Thursday, September 22, 2011

നന്മയുടെ രൂപകങ്ങള്‍..!!!

കൊലത്തിയമ്മ പറഞ്ഞു തുടങ്ങി..
"ദാ.. ആ കാണുന്ന പെരുത്ത വീടുള്ളിടത്തെല്ലാം  പാടമായിരുന്നു. ഇങ്ങനെ ഈ ചൂടത്തു നിക്കുമ്പോ ആലോയ്ക്കാ ഞാന്..മ്മടെ പണ്ടത്തെ കാലം."
കൊലത്തിയമ്മയും കായച്ചിയമ്മയും വെറ്റിലക്കറ പുരണ്ടില്ലാതായ ഇത്തിരിപ്പല്ലുകളുമായി അങ്ങോട്ടുമിങ്ങോട്ടും വെളുക്കെ ചിരിച്ചു.

ഒരു കണ്ടത്തില്‍ ഒരാറു പേരുണ്ടവര്‍. മുതുകു വളച്ചു നെല്‍വിത്തുകള്‍ ഒരു പ്രത്യേക രീതിയിലിങ്ങനെ വെള്ളം നിറഞ്ഞ പാടത്ത് കുത്താന്‍ തുടങ്ങി..

ചേറില്‍ ആഴത്തില്‍ മുങ്ങിയ കാലുകള്‍ ഊറിയൂറി ഞാന്‍ അവര്‍ക്കൊപ്പം നടന്നു. കാല്‍മുട്ട് വരെ ചെളി വലിഞ്ഞു കേറുന്നത് അറിയുന്നുണ്ട്. ആ ചെളിയുടെ നനവ്‌ മേലാകെ വല്ലാത്തൊരു സുഖമുണ്ടാക്കുന്നുണ്ട്.

"കൊണ്ടോര്യോയ്.."
മുതലാളിയോട് വിത്ത്‌ കൊണ്ട് വരാന്‍ പറയുകയാണ്‌ കായച്ചിയമ്മ ..

വിത്തുമായി മൊതലാളി ഒരു നാടന്‍ പാട്ടും മൂളി വന്നു.

ഇപ്പൊ യ്യ് കാണുന്ന ഈ പാവം മോയലാളിനെ പോലല്ലെയ്നി..

അത് കേട്ടപ്പോ മൊതലാളി ഉറക്കെ ചിരിച്ചു പറഞ്ഞു..
"കഥ പറയാലേ....ങാ..പറഞ്ഞോ പറഞ്ഞോ.."

"ഇങ്ങളൊന്നു പോയാണിം."
മൊതലാളിയെ നോക്കി അവര്‍ കുണുങ്ങി.
"അമ്പതിലേറെ വര്‍ഷായി ഞാനീ മണ്ണിന്റൊപ്പമാ.പണ്ടൊക്കെ രാവിലെ ഏഴു മണിക്കെണീറ്റു  പാടത്ത് വരും. ഞങ്ങടെ പണി തുടങ്ങും. .
മണ്ണിനെ നോക്കാന്‍ ഞങ്ങക്കൊന്നും കിട്ടീല്ലെങ്കിലും വേണ്ട. അത്രയ്ക്കിഷ്ടായിരുന്നു മണ്ണിനേം മണ്ണിനു ഞങ്ങളേം. 'വിത്താഴം ചെന്നാ പത്തായം നിറയും' ന്നാ.. അറിഞ്ഞു നടും,
മണ്ണറിഞ്ഞു പണിയെടുക്കണം..
യ്യ് കേട്ടീല്ലേ, വിതച്ചതേ കൊയ്യൂന്നു.. വിതച്ചത് പോലെയേ കൊയ്യാന്‍ കയ്യൂ. പ്രകൃതീടേം മന്‍ഷന്റേം നെയമാ അത്. വിത്ത്‌ വെതക്കുമ്പോ ദൈവത്തെ അറിയണം. ആ വിത്തോണ്ടാണ് നല്ല വിള ലഭിക്കുന്നത്."

"വൈന്നേരം സൂര്യന്‍ താഴ്ന്നു തൊടങ്ങണ വരെ പണിയെടുക്കും,അത്ര വരെ പണിയെട്ത്താലും ഉച്ചച്ചോറ് നമ്മള്‍ തന്നെ വീട്ടീന്ന് കൊണ്ടോരണം.പിന്നെ കാലം മാറി. അവര് ചെലവു തരാന്‍ തൊടങ്ങി. ഉച്ചക്ക് എല്ലാരേം വിളിച്ചു കഞ്ഞി കുടിയാണ്.
ഞങ്ങള്., പട്ടിക ജാതിയാണെങ്കി വട്ടത്തിലൊരു കുയി കുത്തും .എന്നിട്ട് അതിന്റെ മോളിലൊരു എല വെക്കും. മോളിലൊരു കുത്തുത്തിയാല്‍ അതങ്ങോട്ട് താവോല്ലോ.ആ കുയ്യില്‍ കഞ്ഞി പാര്‍ന്നു തരും.
നമ്മള്‍ കൊറേ പിന്നാട്ടു വിട്ടു നിക്കണം.പാര്‍ന്നു തന്നിട്ട് അവരങ്ങ് പോകും.
ഞമ്മള് കണ്ടീല്ലേ, ഈ നായ്ക്കളോട് ചൊറെടുക്കാന്‍ പറയണ്. അത് പോലെ.അങ്ങനോക്കീം ഞങ്ങള് കയ്ഞ്ഞുക്കുണ് .."
മണ്ണിന്റെ മണമുള്ള ആ അമ്മ ഒരു നീണ്ട നെടുവീര്‍പ്പിട്ടു. കണ്‍നിറഞ്ഞ നെടുവീര്‍പ്പില്‍ ഞാനും വെറുതെ പങ്കു കൊണ്ടു ..

"കൂട്ടുംമുണ്ട വിത്താണിത്.  നല്ല വിത്താ.. നല്ലോണം പേടിയുണ്ടാവും കര്‍ഷകന്. 
കഴിഞ്ഞേന്റെ മുമ്പത്തെ കൊല്ലം ഒരു മഴ വന്നു. പാടത്തെ വിതച്ച വിത്തൊക്കെ മഴ കൊണ്ടോയി.  
നമ്മളെടുത്ത പണിയൊക്കെ വെറുതാവും..
കന്നി മാസമാണല്ലോ ഇപ്പൊ.മകരത്തില്‍ വെളവെടുക്കും
അങ്ങനെ നെല്ല് കൊയ്തു വീട്ടു കൊണ്ടോയി പത്തു പറ അളന്നു കൊടുത്താ ഒരു പറ നെല്ലിങ്ങോട്ടു തരും. ഒരു പറാന്നു  പറഞ്ഞാ ഇപ്പഴത്തെ പത്തു കിലോ. ഇപ്പം ഇരുന്നൂറ്റമ്പത്  രൂപാ കിട്ടും കൂലി. അത്ര വ്യത്യാസേള്ളൂ..

പെട്ടെന്നാരോ എന്നെ ഇറുക്കിയത് പോലെ തോന്നി.
"ആ......"
ഞാന്‍ ഉറക്കെ നിലവിളിച്ചു.
"എന്തേ ടാ .. കാലു പൊക്ക്. ."
കാലു പൊക്കിയപ്പോഴുണ്ട് ഒരു കുഞ്ഞു ഞണ്ട് കാലിറുക്കി കടിക്കുന്നു.
"അവന്റെ വിചാരം അതവന്റെ പെണ്ണാണെന്നാ.."
ചെള്ളിച്ചിയമ്മ അത് പറഞ്ഞപ്പോ എല്ലാരും ഒറക്കെ ചിരിച്ചു.
വേദന മാറിയില്ലെങ്കിലും ഞാനും ചിരി ചിരിച്ചു.

"തച്ചോളിയനന്തരം ചന്തും  കൂട്ടിയോ..
തച്ചോളിയനന്തരം ചന്തും കൂട്ടീ...
തണ്ടേലിനോരുങ്ങുന്ന  തണ്ടെല്ലാണ് ...
ഈ തണ്ടേലിനോരുങ്ങുന്ന  തണ്ടെല്ലാണ് ..."

"ഇതെന്തു പാട്ടാ??"
കൊലത്തിയമ്മയുടെ നാടന്‍ പാട്ട് കേട്ട് ഞാന്‍ ചോദിച്ചു.

"ങാ..ഇതിന്റെ നാടന്‍ കഥ പറഞ്ഞു തരന്നാ നെനക്ക്..
ഈ നാടന്‍പാട്ടിന്റെ കഥ."

അമ്മ പറയാന്‍ തുടങ്ങി.
"തിജ്ജന്‍.., തിജ്ജനാണ് കാര്യസ്ഥന്‍. പേര് കോരുന്നാ. കോരൂനെ ഒരീസം മൊതലാളി വിളിച്ചു. 
മൊതലാളി തച്ചോളിയനന്തരം ചന്തുക്കുട്ടി.

''ആയിരം പറ വിത്തിന്റെ ഒരു പാടണ്ട്. അയ്ന്റെ പണി തൊടങ്ങണം.''
........ആയിരം അടിമന്‍സനെ വിളിക്കണം .
ആയിരം പൊറംമന്‍സനേം  വിളിക്കണം.
നൂറ്റിപ്പയ്ത്തേരി കന്നുമൂരിക്കള്‍.
നൂറു മൂരികള് ഊര്‍ച്ച മൂരികള്.......''

അടിമന്‍സന്‍ ന്നു പറഞ്ഞാ ഞങ്ങളെ പോലുള്ളോരു..പടിക്കല് പണിയെടുക്ക്ന്നോരു..
പൊറംമന്‍സന്‍ ന്നു പറഞ്ഞാ പൊറം പണിയെടുക്ക്ന്നോരും.
ടാകട്ടറില്ലാത്ത കാലത്തെ കഥയാണ്‌ മനേ ഇതൊക്കെ. .
പിറ്റേന്ന് രാവിലെ മൂരികളുള്ള വീട്ടിപ്പോയി, മൂരികളെ കൊണ്ടോരണം എന്ന് പറഞ്ഞു
ഊര്‍ച്ച മൂരികളുള്ളോടുത്തും പറഞ്ഞു..

പണ്ടത്തെ കാലത്ത് ഞങ്ങളെ വീട്ടിക്കു പറയാല് ചാള എന്നാ..
നായന്മാര്, പെരുന്നാന്മാര്, പട്ടികകള്, അത് തന്നെ മൂന്നാല് ജാതി. ചെറുമക്കളും പാടത്തെ പണി ചെയ്യും..

"ചാളപ്പെരക്കലും പോയി തിജ്ജന്‍ കോരു  ചെന്ന് പടിക്കല് പണിണ്ടുന്നു പറഞ്ഞു
കല്പന പോലെ ആയിരം അടിമന്‍സനെ വിളിക്കണം എന്ന് പറഞ്ഞു
പൊറംമന്‍സന്മാരെ ചാളക്കലും പോയി പറഞ്ഞു. അങ്ങനെ എല്ലാരോടും പറഞ്ഞു

പിറ്റേ ദെവസായി.. 
എല്ലാരും പണിയെടുക്കാന്‍ കാളിക്കരിങ്കാളി കണ്ടത്തില്‍ ഒരുക്കൂടി.
പടിക്കലെ കന്നാണ് പുള്ളി മൂരികള്‍, അഥവാ പുള്ളിയെരുത്.  മുതുകത്ത് നല്ല പൊന്തിനിക്കുന്ന ഒരു കുനിപ്പുള്ള  പുള്ളിയെരുതിനെ മൊതലാളി തച്ചോളി മുമ്പില്‍ നടത്തി ക്കൊണ്ടോരും. പിന്നില്‍ ഞങ്ങളെ പ്പോലുള്ള അടിയരും വരും.

തച്ചോളിയനന്തിരന്‍ ചന്തു കുട്ടി ഒരു കൂക്കൂ കൂക്കി. 
അപ്പൊ മൂരികളും അടിമന്‍സരും അങ്ങനെയെല്ലാരും ഒത്തു നിന്നു. 

അങ്ങനെ പണിയൊക്കെ തൊടങ്ങി ഒരുച്ചയായപ്പോയെക്കും ഉത്തരവ് വന്നു. 

''കന്നിലാത്തോന്നു ലാകണം, പുള്ളിപ്പൊറത്തൊന്നു കയ്യെക്കണം.''

''കന്നിലാത്തോന്നു ലാകണം, പുള്ളിപ്പൊറത്തൊന്നു കയ്യെക്കണം.''

"എന്താ കന്നിലാകാന്നു വെച്ചാ.".
ഞാന്‍ സംശയം ചോദിച്ചപ്പോ കൊലത്തിയമ്മ പറഞ്ഞു.

"അതൊരു വര്‍ത്താനാണ്. കൂവൂ..കൂവൂ ന്നും ഒച്ച വെച്ചു പാട്ടൊക്കെ പാടി പണിയെടുക്കുന്നത് കണ്ടീല്ലേ..അതിനെയാണ് അങ്ങനെ പറയാ.."

"അയ്യമ്പ്രാ..അപ്പറത്തു നിക്കാരം പള്ളിണ്ട്. നിക്കാരം പള്ളീക്ക് കന്നിലാത്തു കേക്കാന്‍ പാടില്ല.നിക്കാരപ്പള്ളി പൊളിഞ്ഞു പോകും."
കന്നിലാകാന്‍ തിജ്ജന്‍ സമ്മയ്ച്ചില. പക്ഷേ തച്ചോളിയനന്തിരന്റെ ഉത്തരവല്ലേ.. കേക്കാതെ പറ്റോ. തിജ്ജനും കൂട്ടരും കന്നിലായി.

കൊറച്ചങ്ങ് കയ്ഞ്ഞപ്പോ നിക്കാരം പള്ളി പൊളിഞ്ഞു വീണു..
പിന്നെ യുദ്ധമായിലെ..പള്ളിക്കാരും തച്ചോളിം യുദ്ധം തൊടങ്ങി..ആകെ പട കൂട്ടി അവസാനം തച്ചോളിയനന്തിരന്‍ ചന്തൂട്ടി യുദ്ധം ജയ്ച്ചു."

ഇതാണിപ്പാട്ടിന്റെ കഥ.
അങ്ങനെയോക്കെയുണ്ടായിരുന്നു ഒരു കാലം.. ഒക്കെയോര്‍ത്താല്‍...
കാലമെത്രയാണിനി ബാക്കിയുള്ളതെന്നറിയില്ല.
എന്നാലും അവസാനം പോകാനുള്ളതും ഇവിടേയ്ക്ക് തന്നെയല്ലേ..ഈ മണ്ണിലേക്ക്..
കൊലത്തിയമ്മയും കൂട്ടരും വീണ്ടും ചിരിച്ചു.

ഈ കൊച്ചു കേരളത്തിലായിരുന്നു കര്‍ഷകന്റെ കൊയ്ത്തും മെതിയും ഉയര്‍ന്നു കേട്ടിരുന്നത്. അരിവാളു  കൊണ്ട് ചിത്രം വരച്ചിരുന്നത്.മഴയെയും കാത്തു കനവു കെട്ടി നോക്കിയിരുന്നിരുന്നത്. മണ്ണ് കഴിഞ്ഞേ അന്നമുണ്ടായിരുന്നുള്ളൂ, അല്ലെങ്കില്‍ മണ്ണായിരുന്നു അവരുടെ അന്നം.
ഇന്നോ, കേരളത്തിലെ കര്‍ഷകനെ വേണ്ടത് ഗവേഷണ വിദ്യാര്‍ഥിക്ക് മാത്രം. അതും പാശ്ചാത്യര്‍ക്ക് നാട്ടറിവുകള്‍ ചോര്‍ത്തികൊടുക്കാന്‍..

"ഞങ്ങടെ ജാതിയും ഇങ്ങടെ ജാതിയും ഒന്നും എനിക്ക് രണ്ടല്ല. ഞങ്ങള്‍ക്കെല്ലാര്‍ക്കും മണ്ണാണ് മകന്‍, മണ്ണാണ് മകള്‍. ജാതിക്കോമരങ്ങളെ പടച്ചു വിടുന്നവരെ അരിവാളിറക്കി വെട്ടാനൊന്നും  ഞങ്ങള്‍ പോണില്ല. ഞങ്ങടെ മുലപ്പാല് കുടിച്ചു വളരുന്ന ഗോപുരങ്ങളാണ് നിങ്ങള്‍. മണ്ണിനെ കൊല്ലരുത്. ഞങ്ങളെ തിന്നരുതു. ഞങ്ങടെ ചൂട് പറ്റിയാണ് കുട്ടികളേ നിങ്ങള്‍ തടിച്ചു കൊഴുക്കുന്നത്.
സങ്കടമില്ല കുഞ്ഞുമക്കളേ.. ഒട്ടും വേദനയില്ല കുഞ്ഞുങ്ങളേ..അധികാരത്തിന്റെ പന്നിക്കൂട്ടങ്ങള്‍ പാടത്തെയെന്ന പോലെ ഞങ്ങളെ കഷ്ണം കഷണമാക്കി മുറിച്ചിട്ടും വേദനിച്ചിട്ടില്ല..എന്നിട്ടോ...
നീതിയുടെ നേതാവ് നിങ്ങളല്ലല്ലോ."

പോയ കാലത്തിന്റെ നിറഭംഗിയില്‍ അവര്‍ നിറഞ്ഞു ചിരിക്കുന്നത് കണ്ടു ആകാശവും ചിരിച്ചു. മഴയൊന്നു ചിണുങ്ങിച്ചിരിച്ചപ്പോള്‍ ചെള്ളിച്ചിയമ്മ കുറുമ്പോടെ കണ്ണ്കോട്ടി. വസന്തേച്ചി പിന്നെയും പിന്നെയും ഉറക്കെയുറക്കെ ചിരിച്ചു..

55 comments:

 1. "എന്നാലും അവസാനം പോകാനുള്ളതും ഇവിടേയ്ക്ക് തന്നെയല്ലേ..ഈ മണ്ണിലേക്ക്.." ഇത് മാത്രം മനസ്സിലാകിയാല്‍ മതി..മനസ്സു കുളിര്‍ക്കും..പക തീരും.. സന്തോഷവും സന്തുഷ്ടിയും വരും..


  കുറച്ചു വാചകങ്ങള്‍ മനസ്സിലായില്ലെങ്ങിലും എനിക്ക് പെരുതിഷ്ട്ടായി ഈ പോസ്റ്റ്‌... കൂയ്‌...പൂയ്‌..

  ReplyDelete
 2. പാപ്പിക്ക് മീശ മുളച്ചല്ലോ,ഇപ്പോള്‍ തിരിയുന്നത് ഞങ്ങള്‍ ആണല്ലോ ...

  ReplyDelete
 3. പൊയ്പ്പോയ കാലത്തിലെ മണ്ണിന്റെയും ചെളിയുടെയും മണം........
  മികച്ച ഫോട്ടോകള പോസ്റ്റിനെ മനോഹരമാക്കി ..
  ആശംസകള്‍ വാല്യക്കാരാ..

  ReplyDelete
 4. ഇന്നലകളിലെ അധ്വാനത്തിന്റെ രൂപകം.
  ഇന്നലെ വയലുകള്‍ തന്‍ കുഴഞ്ഞ മണ്ണില്‍ 'ജീവിതം' കരുപ്പിടിപ്പിച്ചു നാം..
  കലപ്പയുമേന്തി, മാടിനെ തെളിച്ച്, മണ്ണ് ഉഴുത് മറിച്ച് , വിത്ത്‌ പാകി, കള പറിച്ച്, വിള കൊയ്ത്, അതിനെ മെതിച്ച്, ഏറെ സ്നേഹത്തോടെ എന്നും പൊന്നോണമുണ്ടു നാം. {ഞാനോ നീയോ അല്ല: നമ്മുടെ പൂര്‍വ്വീകര്‍ }

  ഇന്ന് നമ്മുടെ കൊയ്ത്തിപ്പോള് മനുഷ്യപ്പാടങ്ങളിലാണല്ലോ,
  മനുഷ്യപ്പറ്റിന്റെ കതിരുകള് കൊയ്തെടുത്ത ആ പാടങ്ങളില് പകയുടെ പതിരാണല്ലോ ഇപ്പോള് വിളയിക്കുന്നത്..?

  നന്ദി കൂട്ടുകാരാ നന്മയുടെ ഓ൪മയിലേക്ക് കൂട്ടുവിളിച്ചതിന്.
  { ഈ കൊച്ചു പ്രായത്തില്‍ ഇത്രേം കാര്യങ്ങള്‍ നീ എങ്ങനെ പഠിച്ചെടുത്തു..? }
  ആശംസ.. ആയിരമാശംസ..!

  ReplyDelete
 5. ഓർമ്മകളിൽ ഒരു ഞാറ്റു പാട്ടിന്റെ ഈണങ്ങൾ. അധികമൊന്നും കേട്ടിട്ടില്ലെങ്കിലും ഇതു വായിച്ചപ്പോൾ എവിടെയൊക്കെയോ അതിന്റെ മൂളലുകൾ. മനോഹരമായി ഈ പോസ്റ്റ്.. ഹൃദയം നിറഞ്ഞ ആശംസകൾ..

  ReplyDelete
 6. ചെളിമണക്കുന്ന വയലിൽ കന്നുപൂട്ടിയ ചാലിലിറങ്ങി നിന്നാണോ ഇതെഴുതിയത്? വല്ല്യാപ്പയുടെ കൂടെ ഞാർ നടീലിന്റെ നോട്ടപ്പണിക്ക് പോയ ഒരോർമ്മ പെട്ടെന്ന് മിന്നി, പക്ഷേ മറയുന്നില്ല. ഒരു 28 കൊല്ലം പഴക്കമുള്ള ഓർമ്മ!!

  ഇങ്ങനയുള്ള എഴുത്ത് കുറേ കാലം കഴിയുമ്പോൾ വയലുകൾ പോലെത്തന്നെ അപ്രത്യക്ഷമാവില്ലെന്നാരു കണ്ടു! ഞാറുപാട്ടും വിത്തുപാട്ടുമൊക്കെ ഫോക്ക്‌ലോർ അക്കാദമികളിലെ റിസർച്ച് വിഷയങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇങ്ങനെയൊന്നെഴുതിവെച്ചത് അഭിനന്ദനീയം തന്നെ. അതിലാണേൽ ഇന്നത്തെ മനുഷ്യർക്കുള്ള സാഹോദര്യ സന്ദേശവും. നന്മ ജയിക്കട്ടെ!

  ReplyDelete
 7. ഇന്നലെയുടെ ഓര്‍മകളില്‍ നിന്നൊരു ഞാറ്റു പാട്ടുമായി വന്ന പോസ്റ്റ് നന്നായി കുട്ടീ... കാഴ്ചയില്‍ നിന്നും മറഞ്ഞു പോയ ചിത്രങ്ങള്‍ക്കും നന്ദി ....

  ReplyDelete
 8. ഇത്തരം ഓര്‍മ്മകള്‍ നമ്മുടെ പൈതൃകം നിലനിര്‍ത്തട്ടെ. നല്ലൊരു രചന. ആശംസകള്‍

  ReplyDelete
 9. പുള്ളി എരുതിനെ തെളിച്ചു ഒരു പാട് ഈ ചളിയില്‍ അധ്വാനിച്ചവനാണ് ഞാന്‍. അന്ന് അത് ഒരു ഹരമായിരുന്നു. ഇന്നോ ..? എന്റെ ശരീരത്തിന് ഇപ്പോഴും ആ മണ്ണിന്റെ മണം തന്നെ. സ്വപ്നങ്ങളിലെങ്കിലും ആ പഴയ ഓര്‍മ്മകള്‍ നില നിര്‍ത്താന്‍ ആശിക്കുന്നു ... വാല്യക്കാര .. ഈ എഴുത്തിനു ആശംസകള്‍

  ReplyDelete
 10. "പാപ്പിക്കുഞ്ഞിനു ലോകം തിരിഞ്ഞു വരുന്നേയുള്ളൂ" എന്ന് പ്രൊഫൈലില്‍ എഴുതിയിരിക്കുന്ന പാപ്പിയുടെ പോസ്റ്റ്‌ തന്നെയല്ലേ ഇത് ! ഇത് വായിക്കുമ്പോ ഒരുപാട് ഇരുത്തം വന്ന ഒരു കാര്‍ന്നോര്‍ എഴുതിയ പോലുണ്ടുട്ടോ :)

  ReplyDelete
 11. മോനെ വാല്യക്കാര..ഇഞ്ഞങ്ങു ബളര്‍ന്നു മുട്ടനായല്ലോ..വളരെ പക്വമായ എഴുത്ത്..പോസ്റ്റ്‌ മനോഹരം ആയിട്ടുണ്ട്‌..ഒപ്പം ചിത്രങ്ങളും.

  ReplyDelete
 12. പോയ കാലത്തിന്റെ നിറഭംഗിയില്‍ അവര്‍ നിറഞ്ഞു ചിരിക്കുന്നത് കണ്ടു ആകാശവും ചിരിച്ചു. മഴയൊന്നു ചിണുങ്ങിച്ചിരിച്ചപ്പോള്‍ ചെള്ളിച്ചിയമ്മ കുറുമ്പോടെ കണ്ണ്കോട്ടി. വസന്തേച്ചി പിന്നെയും പിന്നെയും ഉറക്കെയുറക്കെ ചിരിച്ചു..  nalla rachana
  ashamsakal

  ReplyDelete
 13. അയവിറക്കാന്‍ ഇഷ്ടപെടുന്ന ഓര്‍മ്മകള്‍

  ReplyDelete
 14. നല്ല കാലത്തിന്‍റെ ഓര്‍മ്മകള്‍ മധുര മനോഹരമായി പറഞ്ഞപ്പോള്‍ വാല്യക്കാരാ ഞമ്മക്കും ഇചിരിക്കോണം വയസ്സ് കുറഞ്ഞ്
  ആ ചേറ്റില്‍ നിന്ന് ഒരു മണ്ട കരുതല യെ പിടിച്ചു മത്തന്‍റെ ഇലയില്‍ ഒന്ന് ചുട്ടു തിന്നാന്‍ പൂതി

  ReplyDelete
 15. നല്ല പോസ്റ്റ് ....ഭാഷ മനസ്സില്ലാക്കാന്‍ ശ്ശി പ്രയാസം തന്നാണേ...

  ReplyDelete
 16. ഇത് നന്നായി. എഴുത്തും വസ്തുതകളും സന്ദേശവും ആശയവുമൊക്കെ നന്ന്. കുറച്ച് റിസര്‍ച്ച് നടത്തി എഴുതിയതാണല്ലേ.

  ReplyDelete
 17. "ഞങ്ങടെ ജാതിയും ഇങ്ങടെ ജാതിയും ഒന്നും എനിക്ക് രണ്ടല്ല. ഞങ്ങള്‍ക്കെല്ലാര്‍ക്കും മണ്ണാണ് മകന്‍"
  മനുഷ്യന്‍ മണ്ണ് തന്നെയല്ലേ...
  ചളിമണമുള്ള ഈ എഴുത്ത് വളരെ വ്യത്യസ്തത പുലര്‍ത്തുന്നു.
  ആ ചളിയില്‍ കാലുകള്‍ പൂഴ്ത്താന്‍ ,
  ആ വൈക്കോല് തട്ടി മേലാസകലം ചൊറിയാന്‍,
  പുത്തരിച്ചോറു തിന്നാന്‍,
  ഒന്നുകൂടെ എന്റെ ബാല്യം ...............

  ReplyDelete
 18. ഒരു പാട് പിന്നിലേക്ക്‌ കൂട്ടികൊണ്ട് പോയി ഈ പോസ്റ്റ്‌
  നാടിന്‍റെ നന്മയും , ഓര്‍മകളും , എല്ലാം എല്ലാം .....................

  ReplyDelete
 19. valare nannayirikkunnu..

  ReplyDelete
 20. വിതച്ചതേ കൊയ്യൂന്നു.. വിതച്ചത് പോലെയേ കൊയ്യാന്‍ കയ്യൂ. പ്രകൃതീടേം മന്‍ഷന്റേം നെയമാ അത്. വിത്ത്‌ വെതക്കുമ്പോ ദൈവത്തെ അറിയണം. ആ വിത്തോണ്ടാണ് നല്ല വിള ലഭിക്കുന്നത്." ഇപ്പോള്‍ കൊയ്ത്തു കാണാന്‍ പോലും ഇല്ലാണ്ട് വരുന്നു ....കൊതിയോടെ നോക്കി നിന്ന കാലം ഉണ്ടായിരുന്നു ആ സ്ഥാനത്ത് ഫ്ലാറ്റുകള്‍ ഉയര്‍ന്നു നില്‍ക്കുന്നു ....പോസ്റ്റ്‌ വായിച്ചപ്പോള്‍ കുഞ്ഞുന്നാളില്‍ പാടവരമ്പത്ത് ഓടികളിച്ച്ചത് ഓര്‍മ്മ വരാണ് ...

  ReplyDelete
 21. പാടവരമ്പത്ത് ഓടികളിച്ച് കാലം ഉണ്ടായിരുന്നു .ഓര്‍മ്മകള്‍,ഇഷ്ടപെടുന്ന ഓര്‍മ്മകള്‍. മനോഹരം ആയിട്ടുണ്ട്‌.

  ReplyDelete
 22. നൊസ്റ്റാള്‍ജിയ ...
  സുഖകരമായൊരു വിഷാദം ..

  ReplyDelete
 23. മനോഹരമായ രചന.
  പത്രങ്ങൾക്ക്‌ അയച്ചു കൊടുക്കു.
  ആശംസകൾ.

  ReplyDelete
 24. ഒരു ബാല്യക്കാരന്‍ ഇത്ര കണ്ട് കാരനന്മ്മാരെ കഥ എഴുതുമ്പോള്‍ ഓന്‍ "ചില്ലറക്കാരന്‍" അല്ല. ചിത്രങ്ങള്‍ ഇരട്ടി മിഴിവേകി .. ആശംസകള്‍ മാത്രമല്ല നന്ദിയും ഈ മനോഹരമായ ഓര്മ ചിത്രങ്ങള്‍ക്ക് ..
  പിന്നെ ഞണ്ടിന്റെ കാര്യം വായിച്ചപ്പോള്‍ ഓര്മ വന്ന ഒരു കാര്യം സ്വകാര്യമായി.
  പത്തു പന്ത്രണ്ടു കൊല്ലു മുമ്പ് ഒരിക്കല്‍ പാട വരമ്പത്ത് കൂടി നടക്കുമ്പോള്‍ നാട്ടിലെ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്ന "ഇട്ടി ചക്കി" യുടെ നേത്രത്വത്തില്‍ പെണ്ണുങ്ങള്‍ എല്ലാം കൂടി ചിരിക്കുന്നു. ആരോ ഒരു തമാശ പോട്ടിച്ചതാണ്/ ചോദിച്ചപ്പോള്‍ "ഹാജിയാര് മാപ്ല പറയാനേ മാര്‍ക്കത്തില്‍ കൂടിക്കോ ന്നു . അല്ലെങ്കില്‍ ജീവന്‍ പോയാല്‍ തേളും പാമ്പും കൊത്തി നരകത്തില്‍ കടക്കേണ്ടി വരും ന്നു. ഞാന്‍ പറഞ്ഞു മാപ്പളെന്റെ ഒപ്പം കൂടീട്ടു കഴിഞ്ഞ ചിങ്ങത്തിനു അയ്മ്പത് ഓണം കഴിഞ്ഞ്‌. ഇപ്പളും ഞണ്ടും എകുറും നീര്‍ക്കൊലിം തന്നെയാണ് .. ഇഞ്ഞു ജീവന്‍ പോയിട്ട് കുത്തനതാ മാപ്പിളക്കു ബേജാര്"

  ReplyDelete
 25. ചിത്രങ്ങളുടെ സുന്ദരക്കാഴ്ചയില്‍ ഓര്‍മ്മകളില്‍ തട്ടി തട്ടി തലോടി മുന്നേറിയപ്പോള്‍ ചെളിയുടെ ചൂരിനൊപ്പം ആ നനവും ആസ്വദിക്കാന്‍ കഴിഞ്ഞു. അപ്പോഴും കണ്ണില്‍ തെളിഞ്ഞത് "നീതിയുടെ നേതാവ് നിങ്ങളല്ലല്ലോ" തന്നെ.

  ReplyDelete
 26. ബാല്യെക്കാരാ..
  ഇത് കലക്കീട്ടോ...ഒരു ഒന്നൊന്നര പോസ്റ്റ്‌..

  വായിച്ചു കഴിഞ്ഞപ്പോ,
  ഒരു പാടം മുഴുവന്‍ ഒറ്റയ്ക്ക് ഉഴുതിമറിച്ച്
  ഞാറ് നട്ട്,നെല്ല് കൊയ്ത് കുത്തി കഞ്ഞി വെച്ച് കുടിച്ച ഒരു സുഖം..
  മണ്ണില്‍ നിന്ന് മണ്ണിലേക്കുള്ള ഈ യാത്രക്കിടയില്‍ നമ്മുടെ ചിതലുപിടിച്ച സ്വപ്നങ്ങളില്‍ പോലും കിട്ടാക്കനിയായ, മണ്ണിന്റെ ചൂരും മണവുമുള്ള ഈ ഓര്‍മകള്‍ക്ക് മുമ്പില്‍ എന്റെ പ്രണാമം..

  ആശംസകള്‍..

  ReplyDelete
 27. മനോഹരമായ ചിത്രങ്ങള്‍ വയലിലെ ചളിമണക്കുന്ന എഴുത്ത് ... ഇനി ഇത്തരം ഫോട്ടോകളും എഴുത്തുകളും ഉണ്ടാകുമോ ..ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ഞാറ്റു പാട്ടുകള്ടെ അലയൊലികള്‍ എന്നിലെ ഓര്‍മ്മകളെ തഴുകി കടന്നു പോയി.. വീട്ടിനു മുന്നിലെ പാടവരമ്പില്‍ ഇത്തരം പാട്ടുകള്‍ കേള്‍ക്കാന്‍ വേണ്ടി കൂട്ടുകാരുമൊന്നിച്ചു ഒത്തിരി സമയം ചെലവയിച്ചതാ .. വളരെ മനോഹരമായിരിക്കുന്നു....ആശംസകള്‍..

  ReplyDelete
 28. എത്ര മനോഹരമായ പോസ്റ്റ്‌..മണ്ണിന്റെ മണമുള്ള എഴുത്തും ചിത്രംഗളും എല്ലാം വേറിട്ട ഒരു അനുഭൂതി സമ്മാനിച്ചു..നമുക്ക് നഷ്ടപ്പെട്ടു പോയ ഒരു സ്വര്‍ണ്ണ കാലത്തിന്റെ മാറ്റൊലി ആയി തോന്നി ഇത്...വാല്യക്കാരന്‍ എഴുത്തില്‍ ഒരു പ്രമാണി തന്നെ...ആശംസകള്‍..

  ReplyDelete
 29. നല്ല ഒന്നാന്തരം പോസ്റ്റ്‌.മോഹിപ്പിക്കുന്ന എഴുത്ത്.
  കൂടെ ഉപയോഗിച്ച ചിത്രങ്ങളും ഗംഭീരം.
  അസ്സലായി.


  മറ്റൊരു കാര്യം കൂടി.
  പെരുമ്പാവൂരില്‍ നിന്ന്‌ ഒരു സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്‍ വരുന്നൂ. ഇലോകംഓണ്‍ലൈന്‍‍.കോം.

  സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തിലേയ്ക്ക്‌ സ്വാഗതം..

  കൂടുതല്‍ വിവരങ്ങള്‍ വരുംദിനങ്ങളില്‍ http://perumbavoornews.blogspot.com ല്‍ നിന്ന്‌ ലഭിയ്ക്കും.

  ReplyDelete
 30. നന്നായി എഴുതി ചങ്ങായീ...
  നാടന്‍ പ്രയോഗങ്ങള്‍ വളരെ ഇഷ്ടപ്പെട്ടു.

  ReplyDelete
 31. കൂടൂതൽ വായനക്കരിലെത്തിക്കുവാൻ വേണ്ടി ഈ നന്മയുടെ രൂപകത്തിന്റെ ലിങ്ക് ഈ ആഴ്ച്ച്ത്തെ ബിലാത്തി മലയാളിയുടെ വരാന്ത്യത്തിൽ മലയാളം ബ്ലോഗ് രചനകളിൽ ചേർത്തു കേട്ടൊ ഭായ്
  ദേ..ഇവിടെ
  https://sites.google.com/site/bilathi/vaarandhyam

  ReplyDelete
 32. >>ഞങ്ങടെ ജാതിയും ഇങ്ങടെ ജാതിയും ഒന്നും എനിക്ക് രണ്ടല്ല. ഞങ്ങള്ക്കെല്ലാര്ക്കും മണ്ണാണ് മകന്, മണ്ണാണ് മകള്. ജാതിക്കോമരങ്ങളെ പടച്ചു വിടുന്നവരെ അരിവാളിറക്കി വെട്ടാനൊന്നും ഞങ്ങള് പോണില്ല. ഞങ്ങടെ മുലപ്പാല് കുടിച്ചു വളരുന്ന ഗോപുരങ്ങളാണ് നിങ്ങള്. മണ്ണിനെ കൊല്ലരുത്. ഞങ്ങളെ തിന്നരുതു. ഞങ്ങടെ ചൂട് പറ്റിയാണ് കുട്ടികളേ നിങ്ങള് തടിച്ചു കൊഴുക്കുന്നത്.
  സങ്കടമില്ല കുഞ്ഞുമക്കളേ.. ഒട്ടും വേദനയില്ല കുഞ്ഞുങ്ങളേ..അധികാരത്തിന്റെ പന്നിക്കൂട്ടങ്ങള് പാടത്തെയെന്ന പോലെ ഞങ്ങളെ കഷ്ണം കഷണമാക്കി മുറിച്ചിട്ടും വേദനിച്ചിട്ടില്ല..എന്നിട്ടോ...
  നീതിയുടെ നേതാവ് നിങ്ങളല്ലല്ലോ." <<


  എന്റെ കൈയ്യൊപ്പ് ചാർത്തട്ടെ..

  പിന്നെ ഈ ചിത്രങ്ങൾക്ക് നന്ദി പറയട്ടെ നഷ്ടമാകുന്ന ഈ കാഴ്ചകൾ ഒരിക്കൽ കൂടി മനസിലെത്തിച്ചതിന്

  വളരെ നന്നായി എഴുതി..

  ReplyDelete
 33. ഗംഭീരമായ എഴുത്ത്. എഴുത്തിന്റെ വാല്യക്കാരന്‍ ആണ് അല്ലേ. കാലം പിന്നിടുമ്പോള്‍ എഴുത്തിന്റെ ഗുരുനാഥനാകും. ആശംസകള്‍ ചങ്ങാതി.

  ReplyDelete
 34. ആയഗംഭീരമായപ്പോക്ക് ,വളരെ നന്നായി ആശംസകള്‍...

  ReplyDelete
 35. തനി നാടൻ പ്രയോഗങ്ങൾ. നന്നായിട്ടുണ്ട്.

  ReplyDelete
 36. നല്ല രചനശൈലി...
  ഒരു നാടന്‍ സ്റ്റെലില്‍ അവതരിപ്പിച്ചു.. ആ പഴമയയിലേക്ക് പോയികൊണ്ടിരിക്കുന്ന നടലും കൊയ്യ്തുകാലവും

  ReplyDelete
 37. നന്മകള്‍ ഉണ്ടാകട്ടെ എന്നും...

  ReplyDelete
 38. nannaayi ee krishikkadha..ishtamayi..ellaa nanmakalum nerunnu ee kunju mayilpeely

  ReplyDelete
 39. വെയിലേറ്റു വാടുന്ന ചെറു മികള്‍ തേടുന്ന തണലും തണുപ്പും ഞാന്‍ കണ്ടു....! കലക്കി യിട്ടുണ്ട് ട്ടാ
  ഓരയിരം ആശംസകള്‍ ........

  ReplyDelete
 40. ശരിക്കും നൊസ്റ്റാള്‍ജിയ ഫീല്‍ ചെയ്യുന്നു..

  ReplyDelete
 41. 'ഇപ്പോഴടുത്താ മീശ മുളച്ചത് .. അതോണ്ട് പാപ്പിക്കുഞ്ഞിനു ലോകം തിരിഞ്ഞു വരുന്നേയുള്ളൂ......!!!!!'

  എഴുത്തിന്റെ കാര്യത്തിലും, സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തിലും, ജീവിത വീക്ഷണത്തിന്റെ കാര്യത്തിലും ഒക്കെ...പുതുതലമുറയിലെ വാല്യക്കാര്‍ക്കും, പഴയ തലമുറയിലെ പക്വമതികള്‍ക്കുമൊക്കെ ഈ പാപ്പിക്കുഞ്ഞില്‍നിന്ന് ഒരുപാട് പഠിക്കുവാനുണ്ട്.

  പാപ്പിക്കുഞ്ഞേ ഇനിയും എഴുതൂ....

  ReplyDelete
 42. ഞാനും വലയില്‍ വീണു....

  ReplyDelete
 43. പ്രിയപ്പെട്ട സുഹൃത്തേ,
  മണ്ണിന്റെ മണവും മണ്ണില്‍ പണിയെടുക്കുന്നവരുടെ പഴം പുരാണവും അതി മനോഹരമ്മായി തന്നെ എഴുതിയ ഈ പോസ്റ്റ്‌ ഇപ്പോഴാണ് കണ്ടത്! തറവാട്ടിലെ ഓര്‍മ്മകള്‍ വിരുന്നിനു വന്നു...ഫോട്ടോസ് അതി സുന്ദരം! മനസ്സിനു ആഹ്ലാദവും കണ്ണിനു കുളിര്‍മയും നല്‍കിയ ഈ പോസ്റ്റിനു ഒരായിരം അഭിനന്ദനങ്ങള്‍!
  സസ്നേഹം,
  അനു

  ReplyDelete
 44. good work!
  welcom to my blog
  nilaambari.blogspot.com
  if u like it follow and support me

  ReplyDelete
 45. വാല്യക്കാരന്റെ നന്മയുടെ രൂപകങ്ങള്‍ - പോസ്റ്റ്‌ വായിച്ചു. അസ്സലായി.
  അങ്ങനെയോക്കെയുണ്ടായിരുന്നു ഒരു കാലം.. ഒക്കെയോര്‍ത്താല്‍...
  അതെ. ഗതകാലത്തിന്റെ ഈ ഓര്‍മ്മപോലും ഇനി ഉണ്ടാവില്ല വരും തലമുറയ്ക്ക് .

  ReplyDelete
 46. അന്യം നിന്ന് പോകുന്ന ഗ്രാമ്യനന്മകള്‍ എഴുത്തിലൂടെയെങ്കിലും തിരികെ പിടിക്കാനുള്ള ശ്രമത്തിനു അഭിനന്ദങ്ങള്‍...

  ഒരു സമാന ചിന്താഗതിക്കാരന്‍...

  ReplyDelete
 47. വളരെ നന്നായി എഴുതി. ചേറും ചളിയും പുരണ്ട അവരുടെ കൈകൊണ്ട് വിതച്ചു കൊയ്ത അന്നത്തില്‍ വിശപ്പടക്കിയപ്പോളും,അയ്തം കല്‍പ്പിച്ച് അകറ്റി നിര്‍ത്തിയവര്‍. എല്ലാം പോയ കാലത്തിന്റെ സ്മരണകള്‍.
  ഗ്രാമത്തിന്റെ നന്മകളിലേക്ക്,പാടത്തെ ചേറിലേക്ക് യന്ത്രങ്ങള്‍ ഉഴുതു കയറുമ്പോള്‍ എന്തെല്ലാമോ നഷ്ടമാകുന്നു...അത് എഴുത്തിലൂടെ തുറന്നുകാട്ടി ചങ്ങാതീ..

  ReplyDelete
 48. ഞാനും അല്‍പനേരം ഈ വയലിലൂടെ കറങ്ങി നടന്നു. ഗൃഹാതുരതയുണര്‍ത്തുന്ന ലളിത സുന്ദരമായ ആഖ്യാനം ഇഷ്ടമായി.

  ReplyDelete
 49. വയലും , ഞാറു നടലും , കൊയ്തുമൊക്കെ ഇന്ന് നമ്മുടെ നാട്ടില്‍ നിന്നും അന്യം നിന്നുകൊണ്ടിരിക്കുകയാണല്ലോ , ഈ പോസ്റ്റും , ചിത്രങ്ങളും വളരെ നന്നായിട്ടുണ്ട് ട്ടോ , ഭാഷ ചില സ്തലങ്ങളില്‍ മനസ്സിലാക്കാന്‍ അല്പം ബുദ്ധിമുട്ടി :)

  ReplyDelete
 50. കാല്‍മുട്ട് വരെ ചെളി വലിഞ്ഞു കേറുന്നത് അറിയുന്നുണ്ട്. ആ ചെളിയുടെ നനവ്‌ മേലാകെ വല്ലാത്തൊരു സുഖമുണ്ടാക്കുന്നുണ്ട്...
  vaakkukal nalkunna kulirma ennilum navyanubhavam undaakii...nanni ..maraviyude chathuppil poondirunna ormmakalkku mukalil oralpam vellam theviyathinu..

  ReplyDelete

താങ്കളുടെ ഒരു അടയാളപ്പെടുത്തല്‍ കൂടി അവശേഷിക്കുന്നു..