കാശുമാവിന്‍ തോട്ടത്തിന്റെ ഇടയിലൂടെ കുത്തനെയുള്ള ചെരിവിറക്കം നേരെ ചെന്നിറങ്ങുന്നത് പത്തിരുപത്തഞ്ചു കൊച്ചു കൂരകളുള്ള ഒരു കോളനിയിലേക്കാണ്.ഒരു മഴക്കാലം വന്നാല്‍ വെള്ളം കുത്തിയൊലിച്ചു ഒരു പക്ഷെ എല്ലാം കഴിയുന്ന മട്ടില്‍ താഴ്ച്ചയുണ്ട് ആ കോളനിക്കെന്നു തോന്നി.
കശുമാങ്ങയുടെ ഭംഗിയോ സൗന്ദര്യമോ ഇപ്പോള്‍ ഇല്ല.
കയ്യിലുള്ളത് ഇറച്ചിപ്പൊതിയാണെന്ന് കരുതിയാവണം ഒരു നായ്ക്കൂട്ടം ചുറ്റും കൂടി. ഭയന്ന് പിറകോട്ടു നീങ്ങിയപ്പോള്‍ വെറ്റിലക്കറ പുരണ്ട പല്ലുമായി പിറകില്‍ ഒരു വല്യമ്മ..
നേര്‍ത്തൊരു പുഞ്ചിരിയോടെ വല്യമ്മ ഞങ്ങള്‍ക്കരികില്‍ നിന്ന് ചോദിച്ചു.
'എന്താ മോനെ പൊതിയില്‍??'
അതിത്തിരി പുസ്തകങ്ങളാണ് അമ്മാ..
ആര്‍ക്കാ..??...
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നീല നിറം പിടിപ്പിച്ച ഒരു ട്ടാര്‍പ്പായ കൊണ്ട് മെടഞ്ഞ കുടിലിലേക്ക് ചൂണ്ടി പറഞ്ഞു
'അവിടേക്കാ.. ..'
അഴഞ്ഞു പിടിച്ച പൊതിയില്‍ കൈ നീട്ടി മുറുക്കിപ്പിടിച്ചു വല്യമ്മ ചോദിച്ച ചോദ്യം തെല്ലു വിഷമിപ്പിച്ചു.
'അപ്പൊ ഞങ്ങളെ കുട്ട്യോള്‍ക്കൊന്നുമില്ലേ മോനെ..'
മറുപടി പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല ഞങ്ങള്‍ രണ്ടു പേര്‍ക്കും.
കരഞ്ഞു കലങ്ങിയ കണ്ണുകളുള്ള ഒരു പെണ്‍കുട്ടി. ഒപ്പം ബുദ്ധിക്കു സ്ഥിരതയുണ്ടെന്നു തോന്നാത്ത യുവതി നാറിയൊരു പാത്രത്തില്‍ ചോറുമായി ചിരിച്ചു കൊണ്ട് നില്‍ക്കുന്നു. പാത്രത്തില്‍ നിന്ന് ചോറെടുത്ത് ഇത്തിരി വായിലിട്ട ശേഷം ബാക്കി പാത്രത്തോടെ തന്നെ നായ്ക്കള്‍ക്ക് വെച്ചു കൊടുത്തു.
ജീവിതത്തില്‍ എപ്പോഴെങ്കിലും അഹങ്കാരം കൂടുന്നു എന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ നിങ്ങള്‍ പോകേണ്ടത് ഇവിടങ്ങളിലെക്കാണ്.
മുന്നൂറു രൂപയും പുസ്തകപ്പൊതിയും കൊടുത്ത് നിറഞ്ഞ മനസ്സോടെ തിരിച്ചു പോരുമ്പോള്‍ പേടിയോടെ നോക്കിയ നായ്ക്കൂട്ടങ്ങളോട് മറ്റൊരമ്മ ' രാത്രി മറ്റവന്മാര് വരുമ്പോഴില്ലാത്ത പേടിപ്പിക്കലെന്തിനാടോ പട്ടികളേ..'. എന്നു പറഞ്ഞപ്പോള്‍ ഉണ്ടാക്കിയ അമ്പരപ്പ് തന്റെ മക്കളെ സ്കൂളില്‍ പറഞ്ഞയക്കാനുള്ള അമ്മയുടെ ഉത്തരമായിരുന്നില്ലേ.??
ഒരു പക്ഷെ അച്ഛനില്ലാത്ത ഒരുപാട് കുഞ്ഞുങ്ങളുടെ അച്ഛന്മാര്‍ നമുക്കിടയില്‍ നിന്ന് അവരെ നോക്കി പല്ലിളിക്കുമ്പോള്‍ അത്താഴപ്പഷ്ണിക്കാരെ കണ്ടാല്‍ ചര്‍ദ്ധിക്കാന്‍ വരുന്ന ഭരണവര്‍ഗം തന്നെയാണതിനുത്തരവാദികള്‍ എന്നല്ലേ മനസ്സിലാക്കേണ്ടത്???? ഇനിയുമിവിടെ കോളനികള്‍ ഉണ്ടായ്ക്കാവുന്ന പേടിപ്പെടുത്തുന്ന പ്രവണത ആരാണ് തീര്‍ക്കേണ്ടത്?. പരിഷ്കൃത വര്‍ഗം, അപരിഷ്കൃത വര്‍ഗം എന്ന് രണ്ടാക്കി ജനസംഖ്യയില്‍ തിരിക്കുമ്പോള്‍ ചോരയുടെ നിറം ഒട്ടും പച്ചയോ വെളുപ്പോ അല്ലാത്ത മനുഷ്യരാണവരെന്നു മനസ്സിലാക്കാന്‍ ബയോളജിപ്പുസ്തകങ്ങള്‍ മറിച്ചു നോക്കേണ്ട കാര്യമില്ല.
തന്റെ മണ്ഡലത്തിലെ ഗ്രാമസൗന്ദര്യം വാരി വിതച്ചു പ്രസംഗങ്ങളില്‍ ഗീര്‍വാണം മുഴക്കുമ്പോഴും ഉണ്ണാനില്ലാത്തവനും ഉടുക്കാനില്ലാത്തവനും അപ്പുറത്തെ പുരകളില്‍ മഴക്കാറ്റു കൊണ്ട് പറന്ന ടാര്‍പ്പായ കെട്ടിവലിച്ചു ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ മഴവെള്ളം തന്റെ കുഞ്ഞിന്റെ ദേഹമാവാതിരിക്കാന്‍ മാറോടു ചേര്‍ത്തു പിടിച്ചു കിടക്കുന്നുണ്ടെന്ന് ഒരിക്കലും അറിയുന്നുണ്ടാവില്ല.
നിറക്കൂട്ടുകള്‍ കൊണ്ട് നിറച്ച ജീവിതം നിറക്കൂട്ടുകളില്ലാത്ത ജീവിതം മനസ്സിലാക്കാന്‍ അകലെ ബംഗാള്‍ വരെ പോകേണ്ട കാര്യമില്ല. സ്വന്തം ഗ്രാമത്തില്‍ തന്നെ ഗ്ലോബലൈസെഷന്‍ ഇഫക്ടോ കംപ്യുട്ടര്‍ മൂപ്പോ അറിയാത്ത എത്ര പേരുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ ഒരുത്തനെങ്കിലും ?? എന്നിട്ടവരുടെ പേര് പറഞ്ഞു തന്നെ രാംദേവുമാര്‍ കോടികള്‍ കൊണ്ടമ്മാനമാടി ഉപവാസനാടകങ്ങള്‍ കളിക്കുമ്പോള്‍ കണ്ണുംപൂട്ടികെട്ടി നോക്കി നിന്ന് കയ്യടിക്കാന്‍ നിയമത്തിന്റെ കാവലാളായ പോലീസിനല്ലാതെ ഞങ്ങള്‍ക്ക് കഴിയില്ലെന്നുറക്കെ പറയാന്‍ ചങ്കൂറ്റം ഉള്ളാത്തിടത്തോളം കാലം ചര്‍ച്ചകള്‍ മാത്രം നടക്കട്ടെ..
കോളനികള്‍ ഉണ്ടായിക്കൊണ്ടെയിരിക്കട്ടെ.. .
ഇലകള്‍ കൊഴിഞ്ഞു കൊണ്ടെയിരിക്കട്ടെ...
*ഫോട്ടോകള്‍ ഗൂഗിളില്‍ നിന്ന്