Wednesday, July 13, 2011

ചിറകു മുളക്കാനനുവദിക്കാതെ..

വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ആ മുഖമെന്റെ മനസ്സില്‍ നിന്നും മായുന്നില്ല. 
ഓര്‍ക്കരുതേ മനമേ എന്ന് സ്വന്തം കാതില്‍ എത്രയോതിയിട്ടും ആ തേങ്ങലെന്നെ വിട്ടു പിരിയുന്നില്ല. 
അവന്‍ തന്ന അനുഭവവും നീറ്റലും മനസ്സില്‍ വരച്ചിടുന്നത് നുറുങ്ങുന്നൊരു നോവാണ്. 

ചെറിയ കുട്ടിയായിരുന്നു അവന്‍. കുസൃതിക്കൊട്ടും കുറവില്ലാത്തവന്‍..
പബ്ലിക് സ്കൂളിന്റെ ഇത്തിരിപ്പോന്ന ഗ്രൗണ്ടില്‍ മുഴുവന്‍ കാല്‍ പതിയണമെന്ന കുട്ടിബോധം കൊണ്ടാവും ഗ്രൌണ്ട് മുഴുവന്‍ ഓടുമായിരുന്നു അവന്‍. സ്കൂളിന്റെ ഡിക്ഷ്ണറിയില്‍ പൊട്ടിപ്പൊരിച്ചില്‍ എന്നാല്‍ അര്‍ഥം അവനായിരുന്നു. 


കഴുത്തിലിട്ട് നടക്കാന്‍ ചെമന്ന കളറുള്ള വാട്ടര്‍ ബോട്ടിലുണ്ടായിരുന്നില്ല അവനു. ഉപ്പ കൊടുത്ത ഒഴിഞ്ഞ മിനറല്‍വാട്ടര്‍ കുപ്പി കയ്യില്‍ പിടിച്ചു ഉച്ചച്ചോറൊട്ടിയ ടാപ്പ് തിരിച്ചു വെള്ളം പകുതിയും പുറത്തു കളഞ്ഞു കുപ്പി നിറക്കുന്നത് കാണുമ്പോള്‍ അണ്ണാറക്കണ്ണന്‍ പേരക്ക തിന്നാന്‍ കാണിക്കുന്ന ധൃതി പോലെ തോന്നും.
ടീച്ചര്‍മാരുടെ കയ്യും പിടിച്ചു ഞാനാടാ മൂത്താപ്പയെന്ന മട്ടില്‍ നടക്കുന്നത് കാണുമ്പോള്‍ മറ്റൊരു ടോട്ടോച്ചാനാണ് മനസ്സില്‍ വരിക. 



ഒരു രാവിലെ സ്കൂളിന്റെ മുകളിലത്തെ നിലയിലെ സയന്‍സ് ലാബില്‍ നീണ്ട പരീക്ഷണ  ടേബിളിലെ അമോണിയവും സള്‍ഫ്യൂരിക്കാസിഡുമൊക്കെ മാറ്റി വച്ച് മാഗസിന്റെ അവസാന പണിയും തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് ഞാനും സുഹൃത്തുക്കളും..
വൃത്തിയാക്കിയ എഴുത്തുകളൊക്കെയും കൂട്ടിപ്പെറുക്കി കൃത്യമാക്കുന്നതിനിടെ മേശയടുത്തു കത്തിച്ചു വച്ച മെഴുകുതിരി താഴെ വീണു കെട്ടു. ഒപ്പം കുഞ്ഞനിയന്മാരെ പോന്നു പോല്‍ നോക്കുന്ന ആയയുടെ നിലവിളിയും.. 
കസേര വലിച്ചിട്ടു ശബ്ദം കേട്ടിടത്തേക്കോടി. 


വെള്ള പുതപ്പിച്ച കുഞ്ഞു ശരീരം കണ്ടു വിറങ്ങലിച്ച അവന്റെ കുഞ്ഞു പെങ്ങളുടെ ശബ്ദം ഇപ്പോഴും കാതുകളില്‍ നിന്നും മാഞ്ഞിട്ടില്ല . 
ആ നശിച്ച ദിനം സ്കൂള്‍ ബസ്സിന്റെ പിന്നാലെ ഓടുന്നതിനിടയില്‍ കല്ലില്‍ കാലു തട്ടി വീണു.
തീരെ ശ്രദ്ധയില്ലാത്ത മരണചക്രം കയറിയിറങ്ങിയത്‌ ആ കുഞ്ഞു സ്വപ്നങ്ങള്‍ക്ക് മീതെയായിരുന്നു. നിശ്ചലമായ അവന്റെ ശരീരത്തോടൊപ്പം കുറച്ചകലെ വെള്ളം നിറച്ച കുപ്പി പൊട്ടി കരയുന്നുണ്ടായിരുന്നു..


കണ്ണ് രണ്ടും പൊത്തിപ്പിടിച്ചു അധ്യാപകന്‍ പിന്നിലോട്ടു വലിച്ചപ്പോള്‍ ഞാനറിഞ്ഞില്ല, മെഴുകുതിരിയോടൊപ്പം അണഞ്ഞത് കുസൃതിയായ ഹൃദയമായിരുന്നെന്നു..
മരണമേ ..നിനക്ക് ക്രൂരത കാണിക്കാന്‍ എത്ര ക്രൂരന്മാരുണ്ടിവിടെ... ..?
എന്നിട്ടും ....!!

21 comments:

  1. നനവുകള്‍ തന്നെ. നിനവ് കണ്ണുകളെ നനയിക്കുന്ന സ്മരണകള്‍

    ReplyDelete
  2. അമാന്‍..
    നിന്നെ ഓര്‍ക്കുമ്പോള്‍ . ....
    വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും നീ തന്ന ഷോക്കില്‍ നിന്നും മാറാന്‍ എത്ര കൌണ്‍സലിംഗ് കൊണ്ടും കഴിയുന്നില്ല..

    ReplyDelete
  3. ഓര്‍മയിലെ നനവുകള്‍ ചിലപ്പോള്‍ അങ്ങനെയാണ്..
    എത്ര ഉണങ്ങിയാലും പിന്നെയും നനഞ്ഞു കൊണ്ടേയിരിക്കും..

    കണ്ണിമാങ്ങകള്‍ കൊഴിയുന്ന പോലെ നമ്മുടെ കുഞ്ഞികുസൃതികള്‍
    എത്രയാണ് ഓരോ ദിവസവും പൊഴിഞ്ഞു തീരുന്നത്..
    റോഡിലും തോടിലും കുളത്തിലും കഴത്തിലും അറിയാതെ ചിലര്‍ പൊലിഞ്ഞു പോകുമ്പോള്‍ കണ്ണിലെ കരുണ വറ്റിയ കാമവെറിയന്‍മാരുടെ കാപലികതക്ക് ഇരയാകുന്ന എത്രയോ കുരുന്നുകള്‍..!!
    മനസ്സിലെ സ്വപ്‌നങ്ങള്‍ തകര്‍ന്നടിഞ്ഞ എത്രയെത്ര മാതാപിതാക്കള്‍..?
    സന്തോഷത്തിന്‍റെ വിളക്കണഞ്ഞ എത്രയെത്ര വീടുകള്‍..?
    കണ്ണീര്‍ മഴകള്‍ തോരാത്ത എത്രയെത്ര നാടുകള്‍..?

    പ്രിയപ്പെട്ട അമാന്‍..
    ഇവിടെ നിനൂടൊപ്പം ഞങ്ങള്‍ സ്മരിക്കുന്നു..
    ഇന്നലെകളില്‍ പെയ്തതോര്‍ന്ന ആ ചാറ്റല്‍ മഴകളെ.
    മണ്ണണഞ്ഞ കുരുന്നു കുസൃതികളെ...

    ReplyDelete
  4. ടച്ചിംഗ്.. ചെറിയ അശ്രദ്ധകൾ വരുത്തുന്ന വിന

    ReplyDelete
  5. നൊമ്പരങ്ങള്‍ മാത്രം ബാക്കി അവന്‍ പോയെങ്കിലും ഈ എയുത്തിലൂടെ അവന്‍ പുനര്‍ജനിച്ചു

    കൊതിച്ചതല്ലലോ വിധിച്ചതല്ലേ നടക്കുക അങ്ങനെ സമാധാനിക്കാം

    ReplyDelete
  6. നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍..

    ReplyDelete
  7. onnu potti karayatte ...njan...ente fathima mole businte rabdu chakrangal kidayil kanda aa nimisham ......

    ReplyDelete
  8. ഓര്‍മ്മകള്‍ നൊമ്പരപ്പെടുത്തുന്നു..

    ReplyDelete
  9. മരണമേ ..നിനക്ക് ക്രൂരത കാണിക്കാന്‍ എത്ര ക്രൂരന്മാരുണ്ടിവിടെ...?
    എന്നിട്ടും ....!! നൊമ്പരപ്പെടുത്തി...

    ReplyDelete
  10. പ്രാര്‍ത്ഥന മാത്രം... അമാന്‍.

    ReplyDelete
  11. മുറിവുണങ്ങാതെ ചോര കിനിഞ്ഞുകൊണ്ടിരിക്കുന്ന ഓര്‍മ്മകള്‍ .

    ReplyDelete
  12. കാലം എല്ലാ മുറിവുകളും മായ്ക്കും
    എന്ന്‌ പ്രതീക്ഷിക്കാം

    ReplyDelete
  13. മറവി ഒരനുഗ്രഹമാണ് പ്രത്യേഗിച്ചും ഇത്തരം ഓര്‍മകള്‍ക്ക്‌

    ReplyDelete
  14. മുറിവുണങ്ങാതെ ഓര്‍മ്മകള്‍ !

    ReplyDelete
  15. ഹ്മം....
    ‘ചിറകു മുളക്കാനനുവദിക്കാതെ..‘ നൊമ്പരം പകര്‍ന്നു.

    പ്രാര്‍‍ത്ഥനകള്‍!

    ReplyDelete
  16. മരണം രംഗ ബോധമില്ലാത്ത ഒരു കോമാളി ആണെന്ന് പറഞ്ഞത് എത്ര ശരി !!

    ReplyDelete
  17. കണ്ണീർപ്പൂക്കൾ......

    ReplyDelete
  18. മരണമേ ..നിനക്ക് ക്രൂരത കാണിക്കാന്‍ എത്ര ക്രൂരന്മാരുണ്ടിവിടെ... ..?

    ReplyDelete
  19. കരയിപ്പിച്ചു.എനിക്ക് ഇഷ്ട്ടായി.

    ReplyDelete
  20. തറവാട് വക ഇന്ത്യ! വാല്യക്കാരന്‍ - 23 മണിക്കൂര്‍ മുമ്പ് ല്‍ വാല്യക്കാരന്‍.. പോസ്റ്റ് ചെയ്തത്

    ഇതെവ്ടെ പോയി? വന്നു നോക്കിയപ്പൊ കാണുന്നില്ല!

    ReplyDelete

താങ്കളുടെ ഒരു അടയാളപ്പെടുത്തല്‍ കൂടി അവശേഷിക്കുന്നു..