Thursday, September 22, 2011

നന്മയുടെ രൂപകങ്ങള്‍..!!!

കൊലത്തിയമ്മ പറഞ്ഞു തുടങ്ങി..
"ദാ.. ആ കാണുന്ന പെരുത്ത വീടുള്ളിടത്തെല്ലാം  പാടമായിരുന്നു. ഇങ്ങനെ ഈ ചൂടത്തു നിക്കുമ്പോ ആലോയ്ക്കാ ഞാന്..മ്മടെ പണ്ടത്തെ കാലം."
കൊലത്തിയമ്മയും കായച്ചിയമ്മയും വെറ്റിലക്കറ പുരണ്ടില്ലാതായ ഇത്തിരിപ്പല്ലുകളുമായി അങ്ങോട്ടുമിങ്ങോട്ടും വെളുക്കെ ചിരിച്ചു.

ഒരു കണ്ടത്തില്‍ ഒരാറു പേരുണ്ടവര്‍. മുതുകു വളച്ചു നെല്‍വിത്തുകള്‍ ഒരു പ്രത്യേക രീതിയിലിങ്ങനെ വെള്ളം നിറഞ്ഞ പാടത്ത് കുത്താന്‍ തുടങ്ങി..

ചേറില്‍ ആഴത്തില്‍ മുങ്ങിയ കാലുകള്‍ ഊറിയൂറി ഞാന്‍ അവര്‍ക്കൊപ്പം നടന്നു. കാല്‍മുട്ട് വരെ ചെളി വലിഞ്ഞു കേറുന്നത് അറിയുന്നുണ്ട്. ആ ചെളിയുടെ നനവ്‌ മേലാകെ വല്ലാത്തൊരു സുഖമുണ്ടാക്കുന്നുണ്ട്.

"കൊണ്ടോര്യോയ്.."
മുതലാളിയോട് വിത്ത്‌ കൊണ്ട് വരാന്‍ പറയുകയാണ്‌ കായച്ചിയമ്മ ..

വിത്തുമായി മൊതലാളി ഒരു നാടന്‍ പാട്ടും മൂളി വന്നു.

ഇപ്പൊ യ്യ് കാണുന്ന ഈ പാവം മോയലാളിനെ പോലല്ലെയ്നി..

അത് കേട്ടപ്പോ മൊതലാളി ഉറക്കെ ചിരിച്ചു പറഞ്ഞു..
"കഥ പറയാലേ....ങാ..പറഞ്ഞോ പറഞ്ഞോ.."

"ഇങ്ങളൊന്നു പോയാണിം."
മൊതലാളിയെ നോക്കി അവര്‍ കുണുങ്ങി.
"അമ്പതിലേറെ വര്‍ഷായി ഞാനീ മണ്ണിന്റൊപ്പമാ.പണ്ടൊക്കെ രാവിലെ ഏഴു മണിക്കെണീറ്റു  പാടത്ത് വരും. ഞങ്ങടെ പണി തുടങ്ങും. .
മണ്ണിനെ നോക്കാന്‍ ഞങ്ങക്കൊന്നും കിട്ടീല്ലെങ്കിലും വേണ്ട. അത്രയ്ക്കിഷ്ടായിരുന്നു മണ്ണിനേം മണ്ണിനു ഞങ്ങളേം. 'വിത്താഴം ചെന്നാ പത്തായം നിറയും' ന്നാ.. അറിഞ്ഞു നടും,
മണ്ണറിഞ്ഞു പണിയെടുക്കണം..
യ്യ് കേട്ടീല്ലേ, വിതച്ചതേ കൊയ്യൂന്നു.. വിതച്ചത് പോലെയേ കൊയ്യാന്‍ കയ്യൂ. പ്രകൃതീടേം മന്‍ഷന്റേം നെയമാ അത്. വിത്ത്‌ വെതക്കുമ്പോ ദൈവത്തെ അറിയണം. ആ വിത്തോണ്ടാണ് നല്ല വിള ലഭിക്കുന്നത്."

"വൈന്നേരം സൂര്യന്‍ താഴ്ന്നു തൊടങ്ങണ വരെ പണിയെടുക്കും,അത്ര വരെ പണിയെട്ത്താലും ഉച്ചച്ചോറ് നമ്മള്‍ തന്നെ വീട്ടീന്ന് കൊണ്ടോരണം.പിന്നെ കാലം മാറി. അവര് ചെലവു തരാന്‍ തൊടങ്ങി. ഉച്ചക്ക് എല്ലാരേം വിളിച്ചു കഞ്ഞി കുടിയാണ്.
ഞങ്ങള്., പട്ടിക ജാതിയാണെങ്കി വട്ടത്തിലൊരു കുയി കുത്തും .എന്നിട്ട് അതിന്റെ മോളിലൊരു എല വെക്കും. മോളിലൊരു കുത്തുത്തിയാല്‍ അതങ്ങോട്ട് താവോല്ലോ.ആ കുയ്യില്‍ കഞ്ഞി പാര്‍ന്നു തരും.
നമ്മള്‍ കൊറേ പിന്നാട്ടു വിട്ടു നിക്കണം.പാര്‍ന്നു തന്നിട്ട് അവരങ്ങ് പോകും.
ഞമ്മള് കണ്ടീല്ലേ, ഈ നായ്ക്കളോട് ചൊറെടുക്കാന്‍ പറയണ്. അത് പോലെ.അങ്ങനോക്കീം ഞങ്ങള് കയ്ഞ്ഞുക്കുണ് .."
മണ്ണിന്റെ മണമുള്ള ആ അമ്മ ഒരു നീണ്ട നെടുവീര്‍പ്പിട്ടു. കണ്‍നിറഞ്ഞ നെടുവീര്‍പ്പില്‍ ഞാനും വെറുതെ പങ്കു കൊണ്ടു ..

"കൂട്ടുംമുണ്ട വിത്താണിത്.  നല്ല വിത്താ.. നല്ലോണം പേടിയുണ്ടാവും കര്‍ഷകന്. 
കഴിഞ്ഞേന്റെ മുമ്പത്തെ കൊല്ലം ഒരു മഴ വന്നു. പാടത്തെ വിതച്ച വിത്തൊക്കെ മഴ കൊണ്ടോയി.  
നമ്മളെടുത്ത പണിയൊക്കെ വെറുതാവും..
കന്നി മാസമാണല്ലോ ഇപ്പൊ.മകരത്തില്‍ വെളവെടുക്കും
അങ്ങനെ നെല്ല് കൊയ്തു വീട്ടു കൊണ്ടോയി പത്തു പറ അളന്നു കൊടുത്താ ഒരു പറ നെല്ലിങ്ങോട്ടു തരും. ഒരു പറാന്നു  പറഞ്ഞാ ഇപ്പഴത്തെ പത്തു കിലോ. ഇപ്പം ഇരുന്നൂറ്റമ്പത്  രൂപാ കിട്ടും കൂലി. അത്ര വ്യത്യാസേള്ളൂ..

പെട്ടെന്നാരോ എന്നെ ഇറുക്കിയത് പോലെ തോന്നി.
"ആ......"
ഞാന്‍ ഉറക്കെ നിലവിളിച്ചു.
"എന്തേ ടാ .. കാലു പൊക്ക്. ."
കാലു പൊക്കിയപ്പോഴുണ്ട് ഒരു കുഞ്ഞു ഞണ്ട് കാലിറുക്കി കടിക്കുന്നു.
"അവന്റെ വിചാരം അതവന്റെ പെണ്ണാണെന്നാ.."
ചെള്ളിച്ചിയമ്മ അത് പറഞ്ഞപ്പോ എല്ലാരും ഒറക്കെ ചിരിച്ചു.
വേദന മാറിയില്ലെങ്കിലും ഞാനും ചിരി ചിരിച്ചു.

"തച്ചോളിയനന്തരം ചന്തും  കൂട്ടിയോ..
തച്ചോളിയനന്തരം ചന്തും കൂട്ടീ...
തണ്ടേലിനോരുങ്ങുന്ന  തണ്ടെല്ലാണ് ...
ഈ തണ്ടേലിനോരുങ്ങുന്ന  തണ്ടെല്ലാണ് ..."

"ഇതെന്തു പാട്ടാ??"
കൊലത്തിയമ്മയുടെ നാടന്‍ പാട്ട് കേട്ട് ഞാന്‍ ചോദിച്ചു.

"ങാ..ഇതിന്റെ നാടന്‍ കഥ പറഞ്ഞു തരന്നാ നെനക്ക്..
ഈ നാടന്‍പാട്ടിന്റെ കഥ."

അമ്മ പറയാന്‍ തുടങ്ങി.
"തിജ്ജന്‍.., തിജ്ജനാണ് കാര്യസ്ഥന്‍. പേര് കോരുന്നാ. കോരൂനെ ഒരീസം മൊതലാളി വിളിച്ചു. 
മൊതലാളി തച്ചോളിയനന്തരം ചന്തുക്കുട്ടി.

''ആയിരം പറ വിത്തിന്റെ ഒരു പാടണ്ട്. അയ്ന്റെ പണി തൊടങ്ങണം.''
........ആയിരം അടിമന്‍സനെ വിളിക്കണം .
ആയിരം പൊറംമന്‍സനേം  വിളിക്കണം.
നൂറ്റിപ്പയ്ത്തേരി കന്നുമൂരിക്കള്‍.
നൂറു മൂരികള് ഊര്‍ച്ച മൂരികള്.......''

അടിമന്‍സന്‍ ന്നു പറഞ്ഞാ ഞങ്ങളെ പോലുള്ളോരു..പടിക്കല് പണിയെടുക്ക്ന്നോരു..
പൊറംമന്‍സന്‍ ന്നു പറഞ്ഞാ പൊറം പണിയെടുക്ക്ന്നോരും.
ടാകട്ടറില്ലാത്ത കാലത്തെ കഥയാണ്‌ മനേ ഇതൊക്കെ. .
പിറ്റേന്ന് രാവിലെ മൂരികളുള്ള വീട്ടിപ്പോയി, മൂരികളെ കൊണ്ടോരണം എന്ന് പറഞ്ഞു
ഊര്‍ച്ച മൂരികളുള്ളോടുത്തും പറഞ്ഞു..

പണ്ടത്തെ കാലത്ത് ഞങ്ങളെ വീട്ടിക്കു പറയാല് ചാള എന്നാ..
നായന്മാര്, പെരുന്നാന്മാര്, പട്ടികകള്, അത് തന്നെ മൂന്നാല് ജാതി. ചെറുമക്കളും പാടത്തെ പണി ചെയ്യും..

"ചാളപ്പെരക്കലും പോയി തിജ്ജന്‍ കോരു  ചെന്ന് പടിക്കല് പണിണ്ടുന്നു പറഞ്ഞു
കല്പന പോലെ ആയിരം അടിമന്‍സനെ വിളിക്കണം എന്ന് പറഞ്ഞു
പൊറംമന്‍സന്മാരെ ചാളക്കലും പോയി പറഞ്ഞു. അങ്ങനെ എല്ലാരോടും പറഞ്ഞു

പിറ്റേ ദെവസായി.. 
എല്ലാരും പണിയെടുക്കാന്‍ കാളിക്കരിങ്കാളി കണ്ടത്തില്‍ ഒരുക്കൂടി.
പടിക്കലെ കന്നാണ് പുള്ളി മൂരികള്‍, അഥവാ പുള്ളിയെരുത്.  മുതുകത്ത് നല്ല പൊന്തിനിക്കുന്ന ഒരു കുനിപ്പുള്ള  പുള്ളിയെരുതിനെ മൊതലാളി തച്ചോളി മുമ്പില്‍ നടത്തി ക്കൊണ്ടോരും. പിന്നില്‍ ഞങ്ങളെ പ്പോലുള്ള അടിയരും വരും.

തച്ചോളിയനന്തിരന്‍ ചന്തു കുട്ടി ഒരു കൂക്കൂ കൂക്കി. 
അപ്പൊ മൂരികളും അടിമന്‍സരും അങ്ങനെയെല്ലാരും ഒത്തു നിന്നു. 

അങ്ങനെ പണിയൊക്കെ തൊടങ്ങി ഒരുച്ചയായപ്പോയെക്കും ഉത്തരവ് വന്നു. 

''കന്നിലാത്തോന്നു ലാകണം, പുള്ളിപ്പൊറത്തൊന്നു കയ്യെക്കണം.''

''കന്നിലാത്തോന്നു ലാകണം, പുള്ളിപ്പൊറത്തൊന്നു കയ്യെക്കണം.''

"എന്താ കന്നിലാകാന്നു വെച്ചാ.".
ഞാന്‍ സംശയം ചോദിച്ചപ്പോ കൊലത്തിയമ്മ പറഞ്ഞു.

"അതൊരു വര്‍ത്താനാണ്. കൂവൂ..കൂവൂ ന്നും ഒച്ച വെച്ചു പാട്ടൊക്കെ പാടി പണിയെടുക്കുന്നത് കണ്ടീല്ലേ..അതിനെയാണ് അങ്ങനെ പറയാ.."

"അയ്യമ്പ്രാ..അപ്പറത്തു നിക്കാരം പള്ളിണ്ട്. നിക്കാരം പള്ളീക്ക് കന്നിലാത്തു കേക്കാന്‍ പാടില്ല.നിക്കാരപ്പള്ളി പൊളിഞ്ഞു പോകും."
കന്നിലാകാന്‍ തിജ്ജന്‍ സമ്മയ്ച്ചില. പക്ഷേ തച്ചോളിയനന്തിരന്റെ ഉത്തരവല്ലേ.. കേക്കാതെ പറ്റോ. തിജ്ജനും കൂട്ടരും കന്നിലായി.

കൊറച്ചങ്ങ് കയ്ഞ്ഞപ്പോ നിക്കാരം പള്ളി പൊളിഞ്ഞു വീണു..
പിന്നെ യുദ്ധമായിലെ..പള്ളിക്കാരും തച്ചോളിം യുദ്ധം തൊടങ്ങി..ആകെ പട കൂട്ടി അവസാനം തച്ചോളിയനന്തിരന്‍ ചന്തൂട്ടി യുദ്ധം ജയ്ച്ചു."

ഇതാണിപ്പാട്ടിന്റെ കഥ.
അങ്ങനെയോക്കെയുണ്ടായിരുന്നു ഒരു കാലം.. ഒക്കെയോര്‍ത്താല്‍...
കാലമെത്രയാണിനി ബാക്കിയുള്ളതെന്നറിയില്ല.
എന്നാലും അവസാനം പോകാനുള്ളതും ഇവിടേയ്ക്ക് തന്നെയല്ലേ..ഈ മണ്ണിലേക്ക്..
കൊലത്തിയമ്മയും കൂട്ടരും വീണ്ടും ചിരിച്ചു.

ഈ കൊച്ചു കേരളത്തിലായിരുന്നു കര്‍ഷകന്റെ കൊയ്ത്തും മെതിയും ഉയര്‍ന്നു കേട്ടിരുന്നത്. അരിവാളു  കൊണ്ട് ചിത്രം വരച്ചിരുന്നത്.മഴയെയും കാത്തു കനവു കെട്ടി നോക്കിയിരുന്നിരുന്നത്. മണ്ണ് കഴിഞ്ഞേ അന്നമുണ്ടായിരുന്നുള്ളൂ, അല്ലെങ്കില്‍ മണ്ണായിരുന്നു അവരുടെ അന്നം.
ഇന്നോ, കേരളത്തിലെ കര്‍ഷകനെ വേണ്ടത് ഗവേഷണ വിദ്യാര്‍ഥിക്ക് മാത്രം. അതും പാശ്ചാത്യര്‍ക്ക് നാട്ടറിവുകള്‍ ചോര്‍ത്തികൊടുക്കാന്‍..

"ഞങ്ങടെ ജാതിയും ഇങ്ങടെ ജാതിയും ഒന്നും എനിക്ക് രണ്ടല്ല. ഞങ്ങള്‍ക്കെല്ലാര്‍ക്കും മണ്ണാണ് മകന്‍, മണ്ണാണ് മകള്‍. ജാതിക്കോമരങ്ങളെ പടച്ചു വിടുന്നവരെ അരിവാളിറക്കി വെട്ടാനൊന്നും  ഞങ്ങള്‍ പോണില്ല. ഞങ്ങടെ മുലപ്പാല് കുടിച്ചു വളരുന്ന ഗോപുരങ്ങളാണ് നിങ്ങള്‍. മണ്ണിനെ കൊല്ലരുത്. ഞങ്ങളെ തിന്നരുതു. ഞങ്ങടെ ചൂട് പറ്റിയാണ് കുട്ടികളേ നിങ്ങള്‍ തടിച്ചു കൊഴുക്കുന്നത്.
സങ്കടമില്ല കുഞ്ഞുമക്കളേ.. ഒട്ടും വേദനയില്ല കുഞ്ഞുങ്ങളേ..അധികാരത്തിന്റെ പന്നിക്കൂട്ടങ്ങള്‍ പാടത്തെയെന്ന പോലെ ഞങ്ങളെ കഷ്ണം കഷണമാക്കി മുറിച്ചിട്ടും വേദനിച്ചിട്ടില്ല..എന്നിട്ടോ...
നീതിയുടെ നേതാവ് നിങ്ങളല്ലല്ലോ."

പോയ കാലത്തിന്റെ നിറഭംഗിയില്‍ അവര്‍ നിറഞ്ഞു ചിരിക്കുന്നത് കണ്ടു ആകാശവും ചിരിച്ചു. മഴയൊന്നു ചിണുങ്ങിച്ചിരിച്ചപ്പോള്‍ ചെള്ളിച്ചിയമ്മ കുറുമ്പോടെ കണ്ണ്കോട്ടി. വസന്തേച്ചി പിന്നെയും പിന്നെയും ഉറക്കെയുറക്കെ ചിരിച്ചു..

Saturday, August 27, 2011

ഒരു പന്തലിനു കീഴെ ഒരൊറ്റ സ്വപ്നം

ചൂടും തണുപ്പുമുള്ള വിവിധ മുറികളിലിരുന്നു ആര്‍ക്കും എന്ത് തോന്ന്യാസവും പറയാം. പ്രധാനമന്ത്രിയെയും രാഷ്ട്രപതിയേയും നല്ല പച്ചത്തെറി വിളിക്കാം. പക്ഷെ വെളിച്ചത്തേക്കിറങ്ങുമ്പോള്‍ ശബ്ദങ്ങള്‍ക്ക്‌ കനലോ മുഷ്ട്ടിക്കു കരുത്തോ ഉണ്ടാവില്ല.
നമ്മെ കോഴിക്കോടിന്റെ ചൂടിലെത്തിച്ച തും ആ ഒരു ബോധമായിരിക്കാം.
ഒരു ഫെയ്സ്ബുക് ഗ്രൂപ്പില്‍ നിന്നിറങ്ങി വന്നു മാലോകരേ..ഇതാണ് നമ്മുടെ സോദരി ഇറോം എന്ന് വിളിച്ചു പറയാന്‍ മാത്രം കരുത്തു നമുക്ക് പകര്‍ന്നു തന്നത് ഒരു പറ്റം യുവതയാണ്.

രഞ്ജിത്തും അജ്മലും ഇര്‍ഷാദും ഏതു പാര്‍ട്ടിക്കാരാണെന്നു ഞങ്ങള്‍ക്കറിയില്ല.
നാമൂസും പ്രദീപ്‌ കുമാറും ബല്‍രാജും ഏതു പ്രത്യയ ശാസ്ത്രത്തിന്റെ വക്താക്കളാണെന്നു ഞങ്ങള്‍ ചോദിച്ചിട്ടില്ല.നീലട്ടാര്‍പ്പായ കെട്ടിയ പന്തലിനു താഴെ ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ വേര്‍തിരിവുമില്ലാതെ ഒരേ വികാരത്തോടെ എല്ലാവരും അവള്‍ക്കു വേണ്ടി ശബ്ദിച്ചു.അവിടെ ഉയര്‍ന്നത് നമ്മുടെ ഈ സോദരിക്കു വേണ്ടി നിങ്ങള്‍ ഒന്നിക്കുമോ എന്നു മാത്രം..


തീര്‍ച്ചയായും നമ്മള്‍ ഓര്‍ക്കേണ്ട ചില വ്യക്തിത്വങ്ങളുണ്ട് . നാമൂസിനെയും രഞ്ജിത്തിനെയും മറ്റു പലരെയും മറന്നു ഈ കൂട്ടായ്മയെ പരിചയപ്പെടുത്താനെ കഴിയില്ല. മനസ്സില്‍ വിപ്ലവമാത്മകത  കാത്തു സൂക്ഷിക്കുന്ന, സ്ഫോടനാത്മകതയുടെ അളവുകോലുകലുള്ള ഗള്‍ഫ് വേരുകള്‍ ഈ കൂട്ടായ്മക്ക് ഊര്‍ജ്ജം പകര്‍ന്നത് കൊണ്ടാണ് ലോകം ഈ ചെറിയ കൂട്ടത്തെ ശ്രവിച്ചത്.
നിങ്ങള്‍ക്കറിയുമോ .., ഈ ഒരൊറ്റ കാര്യം തലയില്‍ കുത്തിക്കൊള്ളിച്ചാണ് നാമൂസ് ദോഹയില്‍ നിന്നും വിമാനം കയറിയത് .വെറും പത്തു ദിവസത്തിനു. ഉമ്മാന്റെയും ഉപ്പാന്റെയും തുടങ്ങി കെട്ട്യോളുടെ വരെ പഴിയും കേട്ട് ആ മനുഷ്യന്‍ സമരത്തിന്റെ മാനുഷിക മുഖം നമുക്ക് കാണിച്ചു തന്നു.
വേറൊരാള്‍ പ്രോഗ്രാമിന്റെ ചൂട് തലയ്ക്കു പിടിച്ചു സ്വന്തം ലാപ്ടോപ് വരെ പരിപാടി നടന്ന ഹാളില്‍  മറന്നു വച്ചു. കൊച്ചിയില്‍ നിന്നും ഉപവാസം കൂടാന്‍ തലേന്ന് വണ്ടി  കയറിയ രഞ്ജിത്തേട്ടന്‍. അങ്ങനെ ഈ കൂട്ടായ്മക്ക് ഊടും പാവും തന്ന അനവധി പേര്‍. സാമൂഹിക പ്രവര്‍ത്തകരില്‍ സിവിക് ചന്ദ്രന്‍ സാര്‍ ആണ് എല്ലാ വിധ സഹായവും തന്നു അവസാനം വരെ നമ്മോടൊപ്പം ഉണ്ടായിരുന്നത്. ഒരു സാധാരണ ഫെയ്സ്ബുക് ഗ്രൂപ്പ് നടത്തിയ പരിപാടി ഇത്രത്തോളം മികച്ചതാക്കാന്‍ സഹായിച്ചത് അദ്ദേഹമാണ്.

വൈകീട്ട് അഞ്ചു മണിയോടെ ശ്രീമതി സാറാ ജോസഫ് നാരങ്ങ നീര് കുടിച്ചു ഉപവാസമാവസാനിപ്പിച്ചു.

"സംഗമങ്ങള്‍ വിപ്ലവങ്ങളുണ്ടാക്കിയെക്കാം സംഗമങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതല്ല
മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നതും ഗവണ്മെന്റിന്റെ നയങ്ങളെ ചോദ്യം ചെയ്യുന്നതും ഒരാള്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കാന്‍ മാത്രം പോന്ന പാതകമാണെന്നാണ് നിയമം പറയുന്നത്.നാമിതിനെതിരെ ബോധവാന്മാരാകണം. സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

നമ്മള്‍ കെട്ടിപ്പൊക്കിയുണ്ടാക്കിയ നിയമം, രാഷ്ട്രീയമോ സാമൂഹികമോ സാംസ്കാരികമോ ആയ വലിയ മാറ്റമുണ്ടാക്കേണ്ട നിയമം ചീട്ടു കൊട്ടാരം കണക്കെ തകര്‍ന്നടിയുന്നു മണിപ്പൂരില്‍..അവിടെയാണ് ചാനു വ്യത്യസ്തയാകുന്നത്. ആരാലുമറിയാതെ  ഒരു പെണ്ണ്, തന്റെ ജനതയുടെ ആത്മാഭിമാനത്തെ കൊന്നു കൊലവിളി നടത്തുന്ന യൂണിഫോമിട്ട ചെകുത്താന്മാര്‍ക്ക് നേരെ വാക്കുകള്‍ കൊണ്ടും ഉറച്ചു കട്ടിയായ മനം കൊണ്ടും ചോദ്യങ്ങലുയര്‍ത്തുമ്പോള്‍ ആര്‍ക്കും ഒരു ഞെട്ടലുമുണ്ടാക്കുന്നില്ല  എന്നത് അത്ര രസകരമായ കാര്യമല്ല.
സാധാരണക്കാരെ രക്ഷിക്കേണ്ട പട്ടാളം സ്ത്രീകളെ അപമാനിക്കുകയും എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തുകയും ചെയ്യുകയാണെന്ന് അജിത പറഞ്ഞു



പരിപാടിയുടെ ഏറ്റവും വലിയ ആകര്‍ഷണം ഓജസ് ആയിരുന്നു. മണിപ്പൂരിന്റെ പോരാളി ഇറോം ശര്മിലക്ക് വേണ്ടി ഒരു കോളേജ് അധ്യാപികയായ ഓജസ് 'പന്തമേന്തിയ പെണ്ണുങ്ങള്‍' - 'ലെ മിശാലെ' എന്ന നാടകം ഇന്ത്യ മുഴുവനും മുന്നൂറോളം സ്റ്റേജൂകളില്‍ ഇത് വരെ അവതരിപ്പിച്ചു.
ഇരോമിനോടൊപ്പം മറ്റൊരു പോരാളി എന്നു വിശേഷിപ്പിക്കാം അവരെ..
ഞങ്ങളുടെ കയ്യില്‍ തോക്കുകളില്ല.
ഞങ്ങളുടെ കയ്യില്‍ മൂര്‍ച്ചയുള്ള ആയുധങ്ങളില്ല. ഞങ്ങളുടെ കയ്യില്‍ സമാധാനത്തിന്റെ വെള്ളക്കൊടിയും വെളിച്ചമേന്തിയ പന്തവും  മാത്രമേയുള്ളൂ..അവള്‍ തന്റെ സ്വരം ലോകം കേള്‍ക്കുമാറുച്ഛത്തില്‍ വിളിച്ചു പറഞ്ഞു.


പകല്‍ ഉപവാസത്തില്‍ ഓരോരുത്തരും മൈക്കില്‍ അവരുടെ വിയര്‍പ്പു വറ്റുന്നത് വരെ സംസാരിച്ചു.


പന്തലിനു മുന്നില്‍ കെട്ടിയ ബാനറു കണ്ടു ഒരു വഴിപോക്കന്റെ കൂലങ്കഷമായ ഡൌട്ട്..


"യാരെടാ ഇവള്"..

അതെ.. ഭരണ കൂടം നീതിയോട് ചോദിച്ച അതേ ചോദ്യം. 



ഈ കൂട്ടായ്മക്ക് ഐക്യദാര്‍ഡ്യം പ്രക്യാപിച്ചു നിരവധി പേര്‍ സ്ഥലത്തെത്തി. 
ശ്രീ. പി.കെ.പാറക്കടവ് കഥയും കല്പറ്റ നാരായണന്‍ കവിതയുമവതരിപ്പിച്ചു., 
പി കെ ഫിറോസ്‌ പാട്ടുകാരി സിതാര  തുടങ്ങി നല്ല ഒരു നിര തന്നെയുണ്ടായിരുന്നു. 

അവസാനക്കുറി: ജിതിനും ഞാനും കൂടി കടകളും ലൈബ്രറി ഹാളും കറങ്ങി ഒപ്പ് ശേഖരണം നടത്തുമ്പോള്‍ ഒരു കമന്റു കേട്ടു.
" അണ്ണാ ഹസാരെയുടെ സമരത്തിനു നിങ്ങളുടെ ഉപവാസമൊന്നുമില്ലേ?ഏതോ ഒരു പെണ്ണിന് വേണ്ടി സമരം നടത്തി സമയം കളയണോ?

Friday, August 12, 2011

ഗാന്ധീ..അങ്ങയുടെ രാജ്യം ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്..

ഇന്ത്യ അതിന്റെ സ്വാതന്ത്ര്യം വീണ്ടും ഓര്‍ക്കുകയാണ്. ഒരു പക്ഷെ ഏറ്റം നിറഞ്ഞതും അര്‍ത്ഥ പൂര്‍ണ്ണവുമായ അഭിമാനത്തോടെ. സ്വാതന്ത്ര്യപ്പുലരിയുടെ ഊഷ്മള സൗന്ദര്യം ഓരോരുത്തരിലും ഹര്‍ഷോന്മാദമുണ്ടാക്കുന്നു..

ഒരുപറ്റം വിപ്ലവകാരികളുടെ ചുണ്ടുകളില്‍ പിറന്ന സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്കെതിരിലുള്ള മുദ്രാവാക്യം ഇന്നെത്തി നില്‍ക്കുന്നത് നമ്മുടെയൊക്കെ വിരല്‍ തുമ്പുകള്‍ വരെയാണ്.
ആ വിപ്ലവ സ്വരങ്ങള്‍ക്ക് പക്ഷെ ഇന്ന് എത്രത്തോളം ശക്തി കുറഞ്ഞുവെന്നു ഊഹിച്ചാല്‍ മനസ്സിലാകുന്നതെയുള്ളൂ..
സ്വാതന്ത്ര്യം ഇന്ന് അതിന്റെ അന്തസ്സത്ത വിട്ടു പുറത്തു വന്നിട്ടില്ല എന്നര്‍ത്ഥം..
അധികാരത്തിന്റെ നിറം കൂടുതല്‍ കൂടുതല്‍ കറുപ്പിലേക്ക്‌ വലിച്ചിഴക്കപ്പെടുന്നതില്‍ ഗാന്ധിയുടെ മനസ്സ് എത്ര മാത്രം വേദനിക്കുന്നുണ്ടാകുമെന്നു ഈ സ്വാതന്ത്ര്യ ദിനമെങ്കിലും കാണിച്ചു കൊടുത്തിരുന്നുവെങ്കില്‍..

അവകാശ നിഷേധമാണ് ഇപ്പോഴും ഇന്ത്യ നേരിടുന്ന പ്രസക്തമായ ചോദ്യം.
മനുഷ്യന്റെ പ്രാഥമികമായ അവകാശങ്ങള്‍ യാഥാര്‍ത്യമാക്കുന്ന അന്തരീക്ഷം എന്ന അര്‍ത്ഥ തലത്തില്‍ നിന്നും ജനാധിപത്യത്തെ നോക്കിക്കാണാന്‍ മാത്രം ആഗ്രഹിക്കേണ്ടി വരുന്നു. കാരണം അത് പോലും നിഷേധിക്കപ്പെടുന്നവന് ജനാധിപത്യം ചവച്ചിറക്കാന്‍ കയ്പ്പുള്ള സത്യമായി അവശേഷിക്കപ്പെടും.
അങ്ങനെ ഒരു പൂര്‍ണ്ണതയുമെത്തിയിട്ടില്ലാത്ത പോല്‍ കഴുതയുടെ കാലുകളും സിംഹത്തിന്റെ വയറും 'വൃത്തികെട്ട മനുഷ്യാര്‍ത്തി'യുടെ തലയുമുള്ള വെറുമൊരു ബാലറ്റ് മെഷീന്‍ മാത്രമാണ് ഇപ്പോള്‍ ജനാധിപത്യമെന്നു പറഞ്ഞാല്‍ നിഷേധിക്കാനാകുമോ??

ചീഞ്ഞുനാറിയ ഭരണ വ്യവസ്ഥകളെ ഇനിയും നാം ന്യായീകരിക്കണോ? അല്ലെങ്കിലും നവ അടിയന്തിരാവസ്ഥയുടെ ഭീകര മുഖം കാര്‍ന്നു തിന്ന ഇറോം ഷര്‍മ്മിളമാരോടും അവകാശ നിഷേധങ്ങളുടെ കൂരമ്പ്‌ തറഞ്ഞ  മഅദനിമാരോടും എന്തുണ്ട് നിങ്ങള്‍ക്ക് പറയാന്‍??
നീതിയുടെ അളവ് കോല്‍ കോടതിപ്പടിയുടെ അകങ്ങളില്‍ നീണ്ടുയര്‍ന്ന മേശപ്പുറത്തിനു മുകളിലിരിക്കുമ്പോള്‍ അതേ പുറങ്ങളില്‍ തന്നെ മുറിഞ്ഞു പഴുത്തൊലിച്ച വൃണവുമായി കരയുന്ന  മനസ്സോടെ ഗാന്ധിത്തലയുള്ള പച്ച നോട്ടുകള്‍ കാണേണ്ടി വരുന്ന അവസ്ഥ എത്രത്തോളം ഉള്‍ക്കിടിലമുണ്ടാക്കുന്നുണ്ട്.

'ശക്തമായ' ജനാധിപത്യത്തിന്റെ ചൂടുപറ്റി ജീവിക്കുകയും അത്രത്തോളം തന്നെ 'അശക്തമായ' ജനാധിപത്യത്തിന്റെ ഒഴുക്കില്ലാ മൂലയില്‍ ഒരുളുപ്പുമില്ലാതെ കയ്യിട്ടു വാരുകയും എന്നിട്ട് ജനാധിപത്യ  സംവിധാനത്തെ ജീവനോടെ തന്നെ കുഴിച്ചു മൂടുകയും സാമൂഹികമാനങ്ങളേതുമില്ലാതെ ഗുണ്ടാ പ്രസംഗവും വേണ്ടാ പിരിവും നടത്തുന്ന അഴിഞ്ഞാട്ടം കണ്ടിട്ട് മിണ്ടാതിരിക്കാന്‍ ഈ ചരിത്രദിനത്തിലും ആളെക്കിട്ടുന്നു എന്നതാണ് അത്ഭുതം..

വസന്തം പൂക്കുന്ന ഒരു പൂങ്കാവനത്തിനു വേണ്ടി പ്രതീക്ഷയോടെ പണിയെടുത്ത ഒരു ജീവന്റെ വിരിമാറിലേക്ക് വെടിയുതിര്‍ത്തപ്പോള്‍ മരിച്ചു പോയത് ഒരു ജനതയുടെ മനസ്സ് കൂടെയായിരുന്നു. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിഖു, പാര്‍സി ലേബലില്ലാതെ, ഒറ്റപ്പെട്ടു നിന്ന മനുഷ്യരെ കൂട്ടായി ചകിരിച്ചോറു കളഞ്ഞു പിരിച്ചൊറ്റക്കയറാക്കി മാറ്റി രാജ്യം നേടിയെടുത്ത ഭഗത് സിങ്ങുമാരുടെ  ഇന്ത്യയാണിന്നിങ്ങനെ എന്നാലോചിക്കുമ്പോള്‍ ലജ്ജ കൊണ്ട് മുഖം താഴ്ത്താം നമുക്കോരോരുത്തര്‍ക്കും. ഉറക്കമില്ലാത്തവര്‍ നേടിത്തന്ന ആ സ്വാതന്ത്ര്യത്തെ ഒരു പോലെ ആഘോഷിക്കുകയും അതെ സ്വാതന്ത്ര്യം വച്ച് തന്നെ സാമ്രാജ്യത്വപ്പരിഷകള്‍ക്ക് കൂട്ട് നില്‍ക്കുകയും ചെയ്യുന്ന വൈരുദ്ധ്യം.., ഒരേ സമയം ഗാന്ധിയെ നാവു കൊണ്ട് സ്മരിക്കുകയും മുതലാളിത്തത്തിനോശാന പാടുകയും ചെയ്യുന്ന വൈരുദ്ധ്യം. ഇവ വായിക്കേണ്ടത് ''നട്ടെല്ല് നഷ്ടപ്പെട്ട ഇറച്ചിക്കഷണങ്ങള്‍'' എന്നാണ്..യാങ്കിപ്പടക്ക് വേണ്ടി കൈ പൊക്കുന്നവരെ അങ്ങനെ തന്നെയല്ലേ വിശേഷിപ്പിക്കേണ്ടത്??

ഇന്ന്,  ആകെ കൂട്ടി നോക്കിയാല്‍ തട്ടിപ്പ് വെട്ടിപ്പ് മദ്യം,മയക്കുമരുന്ന് ക്രിമിനലുകളുടെ വളര്‍ച്ച പെണ്‍വാണിഭം, കള്ളനോട്ട്, കള്ളപ്പണം, നോട്ടിരട്ടിപ്പ്, സൈബര്‍ ക്രൈമുകള്‍ എന്ന് തുടങ്ങി സകലമാന വൃത്തികേടും ചെറിയ തോതിലോ വലിയ തോതിലോ നടക്കുന്ന ഈ ഇന്ത്യാമഹാരാജ്യം സാധാരണയില്‍ നിന്നും ഒരു വ്യത്യാസവുമില്ലാതെ മക്കള്‍ രാഷ്ട്രീയത്തിലൂടെ എല്ലാ നേതാക്കന്മാരും ഒത്തൊരുമിച്ചു നടത്തിക്കൊണ്ടിരിക്കുന്നു..ഒരു രാഷ്ട്രത്തിന്റെ ആത്മാവിനു,   മഹാത്മാവിനു മങ്ങലേറ്റിരിക്കുന്നു. ജനാധിപത്യമെന്ന പേരില്‍ ഉറഞ്ഞു തുള്ളപ്പെടുന്ന നിലയങ്ങള്‍ മുഴുവന്‍ അഴിമതിക്കറ പുരളുകയും ആ രാഷ്ട്രത്തിന്റെ അകം കനല്‍ കെട്ട് പുക വമിച്ചു ചാരം നിറഞ്ഞ് ഇരുട്ടില്‍ മുങ്ങുകയും ചെയ്യുമ്പോള്‍ നാം ആരെയാണ് ഓര്‍ക്കേണ്ടത്..
ആരെയാണ് പഴിക്കേണ്ടത്?

വിപ്ലവാത്മകത തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു യുവത്വമുണ്ടിവിടെ..
ക്രിയാത്മകമായ ഒരു പ്രവര്‍ത്തനത്തിലുമേര്‍പ്പെടാതെ അങ്ങാടിയോരങ്ങളിലെ ഷെഡുകളില്‍ പനപ്പാത്തി കൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളിലിരുന്നു  നെറികെട്ട ഭരണ നേതാക്കന്മാര്‍ക്ക് വേണ്ടി വായിട്ടലക്കുന്ന, ഇത്തിരി പോലും പൊരിച്ചിലുകള്‍ മനസ്സില്‍ അവശേഷിക്കാത്ത കുട്ടിനേതാക്കള്‍..പട്ടണം വിട്ടു ഗ്രാമം കേറിയ അബ്കാരിപ്പാര്‍ട്ടികളുടെ വില കൂടിയ മദ്യം കഴിച്ചു ചോരയുടെ ചുവപ്പ് നഷ്ട്ടപ്പെട്ട കുറെയേറെ യുവത്വങ്ങള്‍..

ഇപ്പുറത്ത്..
നിറഞ്ഞ മനസ്സോടെ പ്രതിഫലേച്ഛയില്ലാതെ സംസ്കാരത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യവത്തായ ഭൂമികയില്‍  നിലയുറപ്പിച്ചു നന്മേച്ചുക്കളായ ചില കൊച്ചു സംഘങ്ങള്‍ ഉണ്ടെന്നത് വളരെ ആവേശമുളവാക്കുന്നു.
അവര്‍ സ്നേഹപൂര്‍ണ്ണമായ ഒരു നവ സാമ്രാജ്യം കെട്ടിപ്പടുക്കുന്ന കാലം അതി വിദൂരത്തല്ല..

ഇങ്ങനെയൊക്കെ തീര്‍പ്പുണ്ടാവുമ്പോള്‍ നമ്മള്‍ ആരിലാണ് അഭയം പ്രാപിക്കേണ്ടത്‌ എന്ന വലിയൊരു  ചോദ്യം രൂപപ്പെടും.
ആ ചോദ്യങ്ങള്‍ ചോദ്യമായി തന്നെ അവശേഷിക്കുന്നതാവും നല്ലത് . കാരണം അവിടെയാണ് പൊട്ടിത്തെറികളുണ്ടാവേണ്ടത്. സര്‍ഗാത്മകമായ പൊട്ടിത്തെറികള്‍...