ഇന്ത്യ അതിന്റെ സ്വാതന്ത്ര്യം വീണ്ടും ഓര്‍ക്കുകയാണ്. ഒരു പക്ഷെ ഏറ്റം നിറഞ്ഞതും അര്‍ത്ഥ പൂര്‍ണ്ണവുമായ അഭിമാനത്തോടെ. സ്വാതന്ത്ര്യപ്പുലരിയുടെ ഊഷ്മള സൗന്ദര്യം ഓരോരുത്തരിലും ഹര്‍ഷോന്മാദമുണ്ടാക്കുന്നു..
ആ വിപ്ലവ സ്വരങ്ങള്‍ക്ക് പക്ഷെ ഇന്ന് എത്രത്തോളം ശക്തി കുറഞ്ഞുവെന്നു ഊഹിച്ചാല്‍ മനസ്സിലാകുന്നതെയുള്ളൂ..
സ്വാതന്ത്ര്യം ഇന്ന് അതിന്റെ അന്തസ്സത്ത വിട്ടു പുറത്തു വന്നിട്ടില്ല എന്നര്‍ത്ഥം..
അധികാരത്തിന്റെ നിറം കൂടുതല്‍ കൂടുതല്‍ കറുപ്പിലേക്ക് വലിച്ചിഴക്കപ്പെടുന്നതില്‍ ഗാന്ധിയുടെ മനസ്സ് എത്ര മാത്രം വേദനിക്കുന്നുണ്ടാകുമെന്നു ഈ സ്വാതന്ത്ര്യ ദിനമെങ്കിലും കാണിച്ചു കൊടുത്തിരുന്നുവെങ്കില്‍..അവകാശ നിഷേധമാണ് ഇപ്പോഴും ഇന്ത്യ നേരിടുന്ന പ്രസക്തമായ ചോദ്യം.
മനുഷ്യന്റെ പ്രാഥമികമായ അവകാശങ്ങള്‍ യാഥാര്‍ത്യമാക്കുന്ന അന്തരീക്ഷം എന്ന അര്‍ത്ഥ തലത്തില്‍ നിന്നും ജനാധിപത്യത്തെ നോക്കിക്കാണാന്‍ മാത്രം ആഗ്രഹിക്കേണ്ടി വരുന്നു. കാരണം അത് പോലും നിഷേധിക്കപ്പെടുന്നവന് ജനാധിപത്യം ചവച്ചിറക്കാന്‍ കയ്പ്പുള്ള സത്യമായി അവശേഷിക്കപ്പെടും.
അങ്ങനെ ഒരു പൂര്‍ണ്ണതയുമെത്തിയിട്ടില്ലാത്ത പോല്‍ കഴുതയുടെ കാലുകളും സിംഹത്തിന്റെ വയറും 'വൃത്തികെട്ട മനുഷ്യാര്‍ത്തി'യുടെ തലയുമുള്ള വെറുമൊരു ബാലറ്റ് മെഷീന്‍ മാത്രമാണ് ഇപ്പോള്‍ ജനാധിപത്യമെന്നു പറഞ്ഞാല്‍ നിഷേധിക്കാനാകുമോ??

നീതിയുടെ അളവ് കോല്‍ കോടതിപ്പടിയുടെ അകങ്ങളില്‍ നീണ്ടുയര്‍ന്ന മേശപ്പുറത്തിനു മുകളിലിരിക്കുമ്പോള്‍ അതേ പുറങ്ങളില്‍ തന്നെ മുറിഞ്ഞു പഴുത്തൊലിച്ച വൃണവുമായി കരയുന്ന മനസ്സോടെ ഗാന്ധിത്തലയുള്ള പച്ച നോട്ടുകള്‍ കാണേണ്ടി വരുന്ന അവസ്ഥ എത്രത്തോളം ഉള്‍ക്കിടിലമുണ്ടാക്കുന്നുണ്ട്.
'ശക്തമായ' ജനാധിപത്യത്തിന്റെ ചൂടുപറ്റി ജീവിക്കുകയും അത്രത്തോളം തന്നെ 'അശക്തമായ' ജനാധിപത്യത്തിന്റെ ഒഴുക്കില്ലാ മൂലയില്‍ ഒരുളുപ്പുമില്ലാതെ കയ്യിട്ടു വാരുകയും എന്നിട്ട് ജനാധിപത്യ സംവിധാനത്തെ ജീവനോടെ തന്നെ കുഴിച്ചു മൂടുകയും സാമൂഹികമാനങ്ങളേതുമില്ലാതെ ഗുണ്ടാ പ്രസംഗവും വേണ്ടാ പിരിവും നടത്തുന്ന അഴിഞ്ഞാട്ടം കണ്ടിട്ട് മിണ്ടാതിരിക്കാന്‍ ഈ ചരിത്രദിനത്തിലും ആളെക്കിട്ടുന്നു എന്നതാണ് അത്ഭുതം..
വസന്തം പൂക്കുന്ന ഒരു പൂങ്കാവനത്തിനു വേണ്ടി പ്രതീക്ഷയോടെ പണിയെടുത്ത ഒരു ജീവന്റെ വിരിമാറിലേക്ക് വെടിയുതിര്‍ത്തപ്പോള്‍ മരിച്ചു പോയത് ഒരു ജനതയുടെ മനസ്സ് കൂടെയായിരുന്നു. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിഖു, പാര്‍സി ലേബലില്ലാതെ, ഒറ്റപ്പെട്ടു നിന്ന മനുഷ്യരെ കൂട്ടായി ചകിരിച്ചോറു കളഞ്ഞു പിരിച്ചൊറ്റക്കയറാക്കി മാറ്റി രാജ്യം നേടിയെടുത്ത ഭഗത് സിങ്ങുമാരുടെ ഇന്ത്യയാണിന്നിങ്ങനെ എന്നാലോചിക്കുമ്പോള്‍ ലജ്ജ കൊണ്ട് മുഖം താഴ്ത്താം നമുക്കോരോരുത്തര്‍ക്കും. ഉറക്കമില്ലാത്തവര്‍ നേടിത്തന്ന ആ സ്വാതന്ത്ര്യത്തെ ഒരു പോലെ ആഘോഷിക്കുകയും അതെ സ്വാതന്ത്ര്യം വച്ച് തന്നെ സാമ്രാജ്യത്വപ്പരിഷകള്‍ക്ക് കൂട്ട് നില്‍ക്കുകയും ചെയ്യുന്ന വൈരുദ്ധ്യം.., ഒരേ സമയം ഗാന്ധിയെ നാവു കൊണ്ട് സ്മരിക്കുകയും മുതലാളിത്തത്തിനോശാന പാടുകയും ചെയ്യുന്ന വൈരുദ്ധ്യം. ഇവ വായിക്കേണ്ടത് ''നട്ടെല്ല് നഷ്ടപ്പെട്ട ഇറച്ചിക്കഷണങ്ങള്‍'' എന്നാണ്..യാങ്കിപ്പടക്ക് വേണ്ടി കൈ പൊക്കുന്നവരെ അങ്ങനെ തന്നെയല്ലേ വിശേഷിപ്പിക്കേണ്ടത്??
ഇന്ന്, ആകെ കൂട്ടി നോക്കിയാല്‍ തട്ടിപ്പ് വെട്ടിപ്പ് മദ്യം,മയക്കുമരുന്ന് ക്രിമിനലുകളുടെ വളര്‍ച്ച പെണ്‍വാണിഭം, കള്ളനോട്ട്, കള്ളപ്പണം, നോട്ടിരട്ടിപ്പ്, സൈബര്‍ ക്രൈമുകള്‍ എന്ന് തുടങ്ങി സകലമാന വൃത്തികേടും ചെറിയ തോതിലോ വലിയ തോതിലോ നടക്കുന്ന ഈ ഇന്ത്യാമഹാരാജ്യം സാധാരണയില്‍ നിന്നും ഒരു വ്യത്യാസവുമില്ലാതെ മക്കള്‍ രാഷ്ട്രീയത്തിലൂടെ എല്ലാ നേതാക്കന്മാരും ഒത്തൊരുമിച്ചു നടത്തിക്കൊണ്ടിരിക്കുന്നു..ഒരു രാഷ്ട്രത്തിന്റെ ആത്മാവിനു, മഹാത്മാവിനു മങ്ങലേറ്റിരിക്കുന്നു. ജനാധിപത്യമെന്ന പേരില്‍ ഉറഞ്ഞു തുള്ളപ്പെടുന്ന നിലയങ്ങള്‍ മുഴുവന്‍ അഴിമതിക്കറ പുരളുകയും ആ രാഷ്ട്രത്തിന്റെ അകം കനല്‍ കെട്ട് പുക വമിച്ചു ചാരം നിറഞ്ഞ് ഇരുട്ടില്‍ മുങ്ങുകയും ചെയ്യുമ്പോള്‍ നാം ആരെയാണ് ഓര്‍ക്കേണ്ടത്..
ആരെയാണ് പഴിക്കേണ്ടത്?
വിപ്ലവാത്മകത തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു യുവത്വമുണ്ടിവിടെ..
ക്രിയാത്മകമായ ഒരു പ്രവര്‍ത്തനത്തിലുമേര്‍പ്പെടാതെ അങ്ങാടിയോരങ്ങളിലെ ഷെഡുകളില്‍ പനപ്പാത്തി കൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളിലിരുന്നു നെറികെട്ട ഭരണ നേതാക്കന്മാര്‍ക്ക് വേണ്ടി വായിട്ടലക്കുന്ന, ഇത്തിരി പോലും പൊരിച്ചിലുകള്‍ മനസ്സില്‍ അവശേഷിക്കാത്ത കുട്ടിനേതാക്കള്‍..പട്ടണം വിട്ടു ഗ്രാമം കേറിയ അബ്കാരിപ്പാര്‍ട്ടികളുടെ വില കൂടിയ മദ്യം കഴിച്ചു ചോരയുടെ ചുവപ്പ് നഷ്ട്ടപ്പെട്ട കുറെയേറെ യുവത്വങ്ങള്‍..
ഇപ്പുറത്ത്..
നിറഞ്ഞ മനസ്സോടെ പ്രതിഫലേച്ഛയില്ലാതെ സംസ്കാരത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യവത്തായ ഭൂമികയില്‍ നിലയുറപ്പിച്ചു നന്മേച്ചുക്കളായ ചില കൊച്ചു സംഘങ്ങള്‍ ഉണ്ടെന്നത് വളരെ ആവേശമുളവാക്കുന്നു.
അവര്‍ സ്നേഹപൂര്‍ണ്ണമായ ഒരു നവ സാമ്രാജ്യം കെട്ടിപ്പടുക്കുന്ന കാലം അതി വിദൂരത്തല്ല..
ഇങ്ങനെയൊക്കെ തീര്‍പ്പുണ്ടാവുമ്പോള്‍ നമ്മള്‍ ആരിലാണ് അഭയം പ്രാപിക്കേണ്ടത് എന്ന വലിയൊരു ചോദ്യം രൂപപ്പെടും.
ആ ചോദ്യങ്ങള്‍ ചോദ്യമായി തന്നെ അവശേഷിക്കുന്നതാവും നല്ലത് . കാരണം അവിടെയാണ് പൊട്ടിത്തെറികളുണ്ടാവേണ്ടത്. സര്‍ഗാത്മകമായ പൊട്ടിത്തെറികള്‍...