിലേക്ക് ഒലിച്ചു പോകുന്നതും നാം കാണാറുണ്ട്‌. എന്നാല്‍, അപ്പോഴും ഈ ചെറു മത്സ്യങ്ങള്‍ക്ക് ഒഴുക്കിനെതിരെ നീന്തി മറുകര പിടിക്കാന്‍ സാധിക്കുന്നു. കാരണം, അവരില്‍ ജീവനുള്ളൊരു ആത്മാവുണ്ടെന്നതാണ് കാര്യം. അതുകൊണ്ടാണ് അവക്കതിജീവിക്കാന്‍ സാധിക്കുന്നത്. പക്ഷെ, പലപ്പോഴും ഒഴുക്കിലറങ്ങി നില്‍ക്കുക എന്ന എളുപ്പത്തെയാണ് നാം സ്വീകരിക്കാറുള്ളത്. കാരണം, 'അപ്പു' ഒഴികെയുള്ളവര്‍ ആത്മാവ് നഷ്ടപ്പെടുത്തിയ കേവല ഉടലുകള്‍ മാത്രമായി ഒരുതരം ജീവിച്ചുതീര്‍ക്കല്‍ കലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരല്ലോ..?
    നല്ല ചിന്തക്കഭിനന്ദനം.

    ചീരാമുളക് പറഞ്ഞ കാര്യത്തെയും ശ്രദ്ധിക്കാവുന്നതാണ്.
    {ഞാന്‍ എന്നോട് തന്നെയും ഉണര്‍ത്തുന്ന വാക്കുകള്‍}

    ReplyDelete
  8. കണ്ണില്ലാത്തവന്റെ സ്വപ്നങ്ങള്‍ക്ക് കണ്ണുള്ളവന്റെയത്ര ഭംഗിയുണ്ടാകുമോ??
    തീർച്ചയായും ഉണ്ടാകും..അവൻ തന്റെ ലോകത്തെയാണു സ്വപ്നം കാണുന്നത്..കണ്ണുള്ളവനാകട്ടെ തനിക്ക് വെട്ടിപ്പിടിക്കാനുള്ള ലോകത്തെയും.
    ഹൃദ്യമാണു താങ്കളുടെ ഭാഷ.വിമർശനങ്ങളെ ഉൾക്കൊണ്ട് എഴുത്ത് കൂടുതൽ മനോഹരമാക്കൂ. ആശംസകൾ

    ReplyDelete
  9. നന്നായിരിക്കുന്നു

    ReplyDelete

താങ്കളുടെ ഒരു അടയാളപ്പെടുത്തല്‍ കൂടി അവശേഷിക്കുന്നു..