Friday, August 12, 2011

ഗാന്ധീ..അങ്ങയുടെ രാജ്യം ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്..

ഇന്ത്യ അതിന്റെ സ്വാതന്ത്ര്യം വീണ്ടും ഓര്‍ക്കുകയാണ്. ഒരു പക്ഷെ ഏറ്റം നിറഞ്ഞതും അര്‍ത്ഥ പൂര്‍ണ്ണവുമായ അഭിമാനത്തോടെ. സ്വാതന്ത്ര്യപ്പുലരിയുടെ ഊഷ്മള സൗന്ദര്യം ഓരോരുത്തരിലും ഹര്‍ഷോന്മാദമുണ്ടാക്കുന്നു..

ഒരുപറ്റം വിപ്ലവകാരികളുടെ ചുണ്ടുകളില്‍ പിറന്ന സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്കെതിരിലുള്ള മുദ്രാവാക്യം ഇന്നെത്തി നില്‍ക്കുന്നത് നമ്മുടെയൊക്കെ വിരല്‍ തുമ്പുകള്‍ വരെയാണ്.
ആ വിപ്ലവ സ്വരങ്ങള്‍ക്ക് പക്ഷെ ഇന്ന് എത്രത്തോളം ശക്തി കുറഞ്ഞുവെന്നു ഊഹിച്ചാല്‍ മനസ്സിലാകുന്നതെയുള്ളൂ..
സ്വാതന്ത്ര്യം ഇന്ന് അതിന്റെ അന്തസ്സത്ത വിട്ടു പുറത്തു വന്നിട്ടില്ല എന്നര്‍ത്ഥം..
അധികാരത്തിന്റെ നിറം കൂടുതല്‍ കൂടുതല്‍ കറുപ്പിലേക്ക്‌ വലിച്ചിഴക്കപ്പെടുന്നതില്‍ ഗാന്ധിയുടെ മനസ്സ് എത്ര മാത്രം വേദനിക്കുന്നുണ്ടാകുമെന്നു ഈ സ്വാതന്ത്ര്യ ദിനമെങ്കിലും കാണിച്ചു കൊടുത്തിരുന്നുവെങ്കില്‍..

അവകാശ നിഷേധമാണ് ഇപ്പോഴും ഇന്ത്യ നേരിടുന്ന പ്രസക്തമായ ചോദ്യം.
മനുഷ്യന്റെ പ്രാഥമികമായ അവകാശങ്ങള്‍ യാഥാര്‍ത്യമാക്കുന്ന അന്തരീക്ഷം എന്ന അര്‍ത്ഥ തലത്തില്‍ നിന്നും ജനാധിപത്യത്തെ നോക്കിക്കാണാന്‍ മാത്രം ആഗ്രഹിക്കേണ്ടി വരുന്നു. കാരണം അത് പോലും നിഷേധിക്കപ്പെടുന്നവന് ജനാധിപത്യം ചവച്ചിറക്കാന്‍ കയ്പ്പുള്ള സത്യമായി അവശേഷിക്കപ്പെടും.
അങ്ങനെ ഒരു പൂര്‍ണ്ണതയുമെത്തിയിട്ടില്ലാത്ത പോല്‍ കഴുതയുടെ കാലുകളും സിംഹത്തിന്റെ വയറും 'വൃത്തികെട്ട മനുഷ്യാര്‍ത്തി'യുടെ തലയുമുള്ള വെറുമൊരു ബാലറ്റ് മെഷീന്‍ മാത്രമാണ് ഇപ്പോള്‍ ജനാധിപത്യമെന്നു പറഞ്ഞാല്‍ നിഷേധിക്കാനാകുമോ??

ചീഞ്ഞുനാറിയ ഭരണ വ്യവസ്ഥകളെ ഇനിയും നാം ന്യായീകരിക്കണോ? അല്ലെങ്കിലും നവ അടിയന്തിരാവസ്ഥയുടെ ഭീകര മുഖം കാര്‍ന്നു തിന്ന ഇറോം ഷര്‍മ്മിളമാരോടും അവകാശ നിഷേധങ്ങളുടെ കൂരമ്പ്‌ തറഞ്ഞ  മഅദനിമാരോടും എന്തുണ്ട് നിങ്ങള്‍ക്ക് പറയാന്‍??
നീതിയുടെ അളവ് കോല്‍ കോടതിപ്പടിയുടെ അകങ്ങളില്‍ നീണ്ടുയര്‍ന്ന മേശപ്പുറത്തിനു മുകളിലിരിക്കുമ്പോള്‍ അതേ പുറങ്ങളില്‍ തന്നെ മുറിഞ്ഞു പഴുത്തൊലിച്ച വൃണവുമായി കരയുന്ന  മനസ്സോടെ ഗാന്ധിത്തലയുള്ള പച്ച നോട്ടുകള്‍ കാണേണ്ടി വരുന്ന അവസ്ഥ എത്രത്തോളം ഉള്‍ക്കിടിലമുണ്ടാക്കുന്നുണ്ട്.

'ശക്തമായ' ജനാധിപത്യത്തിന്റെ ചൂടുപറ്റി ജീവിക്കുകയും അത്രത്തോളം തന്നെ 'അശക്തമായ' ജനാധിപത്യത്തിന്റെ ഒഴുക്കില്ലാ മൂലയില്‍ ഒരുളുപ്പുമില്ലാതെ കയ്യിട്ടു വാരുകയും എന്നിട്ട് ജനാധിപത്യ  സംവിധാനത്തെ ജീവനോടെ തന്നെ കുഴിച്ചു മൂടുകയും സാമൂഹികമാനങ്ങളേതുമില്ലാതെ ഗുണ്ടാ പ്രസംഗവും വേണ്ടാ പിരിവും നടത്തുന്ന അഴിഞ്ഞാട്ടം കണ്ടിട്ട് മിണ്ടാതിരിക്കാന്‍ ഈ ചരിത്രദിനത്തിലും ആളെക്കിട്ടുന്നു എന്നതാണ് അത്ഭുതം..

വസന്തം പൂക്കുന്ന ഒരു പൂങ്കാവനത്തിനു വേണ്ടി പ്രതീക്ഷയോടെ പണിയെടുത്ത ഒരു ജീവന്റെ വിരിമാറിലേക്ക് വെടിയുതിര്‍ത്തപ്പോള്‍ മരിച്ചു പോയത് ഒരു ജനതയുടെ മനസ്സ് കൂടെയായിരുന്നു. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിഖു, പാര്‍സി ലേബലില്ലാതെ, ഒറ്റപ്പെട്ടു നിന്ന മനുഷ്യരെ കൂട്ടായി ചകിരിച്ചോറു കളഞ്ഞു പിരിച്ചൊറ്റക്കയറാക്കി മാറ്റി രാജ്യം നേടിയെടുത്ത ഭഗത് സിങ്ങുമാരുടെ  ഇന്ത്യയാണിന്നിങ്ങനെ എന്നാലോചിക്കുമ്പോള്‍ ലജ്ജ കൊണ്ട് മുഖം താഴ്ത്താം നമുക്കോരോരുത്തര്‍ക്കും. ഉറക്കമില്ലാത്തവര്‍ നേടിത്തന്ന ആ സ്വാതന്ത്ര്യത്തെ ഒരു പോലെ ആഘോഷിക്കുകയും അതെ സ്വാതന്ത്ര്യം വച്ച് തന്നെ സാമ്രാജ്യത്വപ്പരിഷകള്‍ക്ക് കൂട്ട് നില്‍ക്കുകയും ചെയ്യുന്ന വൈരുദ്ധ്യം.., ഒരേ സമയം ഗാന്ധിയെ നാവു കൊണ്ട് സ്മരിക്കുകയും മുതലാളിത്തത്തിനോശാന പാടുകയും ചെയ്യുന്ന വൈരുദ്ധ്യം. ഇവ വായിക്കേണ്ടത് ''നട്ടെല്ല് നഷ്ടപ്പെട്ട ഇറച്ചിക്കഷണങ്ങള്‍'' എന്നാണ്..യാങ്കിപ്പടക്ക് വേണ്ടി കൈ പൊക്കുന്നവരെ അങ്ങനെ തന്നെയല്ലേ വിശേഷിപ്പിക്കേണ്ടത്??

ഇന്ന്,  ആകെ കൂട്ടി നോക്കിയാല്‍ തട്ടിപ്പ് വെട്ടിപ്പ് മദ്യം,മയക്കുമരുന്ന് ക്രിമിനലുകളുടെ വളര്‍ച്ച പെണ്‍വാണിഭം, കള്ളനോട്ട്, കള്ളപ്പണം, നോട്ടിരട്ടിപ്പ്, സൈബര്‍ ക്രൈമുകള്‍ എന്ന് തുടങ്ങി സകലമാന വൃത്തികേടും ചെറിയ തോതിലോ വലിയ തോതിലോ നടക്കുന്ന ഈ ഇന്ത്യാമഹാരാജ്യം സാധാരണയില്‍ നിന്നും ഒരു വ്യത്യാസവുമില്ലാതെ മക്കള്‍ രാഷ്ട്രീയത്തിലൂടെ എല്ലാ നേതാക്കന്മാരും ഒത്തൊരുമിച്ചു നടത്തിക്കൊണ്ടിരിക്കുന്നു..ഒരു രാഷ്ട്രത്തിന്റെ ആത്മാവിനു,   മഹാത്മാവിനു മങ്ങലേറ്റിരിക്കുന്നു. ജനാധിപത്യമെന്ന പേരില്‍ ഉറഞ്ഞു തുള്ളപ്പെടുന്ന നിലയങ്ങള്‍ മുഴുവന്‍ അഴിമതിക്കറ പുരളുകയും ആ രാഷ്ട്രത്തിന്റെ അകം കനല്‍ കെട്ട് പുക വമിച്ചു ചാരം നിറഞ്ഞ് ഇരുട്ടില്‍ മുങ്ങുകയും ചെയ്യുമ്പോള്‍ നാം ആരെയാണ് ഓര്‍ക്കേണ്ടത്..
ആരെയാണ് പഴിക്കേണ്ടത്?

വിപ്ലവാത്മകത തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു യുവത്വമുണ്ടിവിടെ..
ക്രിയാത്മകമായ ഒരു പ്രവര്‍ത്തനത്തിലുമേര്‍പ്പെടാതെ അങ്ങാടിയോരങ്ങളിലെ ഷെഡുകളില്‍ പനപ്പാത്തി കൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളിലിരുന്നു  നെറികെട്ട ഭരണ നേതാക്കന്മാര്‍ക്ക് വേണ്ടി വായിട്ടലക്കുന്ന, ഇത്തിരി പോലും പൊരിച്ചിലുകള്‍ മനസ്സില്‍ അവശേഷിക്കാത്ത കുട്ടിനേതാക്കള്‍..പട്ടണം വിട്ടു ഗ്രാമം കേറിയ അബ്കാരിപ്പാര്‍ട്ടികളുടെ വില കൂടിയ മദ്യം കഴിച്ചു ചോരയുടെ ചുവപ്പ് നഷ്ട്ടപ്പെട്ട കുറെയേറെ യുവത്വങ്ങള്‍..

ഇപ്പുറത്ത്..
നിറഞ്ഞ മനസ്സോടെ പ്രതിഫലേച്ഛയില്ലാതെ സംസ്കാരത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യവത്തായ ഭൂമികയില്‍  നിലയുറപ്പിച്ചു നന്മേച്ചുക്കളായ ചില കൊച്ചു സംഘങ്ങള്‍ ഉണ്ടെന്നത് വളരെ ആവേശമുളവാക്കുന്നു.
അവര്‍ സ്നേഹപൂര്‍ണ്ണമായ ഒരു നവ സാമ്രാജ്യം കെട്ടിപ്പടുക്കുന്ന കാലം അതി വിദൂരത്തല്ല..

ഇങ്ങനെയൊക്കെ തീര്‍പ്പുണ്ടാവുമ്പോള്‍ നമ്മള്‍ ആരിലാണ് അഭയം പ്രാപിക്കേണ്ടത്‌ എന്ന വലിയൊരു  ചോദ്യം രൂപപ്പെടും.
ആ ചോദ്യങ്ങള്‍ ചോദ്യമായി തന്നെ അവശേഷിക്കുന്നതാവും നല്ലത് . കാരണം അവിടെയാണ് പൊട്ടിത്തെറികളുണ്ടാവേണ്ടത്. സര്‍ഗാത്മകമായ പൊട്ടിത്തെറികള്‍... 

36 comments:

  1. പ്രസക്തമായ ഒരു വിഷയം ആണ് ചര്‍ച്ചക്ക്‌ വെച്ചത്. പോസ്റ്റ്‌ നന്നായിട്ടുണ്ട് മുബാഷിര്‍..

    ReplyDelete
  2. സര്‍ഗാത്മകമായ പൊട്ടിത്തെറികള്‍ സ്വപ്നം കാണുന്ന മുബാഷിറിനു വിപ്ലവാഭിവാദ്യങ്ങള്‍

    ReplyDelete
  3. സ്നേഹപൂര്‍ണ്ണമായ ഒരു നവ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ നമുക്കെല്ലാര്‍ക്കും കൈ കോര്‍ക്കാം..കാലിക പ്രസക്തിയുള്ള ഒരു പോസ്റ്റ്‌..അഭിനദ്ധനങ്ങള്‍ മുബാഷിര്‍.

    ReplyDelete
  4. സുഹ്രുത്തേ..
    നന്നായിരിക്കുന്നു,
    സ്വാതന്ത്ര്യദിന ആശംസകള്‍
    If I were asked under what sky the human mind has most fully developed some of its choicest gifts, has most deeply pondered on the greatest problems of life, and has found solutions, I should point to India.
    - Max Mueller (German scholar)

    ReplyDelete
  5. സ്വാതന്ത്ര്യദിനത്തോടനുബന്ധിക്കുന്ന നല്ല പോസ്റ്റ്...
    സ്വാതന്ത്ര്യദിന ആശംസകള്‍...
    [നിറഞ്ഞ മനസ്സോടെ പ്രതിഫലേച്ഛയില്ലാതെ സംസ്കാരത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യവത്തായ ഭൂമികയില്‍ നിലയുറപ്പിച്ചു നന്മേച്ചുക്കളായ ചില കൊച്ചു സംഘങ്ങള്‍ ഉണ്ടെന്നത് വളരെ ആവേശമുളവാക്കുന്നു.
    അവര്‍ സ്നേഹപൂര്‍ണ്ണമായ ഒരു നവ സാമ്രാജ്യം കെട്ടിപ്പടുക്കുന്ന കാലം അതി വിദൂരത്തല്ല..
    ഇത് ശരിക്കും പ്രതീക്ഷയോടെ എഴുതിയതാണോ? ]

    ReplyDelete
  6. ഇതു വായിച്ചിട്ട് എന്തെങ്കിലുമൊന്ന് മര്യാദയ്ക്കു വേണ്ടി പറഞ്ഞു വച്ചിട്ടു പോകാൻ തോന്നിയില്ല..
    വിപ്ലവ സ്വരങ്ങളുടെ ദുർബലത‌:- അത് സമകാലീകമായ സ്വാതന്ത്രവും അവകാശങ്ങളും ഒരു പരിധിവരെ അനുഭവിക്കുന്നതിന്റെയും ആസ്വദിക്കുന്നതിന്റേയും പ്രതിഫലനം അല്ലെ.?ഒന്നുമില്ലെങ്കിലല്ലെ എന്തിനെങ്കിലും വേണ്ടി വിപ്ലവമുണ്ടാക്കേണ്ട ആവശ്യമുള്ളു എന്ന ചിന്തയിൽ നിന്നും ഇന്നത്തെ വിപ്ലവം ദുർബലമാകാം. ഒരു ന്യൂന പക്ഷത്തിനു മാത്രമെ ഇപ്പോൾ വലിയ വിപ്ലവങ്ങൾ സൃഷ്ടിക്കേണ്ട ആവശ്യങ്ങൾ വരുന്നൂള്ളു എന്നിരിക്കെ “ന്യൂനപക്ഷം“ആയി പ്പോയി എന്നതു തന്നെയണ് ആ വിപ്ലവം സൃഷ്ടിക്കാനുള്ള മനസ്സില്ലായ്മയ്ക്കും കാരണം.

    എനിക്കു മനസ്സിലാകാതിരുന്ന ഒരു കാര്യം:- അവകാശ നിഷേധങ്ങളുടെ കൂരമ്പു തറഞ്ഞ “മഅദനിമാരോടും“ അതെങ്ങിനെ..?!!!!!!!!!!!!!!!!!!!!!!!!!!!!!

    പിന്നെ അവകാശനിഷേധം:- അതു വ്യക്തിപരമായതോ സമൂഹപരമായതോ...ഇതു രണ്ടായാലും അതു നേടാൻ ഒരു വിപ്ലവമൊന്നും ഇവിടെ പ്രതീക്ഷിക്കണ്ട... കാരണം 4 നേരം കഞ്ഞി കുടിക്കുന്നുണ്ടല്ലൊ- അതിപ്പൊ എന്ത് അരികൊണ്ട് ആയാലെന്താ...അതു മുട്ടാതെ നോക്കിയാൽ മതി എന്ന നിർനിമേഷ ഭാവമായിരിക്കുന്നു സമുഹത്തിന് ...

    സ്നേഹപൂർണ്ണമായ പൂർണ്ണമായ ഒരു നവ സാമ്രാജ്യം കെട്ടിപ്പടുക്കുന്ന കാലം അതി വിദൂരത്തല്ല - ആ ഒരു പ്രതീക്ഷ മാത്രം വേണ്ട. നമുക്കൊക്കെ അതു വ്യക്തവുമാണ്.ഈ ലേഖനത്തിന്റെ ഗൌരവം ആ ഒരു സെന്റൻസിൽ നഷ്ടപെടുന്നപോലെ ഫീൽ ചെയ്തു.. (അമ്പിളിമാമൻ താഴെയ്ക്കു വരുമ്പോൾ പിടിയ്കാമല്ലൊ എന്നു മോഹിക്കുന്ന പോലെ)

    സർഗാത്മകമായ പൊട്ടിത്തെറികൾ- വളരെ നല്ല ഒരു വാക്ക്, നല്ല ഒരു സ്വപ്നം, എല്ലാവരും അഗ്രഹിക്കുന്ന ഒന്ന്...നോക്കു ഈ ലേഖനവും അതിലൊന്നു തന്നെ...അഭിനന്ദനങ്ങൾ..പൊട്ടിത്തെറികളല്ല ഭൂകമ്പങ്ങൾ ഉണ്ടാകട്ടെ..വിറയ്ക്കട്ടെ നമ്മുടെ ഭരണ വ്യവസ്ഥകൾ..ഭരണക്കസേരകൾ....ഇനിയും എഴുതൂ..ഇതു പോലെ ..ഇതിലും ശക്തമായി.....

    ReplyDelete
  7. ഈ സ്വാതന്ത്ര്യദിന വേളയില്‍ ഇങ്ങനെയൊരു പോസ്റ്റ്‌ വളരെ ഉചിതമായി.

    ReplyDelete
  8. സമകാലീകമായ ഒരു വിഷയം വളരെ തന്മയത്വത്തോടെ പറഞ്ഞു, വളരെ നന്നായി മുബാഷിര്‍.

    ReplyDelete
  9. ജീവിതം തന്‍ സന്ദേശമെന്നോതി കഥാവശേഷനായ 'ഗാന്ധി'.
    ഇപ്പോള്‍, കവലയില്‍ മാലിന്യാലലംകൃത പ്രതിമയിലലങ്കാര കണ്ണാടി.
    'അ'ന്യായ കോടതിയില്‍ ചുമരില്‍ തൂങ്ങി മൂക സാക്ഷി.
    ഭരണ കേന്ദ്രങ്ങളില്‍ തെമ്മാടിത്തരത്തിനു ശില്പ സാക്ഷി.
    അന്നൊരു നാള്‍, ഗ്രാമീണ ഇന്ത്യയിലാണ് ജീവനെന്നു വായ്ത്താരി.
    പക്ഷെ, ക്രയവിക്രിയാധിനിവേശനങ്ങളിലും 'തുല്യംചാര്‍ത്തും'
    പത്രമായുമിതേ ഗാന്ധി.
    അഴിമതിക്കിടനിലക്കാരന്‍ നിസ്സഹായനാം ഗാന്ധി.
    കവിളിലടിയേറ്റു തപ്പാലാപ്പീസിലും ഗാന്ധി.
    ഇന്നലെ, ധീരമാം സ്നേഹമേ ഗാന്ധി.
    ഇന്ന്, ചന്ദനച്ചാര്‍ത്തിനു പകരം അഹങ്കാരത്തിന്‍റെ തുപ്പലഭിഷേകം..!!.
    ഇതു താന്‍ ഗാന്ധി,
    വടി പിടിച്ച ഗാന്ധിപ്രതിമ കാകനിരിക്കാനെന്നു 'ടിന്റുമോന്‍'.

    ReplyDelete
  10. പ്രിയ മുബാഷിര്‍ , ഇന്നലെ തന്നെ വായിച്ചിരുന്നു. തിരക്കിനിടയില്‍ കമന്റ് എഴുതാന്‍ പറ്റിയിരുന്നില്ല. ജനാധിപത്യം എന്നാല്‍ കുശവന്റെ കൈയിലെ കളിമണ്ണ് പോലെയാണ്. ജനങ്ങള്‍ക്ക് എന്ത് ആകൃതിയിലും രൂപത്തിലും അതിനെ വാര്‍ത്തെടുക്കാം. അത് തന്നെയാണ് ജനങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും. ഒരുപാടൊരുപാട് പാര്‍ട്ടികള്‍, ഒരുപാടൊരുപാട് വൈരുധ്യാത്മക കാഴ്ചപ്പാടുകള്‍ അതൊക്കെ ചേര്‍ത്ത് നമ്മുടെ നാടിനെ നാം തന്നെയാണ് പുനര്‍നിര്‍മ്മിച്ചുകൊണ്ടേയിരിക്കുന്നത്. ഒരു പ്രത്യേക സംഘടനയുടെ പ്രത്യയശാസ്ത്രപ്രകാരമോ ഏതെങ്കിലും വ്യക്തിയുടെ അഭിപ്രായങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അനുസരിച്ച് ജനാധിപത്യത്തെ രൂപപ്പെടുത്താന്‍ കഴിയില്ലല്ലൊ. പാകപ്പിഴവുകള്‍ ഉണ്ടെങ്കിലും ഈ ജനാധിപത്യം നമുക്ക് ആശ്വാസമാണ്. ജനാധിപത്യത്തെ ശിഥിലീകരിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കും ജനാധിപത്യത്തില്‍ ഇടമുണ്ട്. നൂറ് ശതമാനം പൂര്‍ണ്ണമായ ഒരു വ്യവസ്ഥിതി സ്ഥാപിക്കുക മനുഷ്യര്‍ക്ക് അസാധ്യമാണ്. നമ്മുടെ സ്വാതന്ത്ര്യത്തെയോ ജനാധിപത്യത്തെയോ നിരാശയോടെ നോക്കിക്കാണേണ്ടതായ സാഹചര്യം ഇവിടെ നിലവിലില്ല എന്ന് ഞാന്‍ പറയും ...

    ReplyDelete
  11. @നന്ദി ശ്രീ..ആദ്യ കമന്റിനു നന്ദി

    @മഖ്‌ബൂല്‍ മാറഞ്ചേരി,ഒരു ദുബായിക്കാരന്‍,ക്രിസ്റ്റിയുടെ ഡയറി,ajith,അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ,ഓർമ്മകൾ,Vp Ahmed,സിദ്ധീക്ക,:
    സ്വാതന്ത്ര്യ ദിനാശംസകളോടൊപ്പം വിപ്ലവാഭിവാദ്യങ്ങള്‍..

    @അനശ്വര:
    പ്രതീക്ഷകളില്ലാതെ എന്ത് ജീവിതം..
    തീര്‍ച്ചയായും അങ്ങനെ ഒരു സമൂഹം രൂപപ്പെട്ടു വരുന്നുണ്ട്..അതില്‍ താങ്കളും പങ്കാളിയാണ്..

    @ജാനകി....:

    >>എനിക്കു മനസ്സിലാകാതിരുന്ന ഒരു കാര്യം<<:മഅദനിക്ക് അവകാശ നിഷേധങ്ങളുടെ ഒരു കൂരമ്പും തരഞ്ഞിട്ടില്ല എന്ന് തന്നെയാണോ ഇപ്പോഴും ജാനകി വിശ്വസിക്കുന്നത്? ഒമ്പതര വര്ഷം ജയിലില്‍ കഴിഞ്ഞിട്ട് കുറ്റമൊന്നും ചെയ്തിട്ടില്ല എന്നും പറഞ്ഞു പുറത്തു വരുമ്പോ എന്തൊരു വൈരുദ്ധ്യമാനത്.
    ആശയ പരമായി യോജിപ്പികളേറെയുണ്ടാവാം..
    പക്ഷെ, അദ്ദേഹവും ഒരു മനുഷ്യനാണ്.

    >>പിന്നെ അവകാശനിഷേധം:- അതു വ്യക്തിപരമായതോ സമൂഹപരമായതോ...ഇതു രണ്ടായാലും അതു നേടാൻ ഒരു വിപ്ലവമൊന്നും ഇവിടെ പ്രതീക്ഷിക്കണ്ട... കാരണം 4 നേരം കഞ്ഞി കുടിക്കുന്നുണ്ടല്ലൊ- അതിപ്പൊ എന്ത് അരികൊണ്ട് ആയാലെന്താ...അതു മുട്ടാതെ നോക്കിയാൽ മതി എന്ന നിർനിമേഷ ഭാവമായിരിക്കുന്നു സമുഹത്തിന് ..<<.

    നാല് നേരം പോയിട്ട് രണ്ടു നേരം പോലും കഞ്ഞി കിട്ടാത്ത മനുഷ്യര്‍ ഇപ്പോഴും ഇവിടെയുണ്ടെന്നു പറഞ്ഞാലോ...
    തെണ്ടി ജീവിക്കുന്നവര്‍ അങ്ങനെ തന്നെ ജീവിക്കട്ടെ..അല്ലെ??

    >>സ്നേഹപൂർണ്ണമായ പൂർണ്ണമായ ഒരു നവ സാമ്രാജ്യം കെട്ടിപ്പടുക്കുന്ന കാലം അതി വിദൂരത്തല്ല - ആ ഒരു പ്രതീക്ഷ മാത്രം വേണ്ട. നമുക്കൊക്കെ അതു വ്യക്തവുമാണ്.ഈ ലേഖനത്തിന്റെ ഗൌരവം ആ ഒരു സെന്റൻസിൽ നഷ്ടപെടുന്നപോലെ ഫീൽ ചെയ്തു.. (അമ്പിളിമാമൻ താഴെയ്ക്കു വരുമ്പോൾ പിടിയ്കാമല്ലൊ എന്നു മോഹിക്കുന്ന പോലെ)<<

    പ്രതികരണ ശേഷിയുള്ള സമൂഹം ഉണ്ടായിക്കൊണ്ടിരിക്കുന്നു..
    ബ്ലോഗിലൂടെയും ഫെയ്സ്ബുക്കിലൂടെയും അവര്‍ തങ്ങളുടെ ശബ്ദമുയര്‍ത്തുന്നു..ഒരര്‍ഥത്തില്‍ ജാനകിയും.

    @നാമൂസ് :ഈ എഴുത്തിനേക്കാള്‍ ശക്തി ഈ വരികള്‍ക്കുണ്ട് .. നന്ദി

    @കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി:
    പാകപ്പിഴവുകള്‍ ഏറെയുണ്ട്.
    ഒന്ന് തേച്ചു മിനുക്കിയാല്‍ മതി..ശരിയാവും.

    ReplyDelete
  12. കാലിക പ്രസക്തിയുള്ള ഒരു പോസ്റ്റ്..ശക്തമായ വരികള്‍ .. അഭിനന്ദനങ്ങള്‍

    ReplyDelete
  13. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരങ്ങളുടെ മൂർച്ച നഷ്ടപ്പെടുതിയ ഗാന്ധി.....

    ഭഗത് സിംഗിനെ അംഗീകരിയ്ക്കാനാണെനിയ്ക്കിഷ്ടം....
    ചോരയ്ക്കുചോരയും അടിച്ചമർത്തലിന് തിരിച്ചൊരടിച്ചമർത്തലും നിശ്ചയം...

    വാല്യക്കാരന്റെ നല്ല പോസ്റ്റിന് അഭിവാദ്യങ്ങളോടെ....
    കവലയിൽ നാവു കൊണ്ട് യുദ്ധം നടത്താത്ത നട്ടെല്ലു പണയം വെയ്ക്കാത്ത ചോരയുട് ചൂടും ചുവപ്പും നഷ്ടപ്പെടാത്ത ഒരു കൂട്ടുകാരൻ.

    ReplyDelete
  14. വളരെ നല്ല പോസ്റ്റ്..യഥാര്‍ത്ഥത്തില്‍ നമുക്ക് സ്വാതന്ത്ര്യം വേണ്ടത് ഇപ്പൊഴത്തെ ദുഷിച്ചു നാറിയ വ്യവസ്ഥിതിയില്‍ നിന്നുമാണ്.പത്തറുപത് കൊല്ലം മുമ്പേ അനവസരത്തില്‍ പിടിച്ചുമേടിക്കപ്പെട്ട സ്വാതന്ത്ര്യം കൊണ്ടെന്തു ഗുണമാണുണ്ടായത്....ഉള്ളവന്‍ കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലേയ്ക്കുപോയി...ഇല്ലാത്തവനോ...

    ReplyDelete
  15. സ്വാതന്ത്ര്യദിന ആശംസകള്‍

    ReplyDelete
  16. "ഭാരതമെന്ന പേര്‍ കേട്ടാല-
    ഭിമാനപൂരിതമാകണമന്തരംഗം
    കേരളമെന്നു കേട്ടാലോ തിളക്കണം
    ചോര നമുക്കു ഞരമ്പുകളില്‍.."

    ബഹുമാന്യ കവേ..
    തങ്കം പോലോത്ത ഈ അക്ഷരങ്ങള്‍
    ഞങ്ങളിനി എന്ത് ചെയ്യണം..?
    കൂട്ടിയിട്ട് കത്തിച്ച് ചാരമാക്കണോ
    അതോ, വാരിയെടുത്ത് അറബിക്കടലിലെറിയണോ..?

    പരലോകത്തിലെ ചാരുപടിയിലിരുന്ന്
    അങ്ങ് കാണുന്നില്ലേ ഈ "അഭിമാന ഇന്ത്യ" യെ..?
    അഴിമതി-താഡന-പീഡനങ്ങളാല്‍ ഭ്രാന്തിയായി മാറിയ
    "ദൈവത്തിന്‍റെ തരവാട്ടുപുര"യായ ഈ
    കേരള'സുന്ദരി'യെ നിങ്ങള്‍ ഓര്‍ക്കാറില്ലേ..?
    അഭിമാനത്തിന്‍റെ ആവേശത്തേരിലിരുന്ന്
    ഇന്നലെകളിലെ ഭാരതമണ്ണിന്‍റെ സൌരഭ്യത്തെ പറ്റി
    അങ്ങ് കുറിച്ചിട്ട ഈ വാക്കുകള്‍ പോലും
    ഇന്നത്തെ അതിന്‍റെ ദുരവസ്ഥ ഓര്‍ത്ത്‌ ഇപ്പോള്‍ ലജ്ജിക്കുന്നുണ്ടാകും..

    പ്രിയ കവേ..
    ക്ഷമിക്കണം..
    അങ്ങയുടെ ഈ വീര്യം വറ്റാത്ത അക്ഷരങ്ങള്‍
    ഉണങ്ങി വരണ്ട ഈ പുസ്തകത്താളില്‍ നിന്ന് ഞങ്ങള്‍ പെറുക്കിയെടുക്കട്ടെ..
    അവയെ ഒരു ചില്ലുകൂട്ടിലാക്കി പഴയ നാണയങ്ങളും സ്റാമ്പുകളുമെല്ലാം
    കൂട്ടിവെച്ച ഏതെന്കിലും മ്യൂസിയത്തില്‍ കൊണ്ടുവെക്കട്ടെ..
    നാളെ നമ്മുടെ പേരമക്കള്‍ക്ക്‌ ചൂണ്ടികാണിച്ചു കൊടുക്കാലോ, ഈ ഭാരതത്തിന്‍റെഇന്നലെകളുടെ കരിഞ്ഞ സ്വപ്നങ്ങളെ, പുലരാത്ത കിനാക്കളെ..

    നന്ദി.. മുബഷിര്‍..
    കെട്ടുപോയ ചില വികാരത്തിരികളെ വീണ്ടും
    ഊതിക്കത്തിക്കാന്‍ ശ്രമിച്ചതിന്...

    ReplyDelete
  17. ഒരു സത്യം പറയാം. ഇത്തരം പോസ്റ്റുകളോട് എന്തോ വലിയ മതിപ്പ് തോന്നാറില്ല. എഴുതാന്‍‍ വേണ്ടി ഒരു വിഷയം, അതും സ്വാതന്ത്ര്യദിനം അടുത്തിരിക്കുന്ന ഈ അവസരം ഉപയോഗപെടുത്തുക എന്നൊരു ഉദ്ദേശം മാത്രമായിട്ടേ തോന്നിയുള്ളൂ.

    പാപ്പികുഞ്ഞിന്‍‍റെ എഴുത്തിന്‍‍റെ ശൈലി നന്നായി ഇഷ്ടപെട്ടു. വിപ്ലവവീര്യം പാപ്പികുഞ്ഞിലുണ്ടെന്നറിയുന്നു. ക്രിയാത്മകമായി പുറത്തുവരട്ടെ എന്നാശംസിക്കുന്നു. ചിലഓര്‍മ്മപെടുത്തലുകളും നന്നായി.

    ഭാവുകങ്ങള്‍‍!

    ReplyDelete
  18. ഗാന്ധിയും നെഹ്രുവോന്നും ഇവിടെ ഉണ്ടായിരുന്നിലെ എന്ന്‍ തോന്നും ഇന്നത്തെ ഇന്നിനെ കണ്ടാല്‍ ! ഇന്നലെകള്‍ എന്നൊന്ന്‍ ഉണ്ടായിരിന്നുവൂ എന്ന്‍ സംശയമാണ് ഇന്നിന്റെ ചരിത്രം വായിച്ചാല്‍ ! ഗാന്ധി തലയുള്ള നോട്ടുകള്‍ അഴിമതിയുടെ റെഡ് ബാങ്കില്‍ നിരന്നോഴുകുമ്പോള്‍ ഗാന്ധിസം ഇവിടെ തന്നെയായിരുന്നോ എന്ന ഭയപ്പെടുത്തുന്ന ശങ്കയാണ് നമുക്ക് ! നാം മാറേണ്ടിയിരിക്കുന്നു ! മാറ്റത്തിന്‍ കൊടി പിടിക്കെണ്ടിയിരിക്കുന്നു !

    ReplyDelete
  19. ഇപ്പോള്‍ ഇതൊക്കെയോര്മ്മിപ്പിച്ചതിന് നന്ദി.

    സ്വാതന്ത്ര്യദിന ആശംസകള്‍!

    ReplyDelete
  20. കാലികപ്രസക്തിയുള്ള ലേഖനം. സ്വാതന്ത്ര്യത്തിന്റെ ആറു ദശാബ്ദങ്ങൾ പിന്നിട്ടിരിക്കുന്നു നാം, ഇനിയെങ്കിലും അതിന്റെ മഹത്വം മനസ്സിലാക്കിയില്ലെങ്കിൽ അത് തീർച്ചയായും ഗാന്ധിയോട് ചെയ്യുന്ന അനീതി തന്നെയാണു.

    ReplyDelete
  21. nannaitundu!!!!!!
    welcome to my blog
    blosomdreams.blogspot.com
    if u like it follow and support me!

    ReplyDelete
  22. ഗാന്ധീ..അങ്ങയുടെ രാജ്യം ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്.. അസ്സലായി ! നല്ലൊരു പോസ്റ്റ്. അഭിനന്ദനങ്ങള്‍ പാപ്പിക്കുഞ്ഞേ .....

    ReplyDelete
  23. സ്വാതന്ത്ര്യദിനാശംസകൾ!!

    ReplyDelete
  24. ടൈറ്റിലില്‍ തന്നെ ഒരു പ്രത്യേകത!! ജീവിക്കാനുള്ള മാനുഷിക നീതി നേടിത്തന്ന വ്യക്തിക്ക് തന്നെ അത് നിഷേധിക്കപ്പെട്ടു എന്നതില്‍ തന്നെ തുടങ്ങുന്നു സ്വതന്ത്ര ഭാരതത്തിന്റെ നീതി നിഷേധം. സര്‍ഗാത്മകമായ പൊട്ടിത്തെറികള്‍ കാലം കാത്ത്തിരിക്കുന്നുവെങ്കില്‍ അതും നടന്നെ പറ്റു.. ആശംസകള്‍..

    ReplyDelete
  25. ക്ഷുഭിത യൗവ്വനക്കാരന് ആശംസകള്‍!

    ReplyDelete
  26. പൂര്‍ണതയിലെത്തത്ത സ്വാതത്ര്യം ആഘോഷിക്കുന്ന ഭാരത സമൂഹത്തിനു നേരെ ഈ വരികള്‍ ഒരു ചാട്ടുളി ആണ് ഇതിനു താഴെ ഒരു കയ്യൊപ്പ് നിറഞ്ഞ മനസ്സോടെ ചാര്ത്തട്ടെ

    ReplyDelete
  27. ഈ പോസ്റ്റ് യഥാസമയം കാണാതെ പോയല്ലോ! പൊതുജനമെന്ന ജനറല്‍ കാറ്റഗറിക്ക് പരിതപിക്കാനും ധാര്‍മ്മികരോഷം കൊള്ളാനുമല്ലാതെ ഒന്നും കഴിയുന്നില്ലല്ലോ! രാഷ്റ്റ്രീയം വമിപ്പിക്കുന്ന അഴിമതിയുടെ ദുര്‍ഗന്ധവും വികസനമെന്ന പേരില്‍ നാട്ടപ്പെടുന്ന തിന്മയുടെ നിര്‍മ്മാണശാലകളും ഒരു സംസ്കാരത്തെയല്ല ഒരു ജനതയുടെ സ്വപ്നങ്ങളെയാണ് തല്ലിക്കെടുത്തിക്കളയുന്നത്. വളര്‍ന്നു വരുന്ന തലമുറക്ക് ദേശസ്നേഹവും സഹിഷ്ണുതയും സദാചാരബോധവും നമുക്ക് പകര്‍ന്ന് കൊടുക്കാം, ഉപദേശങ്ങളിലല്ല, നമ്മുടെ ജീവിതത്തില്‍ കാണിച്ചുകൊണ്ട്, അവരത് പകര്‍ത്തട്ടെ. നന്മ നട്ടുമുളപ്പിക്കേണ്ടത് നമ്മുടെ കുടുംബങ്ങളില്‍ നിന്നാണ്.
    മുബഷിറിന്റെ ഈ പോസ്റ്റ് ഏതെങ്കിലും നല്ല ഒരു പ്രസിദ്ധീകരണത്തില്‍ അച്ചടിച്ച് വരാന്‍ സര്‍‌വ്വതാ യോഗ്യമാണ്.

    ReplyDelete
  28. ഗാന്ധീ..അങ്ങയുടെ രാജ്യം ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്.............. നല്ല പോസ്റ്റ്

    ReplyDelete
  29. വാല്യക്കാരാ, വളരെ നല്ല പോസ്റ്റ്. ഈ കാരണത്താല്‍ത്തന്നെയാണ് ഫേസ് ബുക്കില്‍ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന ഒരു പ്രമുഖ എഴുത്തുകാരന്റെ പോസ്റ്റില്‍ ഞാന്‍ തിരിച്ച് ഇങ്ങനെ ചോദിച്ചത് 'സത്യത്തില്‍ നമ്മള്‍ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ടോ?" എന്ന്. ഒരിക്കലും ചുറ്റും നടക്കുന്നത് നോക്കരുതെന്നാണ് എന്റെ അഭിപ്രായം. നോക്കണമെന്നുള്ളവര്‍ ഒരു വിപ്ലവകാരിയാകാനും തയ്യാറാകണം. അല്ലെങ്കില്‍ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയുണ്ടാകും നിങ്ങള്‍ക്ക്.

    ReplyDelete
  30. ഇത് ഗാന്ധിയുടെ രാജ്യമായിരുന്നില്ല. അപ്പോൾ പിന്നെ.....

    ReplyDelete
  31. അഭിനന്ദനങ്ങള്‍

    ReplyDelete

താങ്കളുടെ ഒരു അടയാളപ്പെടുത്തല്‍ കൂടി അവശേഷിക്കുന്നു..