Tuesday, July 26, 2011

ഈ ജന്മം കൊണ്ടിത്രയെങ്കിലും..

ബസ്സിലെ ജനലുകള്‍ക്കിടയിലൂടെ ഓര്‍മ്മകള്‍ തികട്ടി വന്നു.
ആ നനവുകളാണ് അപ്പുവിന്റെ വീട്ടിലേക്കു പോകാന്‍ പ്രേരണയാകുന്നത്..

അപ്പുവിനെ ഞാന്‍ കാണുന്നത് കറുത്ത ചുമരുകള്‍ക്കിടയിലെ ചവറ്റുകൂനകള്‍ക്ക് നടുവില്‍ നിന്നല്ല.
കണ്ണുകളില്ലാത്ത അവനു, ചുറ്റും അങ്ങനെയാണ് താനും.. 
കണ്ണടച്ച് കിടക്കുമ്പോള്‍ വെളിച്ചം കയറുന്ന കണ്‍പോളകള്‍ക്കുള്ളിലെ നിറം മങ്ങിയ ഞരമ്പുകള്‍ കണ്ടിട്ടില്ലേ?.. 
അത്രയെങ്കിലും ഓര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അവനാരെയും പഴിക്കില്ലായിരുന്നു.. 
ഭംഗിയാര്‍ന്ന കൃഷ്ണ മണികള്‍ ജന്മമെടുക്കേണ്ടിടത്തു ഇരുളടഞ്ഞ കുഴികള്‍ മാത്രം തന്ന ദൈവത്തോടല്ലായിരുന്നു അവനു പുച്ഛം... 
'വഴിവക്കിലെ വന്മരം സഞ്ചാരികള്‍ക്ക് തണലിനു പകരം വെയില്‍ നല്‍കിയിരുന്നെങ്കില്‍ എത്ര മരങ്ങളാണ് പഴി കേള്‍ക്കേണ്ടി വരിക..'
അച്ഛനോടുള്ള ദേഷ്യം അങ്ങനെയാണവന്‍ പറഞ്ഞു തീര്‍ത്തത്.. 

'കാഴ്ചയില്ലാത്ത ഞാന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ അപമാനിതയായ എന്റെ അമ്മക്കൊരു കൂടുണ്ടാകുമായിരുന്നു..കണ്ണുകളില്ലാതെ ജന്മമെടുത്ത ഞാനാണ് അമ്മയില്‍ നിന്നും അച്ഛന്‍ വേര്‍പ്പെടാന്‍ കാരണം..'''

പിന്നെയും അവനെന്തോക്കെയോ പറഞ്ഞു..തന്റെ സ്വപ്നങ്ങളെപ്പറ്റി..
കണ്ണില്ലാത്തവന്റെ സ്വപ്നങ്ങള്‍ക്ക് കണ്ണുള്ളവന്റെയത്ര ഭംഗിയുണ്ടാകുമോ??

ഉമ്മറപ്പടിയിലെ ചെളി നിറഞ്ഞ ചെങ്കല്ലില്‍ ഒരാളുടെയും സഹായമില്ലാതെ അന്ധനായ അപ്പു കയറി നില്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു ആഹ്ലാദം അവനിലുണ്ടെന്നു തോന്നി..
അപ്പു പറഞ്ഞു തീര്‍ത്തതത്രയും സ്നേഹമില്ലാത്ത തന്റെ അച്ഛനെക്കുറിച്ചായിരുന്നു..
ഒപ്പം ചെറുപ്പത്തിലേ സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിക്കുന്നൊരമ്മയെക്കുറിച്ചും ..
തന്റെ മനസ്സിലെ മൗനം മഴയില്‍ കുതിര്‍ന്ന ചെങ്കല്ലില്‍ കൂടി വേഗത്തില്‍ കാലുകളില്‍ പടര്‍ന്നതു കൊണ്ടാവാം അവന്റെ നനുത്ത കരങ്ങള്‍ക്കിത്രയധികം ചുവപ്പ് എന്നെനിക്കു തോന്നി...

വര്‍ഷങ്ങള്‍ക്കു ശേഷമിന്നൊരു ഒഴിവു ദിവസത്തില്‍ വീണ്ടും അവന്റെ  അടുത്തെക്കൊന്നു പോകണമെന്ന് തോന്നി...
വേണം..
അവന്റെ സ്വപ്‌നങ്ങള്‍ സഫലമായോ എന്നറിയണം...

ബസ്സിലിരിക്കുമ്പോള്‍ പിന്നിലേക്ക്‌ കുതിക്കുന്ന മരങ്ങള്‍ അസഹ്യമായി തോന്നിയതേയില്ല..
മരങ്ങളെപ്പറ്റി  അവന്‍ പറഞ്ഞ വാക്കുകളോരോന്നും ഓര്‍മ്മയില്‍ കുരുങ്ങി നിന്നു..  
വെയിലേറ്റുവാങ്ങി തണല്‍ നല്‍കുന്ന മരങ്ങളെപ്പറ്റി.. 
തണല്‍ മുറിച്ചു മാറ്റുന്ന കോടാലികളെക്കുറിച്ച് .. 

ഇപ്പോള്‍ ആ പഴയ വള്ളിക്കുടില്‍ നിന്നിടത്തൊരു സുന്ദരമായ ഭവനം.
സ്നേഹ നിധിയായ ആ അമ്മയും പുഞ്ചിരി തൂകി ടൈല്‍ പാകിയ  ഉമ്മറപ്പടിയില്‍ നില്‍ക്കുന്നു.
സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിക്കുകയാണവനും അമ്മയും ആ വീടും...

വരണ്ട മണ്ണില്‍ നിന്നും അവനെന്നെ കൊണ്ട് പോയത് ചാലിയാറിന്റെ മണലിലേക്കാണ് .
തീരത്തു ഓരത്തുള്ളോരു ചെങ്കല്ലില്‍ ചവിട്ടി അവന്‍ നിന്നു.
എന്തിനാണ് നീ എപ്പോഴും ചെങ്കല്ലുകളില്‍ ചവിട്ടി നില്‍ക്കുന്നത്.
നേര്‍ത്തൊരു ചിരിയോടെ അവനതിന്റെ ഉത്തരവും പറഞ്ഞു..
'ഇതെന്റെ അച്ഛനാണ്...അച്ഛനാണ്...'''

അമ്മയെ ഉപേക്ഷിച്ചു വേറൊരു കൂട് തേടി പോയ അച്ഛനോടുള്ള അവന്റെ ദേഷ്യത്തിന് വര്‍ഷങ്ങള്‍ക്കു ശേഷവും ഒരു കുറവും വരാത്തതില്‍ ഒരു അത്ഭുതവും തോന്നിയില്ല.

ചാലിയാറില്‍ ഇളം പച്ചനിറത്തില്‍ അടിത്തട്ടു വരെ പളുങ്ക് പാത്രം പോലെ വെള്ളം..
വഴുക്കൊട്ടിയ കല്ലുകള്‍ക്ക് മീതെ നീല മത്സ്യങ്ങള്‍ കഥകള്‍ പറഞ്ഞൊഴുക്കിനെതിരേ നീന്തിക്കൊണ്ടിരിക്കുന്നു ..!!


'ഞാന്‍....
രക്തസാക്ഷിയല്ലിന്നു...
ഒഴുക്കിനെതിരെ നീന്തിക്കൊണ്ടിരിക്കുന്ന നീല മത്സ്യത്തെ കണ്ടില്ലേ നീ...
അതുപോലെ...
സ്വപ്‌നങ്ങള്‍ തന്നതാണെനീക്കീ പ്രപഞ്ചം...
എന്റെ പരിശ്രമം..അതാണെല്ലാം നേടിയത്..
ഈ ലോകം എന്റേത് കൂടിയാണെന്ന് ഞാന്‍ തെളിയിച്ചു കഴിഞ്ഞു .''''

ചാലിയാറിനെ സാക്ഷി നിര്‍ത്തി, വായുവില്‍ തട്ടി വിജയിയായ കണ്ണ്പൊട്ടന്റെ ആ ശബ്ദം ജ്വലിച്ചു നിന്നു...

Wednesday, July 13, 2011

ചിറകു മുളക്കാനനുവദിക്കാതെ..

വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ആ മുഖമെന്റെ മനസ്സില്‍ നിന്നും മായുന്നില്ല. 
ഓര്‍ക്കരുതേ മനമേ എന്ന് സ്വന്തം കാതില്‍ എത്രയോതിയിട്ടും ആ തേങ്ങലെന്നെ വിട്ടു പിരിയുന്നില്ല. 
അവന്‍ തന്ന അനുഭവവും നീറ്റലും മനസ്സില്‍ വരച്ചിടുന്നത് നുറുങ്ങുന്നൊരു നോവാണ്. 

ചെറിയ കുട്ടിയായിരുന്നു അവന്‍. കുസൃതിക്കൊട്ടും കുറവില്ലാത്തവന്‍..
പബ്ലിക് സ്കൂളിന്റെ ഇത്തിരിപ്പോന്ന ഗ്രൗണ്ടില്‍ മുഴുവന്‍ കാല്‍ പതിയണമെന്ന കുട്ടിബോധം കൊണ്ടാവും ഗ്രൌണ്ട് മുഴുവന്‍ ഓടുമായിരുന്നു അവന്‍. സ്കൂളിന്റെ ഡിക്ഷ്ണറിയില്‍ പൊട്ടിപ്പൊരിച്ചില്‍ എന്നാല്‍ അര്‍ഥം അവനായിരുന്നു. 


കഴുത്തിലിട്ട് നടക്കാന്‍ ചെമന്ന കളറുള്ള വാട്ടര്‍ ബോട്ടിലുണ്ടായിരുന്നില്ല അവനു. ഉപ്പ കൊടുത്ത ഒഴിഞ്ഞ മിനറല്‍വാട്ടര്‍ കുപ്പി കയ്യില്‍ പിടിച്ചു ഉച്ചച്ചോറൊട്ടിയ ടാപ്പ് തിരിച്ചു വെള്ളം പകുതിയും പുറത്തു കളഞ്ഞു കുപ്പി നിറക്കുന്നത് കാണുമ്പോള്‍ അണ്ണാറക്കണ്ണന്‍ പേരക്ക തിന്നാന്‍ കാണിക്കുന്ന ധൃതി പോലെ തോന്നും.
ടീച്ചര്‍മാരുടെ കയ്യും പിടിച്ചു ഞാനാടാ മൂത്താപ്പയെന്ന മട്ടില്‍ നടക്കുന്നത് കാണുമ്പോള്‍ മറ്റൊരു ടോട്ടോച്ചാനാണ് മനസ്സില്‍ വരിക. 



ഒരു രാവിലെ സ്കൂളിന്റെ മുകളിലത്തെ നിലയിലെ സയന്‍സ് ലാബില്‍ നീണ്ട പരീക്ഷണ  ടേബിളിലെ അമോണിയവും സള്‍ഫ്യൂരിക്കാസിഡുമൊക്കെ മാറ്റി വച്ച് മാഗസിന്റെ അവസാന പണിയും തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് ഞാനും സുഹൃത്തുക്കളും..
വൃത്തിയാക്കിയ എഴുത്തുകളൊക്കെയും കൂട്ടിപ്പെറുക്കി കൃത്യമാക്കുന്നതിനിടെ മേശയടുത്തു കത്തിച്ചു വച്ച മെഴുകുതിരി താഴെ വീണു കെട്ടു. ഒപ്പം കുഞ്ഞനിയന്മാരെ പോന്നു പോല്‍ നോക്കുന്ന ആയയുടെ നിലവിളിയും.. 
കസേര വലിച്ചിട്ടു ശബ്ദം കേട്ടിടത്തേക്കോടി. 


വെള്ള പുതപ്പിച്ച കുഞ്ഞു ശരീരം കണ്ടു വിറങ്ങലിച്ച അവന്റെ കുഞ്ഞു പെങ്ങളുടെ ശബ്ദം ഇപ്പോഴും കാതുകളില്‍ നിന്നും മാഞ്ഞിട്ടില്ല . 
ആ നശിച്ച ദിനം സ്കൂള്‍ ബസ്സിന്റെ പിന്നാലെ ഓടുന്നതിനിടയില്‍ കല്ലില്‍ കാലു തട്ടി വീണു.
തീരെ ശ്രദ്ധയില്ലാത്ത മരണചക്രം കയറിയിറങ്ങിയത്‌ ആ കുഞ്ഞു സ്വപ്നങ്ങള്‍ക്ക് മീതെയായിരുന്നു. നിശ്ചലമായ അവന്റെ ശരീരത്തോടൊപ്പം കുറച്ചകലെ വെള്ളം നിറച്ച കുപ്പി പൊട്ടി കരയുന്നുണ്ടായിരുന്നു..


കണ്ണ് രണ്ടും പൊത്തിപ്പിടിച്ചു അധ്യാപകന്‍ പിന്നിലോട്ടു വലിച്ചപ്പോള്‍ ഞാനറിഞ്ഞില്ല, മെഴുകുതിരിയോടൊപ്പം അണഞ്ഞത് കുസൃതിയായ ഹൃദയമായിരുന്നെന്നു..
മരണമേ ..നിനക്ക് ക്രൂരത കാണിക്കാന്‍ എത്ര ക്രൂരന്മാരുണ്ടിവിടെ... ..?
എന്നിട്ടും ....!!

Monday, July 11, 2011

ദുബായിക്കാരന്‍

ഏറെ നാളുകള്‍ക്ക് ശേഷമാണ് പാറു ആങ്ങളയെ  കാണുന്നത്.

പെന്നും പെന്‍സിലുമൊന്നും വേണ്ട. കാര്യായിട്ട് തടിക്ക്  പിടിക്കുന്ന എന്തങ്കിലും വേണം .
ദുബായി മണം ദേഹത്ത് പതിയാന്‍ ആങ്ങളയെ ആശ്ലേഷിക്കുമ്പോഴും പാറു നോക്കിയത് പെട്ടിയിലേക്കാണ്. പെട്ടിയില്‍ കണ്ണ് വീഴുമ്പോള്‍ അവളുടെ പള്ള തവളയുടെ പള്ള വികസിക്കുന്നത് പോലെ വികസിക്കുകയും ചുങ്ങുകയും ചെയ്തു.

ആഞ്ഞടിക്കുന്ന കൊടുങ്കാറ്റും കോരിച്ചൊരിയുന്ന മഴയും കതിനാ വെടി പോലെ ഇടിയും  ജനാലകളെ കൊട്ടിയടച്ചു.
ഒരു ദിവസം പോലും ഈ വീട്ടില്‍ ഞാന്‍ തങ്ങിയിട്ടില്ല. ഇന്ന് എന്നോട് നിന്നോളാന്‍ പറഞ്ഞു. പായില്‍ ഉറക്കം വരാന്‍ വേണ്ടി കിടക്കുമ്പോള്‍ പാറു നന്നായി   ആലോചിച്ചു,,ചിന്തിച്ചു... 
വന്നിട്ടിത് വരെ ഒരു ചായയല്ലാതെ അന്തിക്കൊരു ചോറ് കൂട്ടാന്‍ പോലും ആങ്ങളയുടെ പെണ്ണുമ്പിള്ളയുടെ അടുത്തൂന്നു  കിട്ടീല. കുട്ട്യോള്‍ക്ക് കൊടുക്കാന്‍ മുട്ടായി പോലും  തന്നീല്ല.

അന്തമില്ലാതെ അന്തിപ്പാതിരക്ക് കള്ളുകുടിയന്‍ ഭര്‍ത്താവ് കേറി വരുന്നതു ശീലമുള്ളത് കൊണ്ട് പാറുവിനു നല്ല ഉറക്ക ബോധമുണ്ടായിരുന്നു. ചെവിയില്‍ നിന്നല്‍പ്പം അകലെ സ്വന്തം കാലില്‍ പാദസരം കിലുങ്ങുന്ന ശബ്ദം മഴയുടെ താളത്തോടൊപ്പം പാറു കേട്ടു..

'ആരെടാ  അത് ..' 

മറിച്ചൊന്നും ഉരിയാട്ടമില്ല.
കള്ളുകുടിച്ചു  'മിച്ചം വെച്ച കാശ് കൊണ്ട് ഭര്‍ത്താവ് വാങ്ങി തന്ന പത്തു രൂപാ ടോര്‍ച്ചു' കൊണ്ട് മുഖത്തേക്കടിച്ചപ്പോള്‍ ബ്രൈറ്റ്ലൈറ്റ് ടോര്‍ച്ചു പോലെ മിനുങ്ങാത്ത വെളിച്ചം പാദസരക്കള്ളനെ കാണിച്ചു തന്നു.

വേറാരുമല്ല..,
പൊന്നാങ്ങള തന്നെ..

ആങ്ങള വീട്ടില്‍ നില്‍ക്കാന്‍ പറഞ്ഞതിന്റെ കാരണം കാല്‍ക്കാശിനു വകയില്ലാത്തത് കൊണ്ടാണെന്ന് പാറു ഞെട്ടലോടെ അറിഞ്ഞു...