Thursday, November 3, 2011

എന്റെ അക്ഷരമുറ്റം..വിദ്യാലയമേ..
ഇതിലെന്റെ കണ്ണുനീര്‍ തുള്ളികളാണ്..

  ഓര്‍മ്മയുടെ മണിച്ചെപ്പില്‍

  നിറമുള്ള ഓര്‍മ്മകള്‍ സമ്മാനിച്ച
  എന്റെ പൂന്തോട്ടമാണിത്..

  കൊഴിഞ്ഞു വീണുകൊണ്ടിരിക്കുന്ന
  പ്രതീക്ഷകളുടെയും
  മോഹങ്ങളുടെയും
  ശവക്കല്ലറയില്‍ നിന്ന്
  വിദ്യ തേടി വന്ന ആഘോഷപൂര്‍ണ്ണമായ
  ഓര്‍മ്മ ഇപ്പോഴും എന്നില്‍ പടര്‍ന്നു  കിടക്കുകയാണ്..
  വിഷാദവും ആഹ്ലാദവുമായി..

  ഇരുളടഞ്ഞ വഴിത്താരയില്‍
  ആശയറ്റ സ്വപ്നങ്ങളില്ലാത്ത
  എന്റെ മനസ്സിലേക്ക്
  പ്രതീക്ഷകളുടെ പൊന്‍കിരണങ്ങള്‍
  നീട്ടി സൂര്യ തേജസ്സായി
  നിറഞ്ഞു നിന്ന
  എന്റെ അക്ഷരയാണിത്..
  അക്ഷരമാണിത്...

  പോയ കാലത്തിന്റെ
  നട വരമ്പിലൂടെ നാമെത്രയോ നടന്നു.
  കാലം നമ്മെ നോക്കി നെടു വീര്‍പ്പിട്ടു..
  നിശബ്ധമായ ഇവിടുത്തെ മണ്‍തരിയെ
  വേദനിപ്പിക്കാതെ
  നാളെ വിരിയാന്‍ വെമ്പി നില്‍ക്കുന്ന മറ്റൊരു
  കൂട്ടുകാരന്,   കൂട്ടുകാരിക്ക്
  ഇടം കൊടുത്ത്
  നോവുന്ന മനസ്സുമായി
  ഇനി കടുത്ത വേനലിലേക്ക്
  ഞങ്ങള്‍ മാറി നില്‍ക്കട്ടെ..

  വേനലില്‍ വരണ്ടു പോയ മണ്ണ്
  പുതു വര്‍ഷത്തില്‍ ജന്മം നല്‍കുന്ന
  പുല്‍നാമ്പുകള്‍ക്ക് പതിന്മടങ്ങ്‌
  സൗന്ദര്യം നല്‍കുന്നുവെന്ന്
  പറഞ്ഞു കേട്ടിട്ടില്ലേ..
  അത് പോലെ..

ഓര്‍മ്മകള്‍ ഒരുപാടിനിയും ഉണ്ടിവിടം..
  ചിതലരിക്കുന്ന ഈ പുസ്തക താളുകളില്‍
  ഇനിയും ശാന്തിയായ് സ്നേഹമായ്
  ഞങ്ങളുമുണ്ടാവും..

വേര്‍പ്പെടുമ്പോള്‍..
  അവസാന ശ്വാസത്തെക്കുറിച്ചു പോലും
  സ്വപ്നം കാണുന്നു ഞാന്‍..
  മരണത്തിലേക്ക് അലിഞ്ഞലിഞ്ഞില്ലാതാവുന്നത് വരെ
  നിന്റെ സാന്ത്വന സ്പര്‍ശത്തിന്‍
  കുളിര്‍മ്മ   എന്നും മനസ്സിലുണ്ടാവും..

വിദ്യാലയമേ..

  ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു..
  നിനക്ക് നൂറു നന്ദി..
  എത്ര വൈകിയാലും നിന്നെപ്പുല്കാന്‍ ഞാനാഗ്രഹിച്ചിരുന്നു..
  ഈ ചുവരുകളില്‍
  ഇവിടുത്തെ നറുപുഷ്പ ഗന്ധത്തില്‍
  എന്റെ ജീവ ശ്വാസമുണ്ട്..
  
അവസാനിക്കും മുമ്പ് ..
  കൊഴിഞ്ഞ മയില്‍ പീലികള്‍
  പുസ്തക താളുകളിലൊതുക്കുമ്പോള്‍
  ഇതിലേറെ ഓര്‍മ്മകളില്ല.
  ഇതു മതി..

Thursday, September 22, 2011

നന്മയുടെ രൂപകങ്ങള്‍..!!!

കൊലത്തിയമ്മ പറഞ്ഞു തുടങ്ങി..
"ദാ.. ആ കാണുന്ന പെരുത്ത വീടുള്ളിടത്തെല്ലാം  പാടമായിരുന്നു. ഇങ്ങനെ ഈ ചൂടത്തു നിക്കുമ്പോ ആലോയ്ക്കാ ഞാന്..മ്മടെ പണ്ടത്തെ കാലം."
കൊലത്തിയമ്മയും കായച്ചിയമ്മയും വെറ്റിലക്കറ പുരണ്ടില്ലാതായ ഇത്തിരിപ്പല്ലുകളുമായി അങ്ങോട്ടുമിങ്ങോട്ടും വെളുക്കെ ചിരിച്ചു.

ഒരു കണ്ടത്തില്‍ ഒരാറു പേരുണ്ടവര്‍. മുതുകു വളച്ചു നെല്‍വിത്തുകള്‍ ഒരു പ്രത്യേക രീതിയിലിങ്ങനെ വെള്ളം നിറഞ്ഞ പാടത്ത് കുത്താന്‍ തുടങ്ങി..

ചേറില്‍ ആഴത്തില്‍ മുങ്ങിയ കാലുകള്‍ ഊറിയൂറി ഞാന്‍ അവര്‍ക്കൊപ്പം നടന്നു. കാല്‍മുട്ട് വരെ ചെളി വലിഞ്ഞു കേറുന്നത് അറിയുന്നുണ്ട്. ആ ചെളിയുടെ നനവ്‌ മേലാകെ വല്ലാത്തൊരു സുഖമുണ്ടാക്കുന്നുണ്ട്.

"കൊണ്ടോര്യോയ്.."
മുതലാളിയോട് വിത്ത്‌ കൊണ്ട് വരാന്‍ പറയുകയാണ്‌ കായച്ചിയമ്മ ..

വിത്തുമായി മൊതലാളി ഒരു നാടന്‍ പാട്ടും മൂളി വന്നു.

ഇപ്പൊ യ്യ് കാണുന്ന ഈ പാവം മോയലാളിനെ പോലല്ലെയ്നി..

അത് കേട്ടപ്പോ മൊതലാളി ഉറക്കെ ചിരിച്ചു പറഞ്ഞു..
"കഥ പറയാലേ....ങാ..പറഞ്ഞോ പറഞ്ഞോ.."

"ഇങ്ങളൊന്നു പോയാണിം."
മൊതലാളിയെ നോക്കി അവര്‍ കുണുങ്ങി.
"അമ്പതിലേറെ വര്‍ഷായി ഞാനീ മണ്ണിന്റൊപ്പമാ.പണ്ടൊക്കെ രാവിലെ ഏഴു മണിക്കെണീറ്റു  പാടത്ത് വരും. ഞങ്ങടെ പണി തുടങ്ങും. .
മണ്ണിനെ നോക്കാന്‍ ഞങ്ങക്കൊന്നും കിട്ടീല്ലെങ്കിലും വേണ്ട. അത്രയ്ക്കിഷ്ടായിരുന്നു മണ്ണിനേം മണ്ണിനു ഞങ്ങളേം. 'വിത്താഴം ചെന്നാ പത്തായം നിറയും' ന്നാ.. അറിഞ്ഞു നടും,
മണ്ണറിഞ്ഞു പണിയെടുക്കണം..
യ്യ് കേട്ടീല്ലേ, വിതച്ചതേ കൊയ്യൂന്നു.. വിതച്ചത് പോലെയേ കൊയ്യാന്‍ കയ്യൂ. പ്രകൃതീടേം മന്‍ഷന്റേം നെയമാ അത്. വിത്ത്‌ വെതക്കുമ്പോ ദൈവത്തെ അറിയണം. ആ വിത്തോണ്ടാണ് നല്ല വിള ലഭിക്കുന്നത്."

"വൈന്നേരം സൂര്യന്‍ താഴ്ന്നു തൊടങ്ങണ വരെ പണിയെടുക്കും,അത്ര വരെ പണിയെട്ത്താലും ഉച്ചച്ചോറ് നമ്മള്‍ തന്നെ വീട്ടീന്ന് കൊണ്ടോരണം.പിന്നെ കാലം മാറി. അവര് ചെലവു തരാന്‍ തൊടങ്ങി. ഉച്ചക്ക് എല്ലാരേം വിളിച്ചു കഞ്ഞി കുടിയാണ്.
ഞങ്ങള്., പട്ടിക ജാതിയാണെങ്കി വട്ടത്തിലൊരു കുയി കുത്തും .എന്നിട്ട് അതിന്റെ മോളിലൊരു എല വെക്കും. മോളിലൊരു കുത്തുത്തിയാല്‍ അതങ്ങോട്ട് താവോല്ലോ.ആ കുയ്യില്‍ കഞ്ഞി പാര്‍ന്നു തരും.
നമ്മള്‍ കൊറേ പിന്നാട്ടു വിട്ടു നിക്കണം.പാര്‍ന്നു തന്നിട്ട് അവരങ്ങ് പോകും.
ഞമ്മള് കണ്ടീല്ലേ, ഈ നായ്ക്കളോട് ചൊറെടുക്കാന്‍ പറയണ്. അത് പോലെ.അങ്ങനോക്കീം ഞങ്ങള് കയ്ഞ്ഞുക്കുണ് .."
മണ്ണിന്റെ മണമുള്ള ആ അമ്മ ഒരു നീണ്ട നെടുവീര്‍പ്പിട്ടു. കണ്‍നിറഞ്ഞ നെടുവീര്‍പ്പില്‍ ഞാനും വെറുതെ പങ്കു കൊണ്ടു ..

"കൂട്ടുംമുണ്ട വിത്താണിത്.  നല്ല വിത്താ.. നല്ലോണം പേടിയുണ്ടാവും കര്‍ഷകന്. 
കഴിഞ്ഞേന്റെ മുമ്പത്തെ കൊല്ലം ഒരു മഴ വന്നു. പാടത്തെ വിതച്ച വിത്തൊക്കെ മഴ കൊണ്ടോയി.  
നമ്മളെടുത്ത പണിയൊക്കെ വെറുതാവും..
കന്നി മാസമാണല്ലോ ഇപ്പൊ.മകരത്തില്‍ വെളവെടുക്കും
അങ്ങനെ നെല്ല് കൊയ്തു വീട്ടു കൊണ്ടോയി പത്തു പറ അളന്നു കൊടുത്താ ഒരു പറ നെല്ലിങ്ങോട്ടു തരും. ഒരു പറാന്നു  പറഞ്ഞാ ഇപ്പഴത്തെ പത്തു കിലോ. ഇപ്പം ഇരുന്നൂറ്റമ്പത്  രൂപാ കിട്ടും കൂലി. അത്ര വ്യത്യാസേള്ളൂ..

പെട്ടെന്നാരോ എന്നെ ഇറുക്കിയത് പോലെ തോന്നി.
"ആ......"
ഞാന്‍ ഉറക്കെ നിലവിളിച്ചു.
"എന്തേ ടാ .. കാലു പൊക്ക്. ."
കാലു പൊക്കിയപ്പോഴുണ്ട് ഒരു കുഞ്ഞു ഞണ്ട് കാലിറുക്കി കടിക്കുന്നു.
"അവന്റെ വിചാരം അതവന്റെ പെണ്ണാണെന്നാ.."
ചെള്ളിച്ചിയമ്മ അത് പറഞ്ഞപ്പോ എല്ലാരും ഒറക്കെ ചിരിച്ചു.
വേദന മാറിയില്ലെങ്കിലും ഞാനും ചിരി ചിരിച്ചു.

"തച്ചോളിയനന്തരം ചന്തും  കൂട്ടിയോ..
തച്ചോളിയനന്തരം ചന്തും കൂട്ടീ...
തണ്ടേലിനോരുങ്ങുന്ന  തണ്ടെല്ലാണ് ...
ഈ തണ്ടേലിനോരുങ്ങുന്ന  തണ്ടെല്ലാണ് ..."

"ഇതെന്തു പാട്ടാ??"
കൊലത്തിയമ്മയുടെ നാടന്‍ പാട്ട് കേട്ട് ഞാന്‍ ചോദിച്ചു.

"ങാ..ഇതിന്റെ നാടന്‍ കഥ പറഞ്ഞു തരന്നാ നെനക്ക്..
ഈ നാടന്‍പാട്ടിന്റെ കഥ."

അമ്മ പറയാന്‍ തുടങ്ങി.
"തിജ്ജന്‍.., തിജ്ജനാണ് കാര്യസ്ഥന്‍. പേര് കോരുന്നാ. കോരൂനെ ഒരീസം മൊതലാളി വിളിച്ചു. 
മൊതലാളി തച്ചോളിയനന്തരം ചന്തുക്കുട്ടി.

''ആയിരം പറ വിത്തിന്റെ ഒരു പാടണ്ട്. അയ്ന്റെ പണി തൊടങ്ങണം.''
........ആയിരം അടിമന്‍സനെ വിളിക്കണം .
ആയിരം പൊറംമന്‍സനേം  വിളിക്കണം.
നൂറ്റിപ്പയ്ത്തേരി കന്നുമൂരിക്കള്‍.
നൂറു മൂരികള് ഊര്‍ച്ച മൂരികള്.......''

അടിമന്‍സന്‍ ന്നു പറഞ്ഞാ ഞങ്ങളെ പോലുള്ളോരു..പടിക്കല് പണിയെടുക്ക്ന്നോരു..
പൊറംമന്‍സന്‍ ന്നു പറഞ്ഞാ പൊറം പണിയെടുക്ക്ന്നോരും.
ടാകട്ടറില്ലാത്ത കാലത്തെ കഥയാണ്‌ മനേ ഇതൊക്കെ. .
പിറ്റേന്ന് രാവിലെ മൂരികളുള്ള വീട്ടിപ്പോയി, മൂരികളെ കൊണ്ടോരണം എന്ന് പറഞ്ഞു
ഊര്‍ച്ച മൂരികളുള്ളോടുത്തും പറഞ്ഞു..

പണ്ടത്തെ കാലത്ത് ഞങ്ങളെ വീട്ടിക്കു പറയാല് ചാള എന്നാ..
നായന്മാര്, പെരുന്നാന്മാര്, പട്ടികകള്, അത് തന്നെ മൂന്നാല് ജാതി. ചെറുമക്കളും പാടത്തെ പണി ചെയ്യും..

"ചാളപ്പെരക്കലും പോയി തിജ്ജന്‍ കോരു  ചെന്ന് പടിക്കല് പണിണ്ടുന്നു പറഞ്ഞു
കല്പന പോലെ ആയിരം അടിമന്‍സനെ വിളിക്കണം എന്ന് പറഞ്ഞു
പൊറംമന്‍സന്മാരെ ചാളക്കലും പോയി പറഞ്ഞു. അങ്ങനെ എല്ലാരോടും പറഞ്ഞു

പിറ്റേ ദെവസായി.. 
എല്ലാരും പണിയെടുക്കാന്‍ കാളിക്കരിങ്കാളി കണ്ടത്തില്‍ ഒരുക്കൂടി.
പടിക്കലെ കന്നാണ് പുള്ളി മൂരികള്‍, അഥവാ പുള്ളിയെരുത്.  മുതുകത്ത് നല്ല പൊന്തിനിക്കുന്ന ഒരു കുനിപ്പുള്ള  പുള്ളിയെരുതിനെ മൊതലാളി തച്ചോളി മുമ്പില്‍ നടത്തി ക്കൊണ്ടോരും. പിന്നില്‍ ഞങ്ങളെ പ്പോലുള്ള അടിയരും വരും.

തച്ചോളിയനന്തിരന്‍ ചന്തു കുട്ടി ഒരു കൂക്കൂ കൂക്കി. 
അപ്പൊ മൂരികളും അടിമന്‍സരും അങ്ങനെയെല്ലാരും ഒത്തു നിന്നു. 

അങ്ങനെ പണിയൊക്കെ തൊടങ്ങി ഒരുച്ചയായപ്പോയെക്കും ഉത്തരവ് വന്നു. 

''കന്നിലാത്തോന്നു ലാകണം, പുള്ളിപ്പൊറത്തൊന്നു കയ്യെക്കണം.''

''കന്നിലാത്തോന്നു ലാകണം, പുള്ളിപ്പൊറത്തൊന്നു കയ്യെക്കണം.''

"എന്താ കന്നിലാകാന്നു വെച്ചാ.".
ഞാന്‍ സംശയം ചോദിച്ചപ്പോ കൊലത്തിയമ്മ പറഞ്ഞു.

"അതൊരു വര്‍ത്താനാണ്. കൂവൂ..കൂവൂ ന്നും ഒച്ച വെച്ചു പാട്ടൊക്കെ പാടി പണിയെടുക്കുന്നത് കണ്ടീല്ലേ..അതിനെയാണ് അങ്ങനെ പറയാ.."

"അയ്യമ്പ്രാ..അപ്പറത്തു നിക്കാരം പള്ളിണ്ട്. നിക്കാരം പള്ളീക്ക് കന്നിലാത്തു കേക്കാന്‍ പാടില്ല.നിക്കാരപ്പള്ളി പൊളിഞ്ഞു പോകും."
കന്നിലാകാന്‍ തിജ്ജന്‍ സമ്മയ്ച്ചില. പക്ഷേ തച്ചോളിയനന്തിരന്റെ ഉത്തരവല്ലേ.. കേക്കാതെ പറ്റോ. തിജ്ജനും കൂട്ടരും കന്നിലായി.

കൊറച്ചങ്ങ് കയ്ഞ്ഞപ്പോ നിക്കാരം പള്ളി പൊളിഞ്ഞു വീണു..
പിന്നെ യുദ്ധമായിലെ..പള്ളിക്കാരും തച്ചോളിം യുദ്ധം തൊടങ്ങി..ആകെ പട കൂട്ടി അവസാനം തച്ചോളിയനന്തിരന്‍ ചന്തൂട്ടി യുദ്ധം ജയ്ച്ചു."

ഇതാണിപ്പാട്ടിന്റെ കഥ.
അങ്ങനെയോക്കെയുണ്ടായിരുന്നു ഒരു കാലം.. ഒക്കെയോര്‍ത്താല്‍...
കാലമെത്രയാണിനി ബാക്കിയുള്ളതെന്നറിയില്ല.
എന്നാലും അവസാനം പോകാനുള്ളതും ഇവിടേയ്ക്ക് തന്നെയല്ലേ..ഈ മണ്ണിലേക്ക്..
കൊലത്തിയമ്മയും കൂട്ടരും വീണ്ടും ചിരിച്ചു.

ഈ കൊച്ചു കേരളത്തിലായിരുന്നു കര്‍ഷകന്റെ കൊയ്ത്തും മെതിയും ഉയര്‍ന്നു കേട്ടിരുന്നത്. അരിവാളു  കൊണ്ട് ചിത്രം വരച്ചിരുന്നത്.മഴയെയും കാത്തു കനവു കെട്ടി നോക്കിയിരുന്നിരുന്നത്. മണ്ണ് കഴിഞ്ഞേ അന്നമുണ്ടായിരുന്നുള്ളൂ, അല്ലെങ്കില്‍ മണ്ണായിരുന്നു അവരുടെ അന്നം.
ഇന്നോ, കേരളത്തിലെ കര്‍ഷകനെ വേണ്ടത് ഗവേഷണ വിദ്യാര്‍ഥിക്ക് മാത്രം. അതും പാശ്ചാത്യര്‍ക്ക് നാട്ടറിവുകള്‍ ചോര്‍ത്തികൊടുക്കാന്‍..

"ഞങ്ങടെ ജാതിയും ഇങ്ങടെ ജാതിയും ഒന്നും എനിക്ക് രണ്ടല്ല. ഞങ്ങള്‍ക്കെല്ലാര്‍ക്കും മണ്ണാണ് മകന്‍, മണ്ണാണ് മകള്‍. ജാതിക്കോമരങ്ങളെ പടച്ചു വിടുന്നവരെ അരിവാളിറക്കി വെട്ടാനൊന്നും  ഞങ്ങള്‍ പോണില്ല. ഞങ്ങടെ മുലപ്പാല് കുടിച്ചു വളരുന്ന ഗോപുരങ്ങളാണ് നിങ്ങള്‍. മണ്ണിനെ കൊല്ലരുത്. ഞങ്ങളെ തിന്നരുതു. ഞങ്ങടെ ചൂട് പറ്റിയാണ് കുട്ടികളേ നിങ്ങള്‍ തടിച്ചു കൊഴുക്കുന്നത്.
സങ്കടമില്ല കുഞ്ഞുമക്കളേ.. ഒട്ടും വേദനയില്ല കുഞ്ഞുങ്ങളേ..അധികാരത്തിന്റെ പന്നിക്കൂട്ടങ്ങള്‍ പാടത്തെയെന്ന പോലെ ഞങ്ങളെ കഷ്ണം കഷണമാക്കി മുറിച്ചിട്ടും വേദനിച്ചിട്ടില്ല..എന്നിട്ടോ...
നീതിയുടെ നേതാവ് നിങ്ങളല്ലല്ലോ."

പോയ കാലത്തിന്റെ നിറഭംഗിയില്‍ അവര്‍ നിറഞ്ഞു ചിരിക്കുന്നത് കണ്ടു ആകാശവും ചിരിച്ചു. മഴയൊന്നു ചിണുങ്ങിച്ചിരിച്ചപ്പോള്‍ ചെള്ളിച്ചിയമ്മ കുറുമ്പോടെ കണ്ണ്കോട്ടി. വസന്തേച്ചി പിന്നെയും പിന്നെയും ഉറക്കെയുറക്കെ ചിരിച്ചു..

Saturday, August 27, 2011

ഒരു പന്തലിനു കീഴെ ഒരൊറ്റ സ്വപ്നം

ചൂടും തണുപ്പുമുള്ള വിവിധ മുറികളിലിരുന്നു ആര്‍ക്കും എന്ത് തോന്ന്യാസവും പറയാം. പ്രധാനമന്ത്രിയെയും രാഷ്ട്രപതിയേയും നല്ല പച്ചത്തെറി വിളിക്കാം. പക്ഷെ വെളിച്ചത്തേക്കിറങ്ങുമ്പോള്‍ ശബ്ദങ്ങള്‍ക്ക്‌ കനലോ മുഷ്ട്ടിക്കു കരുത്തോ ഉണ്ടാവില്ല.
നമ്മെ കോഴിക്കോടിന്റെ ചൂടിലെത്തിച്ച തും ആ ഒരു ബോധമായിരിക്കാം.
ഒരു ഫെയ്സ്ബുക് ഗ്രൂപ്പില്‍ നിന്നിറങ്ങി വന്നു മാലോകരേ..ഇതാണ് നമ്മുടെ സോദരി ഇറോം എന്ന് വിളിച്ചു പറയാന്‍ മാത്രം കരുത്തു നമുക്ക് പകര്‍ന്നു തന്നത് ഒരു പറ്റം യുവതയാണ്.

രഞ്ജിത്തും അജ്മലും ഇര്‍ഷാദും ഏതു പാര്‍ട്ടിക്കാരാണെന്നു ഞങ്ങള്‍ക്കറിയില്ല.
നാമൂസും പ്രദീപ്‌ കുമാറും ബല്‍രാജും ഏതു പ്രത്യയ ശാസ്ത്രത്തിന്റെ വക്താക്കളാണെന്നു ഞങ്ങള്‍ ചോദിച്ചിട്ടില്ല.നീലട്ടാര്‍പ്പായ കെട്ടിയ പന്തലിനു താഴെ ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ വേര്‍തിരിവുമില്ലാതെ ഒരേ വികാരത്തോടെ എല്ലാവരും അവള്‍ക്കു വേണ്ടി ശബ്ദിച്ചു.അവിടെ ഉയര്‍ന്നത് നമ്മുടെ ഈ സോദരിക്കു വേണ്ടി നിങ്ങള്‍ ഒന്നിക്കുമോ എന്നു മാത്രം..


തീര്‍ച്ചയായും നമ്മള്‍ ഓര്‍ക്കേണ്ട ചില വ്യക്തിത്വങ്ങളുണ്ട് . നാമൂസിനെയും രഞ്ജിത്തിനെയും മറ്റു പലരെയും മറന്നു ഈ കൂട്ടായ്മയെ പരിചയപ്പെടുത്താനെ കഴിയില്ല. മനസ്സില്‍ വിപ്ലവമാത്മകത  കാത്തു സൂക്ഷിക്കുന്ന, സ്ഫോടനാത്മകതയുടെ അളവുകോലുകലുള്ള ഗള്‍ഫ് വേരുകള്‍ ഈ കൂട്ടായ്മക്ക് ഊര്‍ജ്ജം പകര്‍ന്നത് കൊണ്ടാണ് ലോകം ഈ ചെറിയ കൂട്ടത്തെ ശ്രവിച്ചത്.
നിങ്ങള്‍ക്കറിയുമോ .., ഈ ഒരൊറ്റ കാര്യം തലയില്‍ കുത്തിക്കൊള്ളിച്ചാണ് നാമൂസ് ദോഹയില്‍ നിന്നും വിമാനം കയറിയത് .വെറും പത്തു ദിവസത്തിനു. ഉമ്മാന്റെയും ഉപ്പാന്റെയും തുടങ്ങി കെട്ട്യോളുടെ വരെ പഴിയും കേട്ട് ആ മനുഷ്യന്‍ സമരത്തിന്റെ മാനുഷിക മുഖം നമുക്ക് കാണിച്ചു തന്നു.
വേറൊരാള്‍ പ്രോഗ്രാമിന്റെ ചൂട് തലയ്ക്കു പിടിച്ചു സ്വന്തം ലാപ്ടോപ് വരെ പരിപാടി നടന്ന ഹാളില്‍  മറന്നു വച്ചു. കൊച്ചിയില്‍ നിന്നും ഉപവാസം കൂടാന്‍ തലേന്ന് വണ്ടി  കയറിയ രഞ്ജിത്തേട്ടന്‍. അങ്ങനെ ഈ കൂട്ടായ്മക്ക് ഊടും പാവും തന്ന അനവധി പേര്‍. സാമൂഹിക പ്രവര്‍ത്തകരില്‍ സിവിക് ചന്ദ്രന്‍ സാര്‍ ആണ് എല്ലാ വിധ സഹായവും തന്നു അവസാനം വരെ നമ്മോടൊപ്പം ഉണ്ടായിരുന്നത്. ഒരു സാധാരണ ഫെയ്സ്ബുക് ഗ്രൂപ്പ് നടത്തിയ പരിപാടി ഇത്രത്തോളം മികച്ചതാക്കാന്‍ സഹായിച്ചത് അദ്ദേഹമാണ്.

വൈകീട്ട് അഞ്ചു മണിയോടെ ശ്രീമതി സാറാ ജോസഫ് നാരങ്ങ നീര് കുടിച്ചു ഉപവാസമാവസാനിപ്പിച്ചു.

"സംഗമങ്ങള്‍ വിപ്ലവങ്ങളുണ്ടാക്കിയെക്കാം സംഗമങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതല്ല
മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നതും ഗവണ്മെന്റിന്റെ നയങ്ങളെ ചോദ്യം ചെയ്യുന്നതും ഒരാള്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കാന്‍ മാത്രം പോന്ന പാതകമാണെന്നാണ് നിയമം പറയുന്നത്.നാമിതിനെതിരെ ബോധവാന്മാരാകണം. സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

നമ്മള്‍ കെട്ടിപ്പൊക്കിയുണ്ടാക്കിയ നിയമം, രാഷ്ട്രീയമോ സാമൂഹികമോ സാംസ്കാരികമോ ആയ വലിയ മാറ്റമുണ്ടാക്കേണ്ട നിയമം ചീട്ടു കൊട്ടാരം കണക്കെ തകര്‍ന്നടിയുന്നു മണിപ്പൂരില്‍..അവിടെയാണ് ചാനു വ്യത്യസ്തയാകുന്നത്. ആരാലുമറിയാതെ  ഒരു പെണ്ണ്, തന്റെ ജനതയുടെ ആത്മാഭിമാനത്തെ കൊന്നു കൊലവിളി നടത്തുന്ന യൂണിഫോമിട്ട ചെകുത്താന്മാര്‍ക്ക് നേരെ വാക്കുകള്‍ കൊണ്ടും ഉറച്ചു കട്ടിയായ മനം കൊണ്ടും ചോദ്യങ്ങലുയര്‍ത്തുമ്പോള്‍ ആര്‍ക്കും ഒരു ഞെട്ടലുമുണ്ടാക്കുന്നില്ല  എന്നത് അത്ര രസകരമായ കാര്യമല്ല.
സാധാരണക്കാരെ രക്ഷിക്കേണ്ട പട്ടാളം സ്ത്രീകളെ അപമാനിക്കുകയും എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തുകയും ചെയ്യുകയാണെന്ന് അജിത പറഞ്ഞുപരിപാടിയുടെ ഏറ്റവും വലിയ ആകര്‍ഷണം ഓജസ് ആയിരുന്നു. മണിപ്പൂരിന്റെ പോരാളി ഇറോം ശര്മിലക്ക് വേണ്ടി ഒരു കോളേജ് അധ്യാപികയായ ഓജസ് 'പന്തമേന്തിയ പെണ്ണുങ്ങള്‍' - 'ലെ മിശാലെ' എന്ന നാടകം ഇന്ത്യ മുഴുവനും മുന്നൂറോളം സ്റ്റേജൂകളില്‍ ഇത് വരെ അവതരിപ്പിച്ചു.
ഇരോമിനോടൊപ്പം മറ്റൊരു പോരാളി എന്നു വിശേഷിപ്പിക്കാം അവരെ..
ഞങ്ങളുടെ കയ്യില്‍ തോക്കുകളില്ല.
ഞങ്ങളുടെ കയ്യില്‍ മൂര്‍ച്ചയുള്ള ആയുധങ്ങളില്ല. ഞങ്ങളുടെ കയ്യില്‍ സമാധാനത്തിന്റെ വെള്ളക്കൊടിയും വെളിച്ചമേന്തിയ പന്തവും  മാത്രമേയുള്ളൂ..അവള്‍ തന്റെ സ്വരം ലോകം കേള്‍ക്കുമാറുച്ഛത്തില്‍ വിളിച്ചു പറഞ്ഞു.


പകല്‍ ഉപവാസത്തില്‍ ഓരോരുത്തരും മൈക്കില്‍ അവരുടെ വിയര്‍പ്പു വറ്റുന്നത് വരെ സംസാരിച്ചു.


പന്തലിനു മുന്നില്‍ കെട്ടിയ ബാനറു കണ്ടു ഒരു വഴിപോക്കന്റെ കൂലങ്കഷമായ ഡൌട്ട്..


"യാരെടാ ഇവള്"..

അതെ.. ഭരണ കൂടം നീതിയോട് ചോദിച്ച അതേ ചോദ്യം. ഈ കൂട്ടായ്മക്ക് ഐക്യദാര്‍ഡ്യം പ്രക്യാപിച്ചു നിരവധി പേര്‍ സ്ഥലത്തെത്തി. 
ശ്രീ. പി.കെ.പാറക്കടവ് കഥയും കല്പറ്റ നാരായണന്‍ കവിതയുമവതരിപ്പിച്ചു., 
പി കെ ഫിറോസ്‌ പാട്ടുകാരി സിതാര  തുടങ്ങി നല്ല ഒരു നിര തന്നെയുണ്ടായിരുന്നു. 

അവസാനക്കുറി: ജിതിനും ഞാനും കൂടി കടകളും ലൈബ്രറി ഹാളും കറങ്ങി ഒപ്പ് ശേഖരണം നടത്തുമ്പോള്‍ ഒരു കമന്റു കേട്ടു.
" അണ്ണാ ഹസാരെയുടെ സമരത്തിനു നിങ്ങളുടെ ഉപവാസമൊന്നുമില്ലേ?ഏതോ ഒരു പെണ്ണിന് വേണ്ടി സമരം നടത്തി സമയം കളയണോ?

Friday, August 12, 2011

ഗാന്ധീ..അങ്ങയുടെ രാജ്യം ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്..

ഇന്ത്യ അതിന്റെ സ്വാതന്ത്ര്യം വീണ്ടും ഓര്‍ക്കുകയാണ്. ഒരു പക്ഷെ ഏറ്റം നിറഞ്ഞതും അര്‍ത്ഥ പൂര്‍ണ്ണവുമായ അഭിമാനത്തോടെ. സ്വാതന്ത്ര്യപ്പുലരിയുടെ ഊഷ്മള സൗന്ദര്യം ഓരോരുത്തരിലും ഹര്‍ഷോന്മാദമുണ്ടാക്കുന്നു..

ഒരുപറ്റം വിപ്ലവകാരികളുടെ ചുണ്ടുകളില്‍ പിറന്ന സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്കെതിരിലുള്ള മുദ്രാവാക്യം ഇന്നെത്തി നില്‍ക്കുന്നത് നമ്മുടെയൊക്കെ വിരല്‍ തുമ്പുകള്‍ വരെയാണ്.
ആ വിപ്ലവ സ്വരങ്ങള്‍ക്ക് പക്ഷെ ഇന്ന് എത്രത്തോളം ശക്തി കുറഞ്ഞുവെന്നു ഊഹിച്ചാല്‍ മനസ്സിലാകുന്നതെയുള്ളൂ..
സ്വാതന്ത്ര്യം ഇന്ന് അതിന്റെ അന്തസ്സത്ത വിട്ടു പുറത്തു വന്നിട്ടില്ല എന്നര്‍ത്ഥം..
അധികാരത്തിന്റെ നിറം കൂടുതല്‍ കൂടുതല്‍ കറുപ്പിലേക്ക്‌ വലിച്ചിഴക്കപ്പെടുന്നതില്‍ ഗാന്ധിയുടെ മനസ്സ് എത്ര മാത്രം വേദനിക്കുന്നുണ്ടാകുമെന്നു ഈ സ്വാതന്ത്ര്യ ദിനമെങ്കിലും കാണിച്ചു കൊടുത്തിരുന്നുവെങ്കില്‍..

അവകാശ നിഷേധമാണ് ഇപ്പോഴും ഇന്ത്യ നേരിടുന്ന പ്രസക്തമായ ചോദ്യം.
മനുഷ്യന്റെ പ്രാഥമികമായ അവകാശങ്ങള്‍ യാഥാര്‍ത്യമാക്കുന്ന അന്തരീക്ഷം എന്ന അര്‍ത്ഥ തലത്തില്‍ നിന്നും ജനാധിപത്യത്തെ നോക്കിക്കാണാന്‍ മാത്രം ആഗ്രഹിക്കേണ്ടി വരുന്നു. കാരണം അത് പോലും നിഷേധിക്കപ്പെടുന്നവന് ജനാധിപത്യം ചവച്ചിറക്കാന്‍ കയ്പ്പുള്ള സത്യമായി അവശേഷിക്കപ്പെടും.
അങ്ങനെ ഒരു പൂര്‍ണ്ണതയുമെത്തിയിട്ടില്ലാത്ത പോല്‍ കഴുതയുടെ കാലുകളും സിംഹത്തിന്റെ വയറും 'വൃത്തികെട്ട മനുഷ്യാര്‍ത്തി'യുടെ തലയുമുള്ള വെറുമൊരു ബാലറ്റ് മെഷീന്‍ മാത്രമാണ് ഇപ്പോള്‍ ജനാധിപത്യമെന്നു പറഞ്ഞാല്‍ നിഷേധിക്കാനാകുമോ??

ചീഞ്ഞുനാറിയ ഭരണ വ്യവസ്ഥകളെ ഇനിയും നാം ന്യായീകരിക്കണോ? അല്ലെങ്കിലും നവ അടിയന്തിരാവസ്ഥയുടെ ഭീകര മുഖം കാര്‍ന്നു തിന്ന ഇറോം ഷര്‍മ്മിളമാരോടും അവകാശ നിഷേധങ്ങളുടെ കൂരമ്പ്‌ തറഞ്ഞ  മഅദനിമാരോടും എന്തുണ്ട് നിങ്ങള്‍ക്ക് പറയാന്‍??
നീതിയുടെ അളവ് കോല്‍ കോടതിപ്പടിയുടെ അകങ്ങളില്‍ നീണ്ടുയര്‍ന്ന മേശപ്പുറത്തിനു മുകളിലിരിക്കുമ്പോള്‍ അതേ പുറങ്ങളില്‍ തന്നെ മുറിഞ്ഞു പഴുത്തൊലിച്ച വൃണവുമായി കരയുന്ന  മനസ്സോടെ ഗാന്ധിത്തലയുള്ള പച്ച നോട്ടുകള്‍ കാണേണ്ടി വരുന്ന അവസ്ഥ എത്രത്തോളം ഉള്‍ക്കിടിലമുണ്ടാക്കുന്നുണ്ട്.

'ശക്തമായ' ജനാധിപത്യത്തിന്റെ ചൂടുപറ്റി ജീവിക്കുകയും അത്രത്തോളം തന്നെ 'അശക്തമായ' ജനാധിപത്യത്തിന്റെ ഒഴുക്കില്ലാ മൂലയില്‍ ഒരുളുപ്പുമില്ലാതെ കയ്യിട്ടു വാരുകയും എന്നിട്ട് ജനാധിപത്യ  സംവിധാനത്തെ ജീവനോടെ തന്നെ കുഴിച്ചു മൂടുകയും സാമൂഹികമാനങ്ങളേതുമില്ലാതെ ഗുണ്ടാ പ്രസംഗവും വേണ്ടാ പിരിവും നടത്തുന്ന അഴിഞ്ഞാട്ടം കണ്ടിട്ട് മിണ്ടാതിരിക്കാന്‍ ഈ ചരിത്രദിനത്തിലും ആളെക്കിട്ടുന്നു എന്നതാണ് അത്ഭുതം..

വസന്തം പൂക്കുന്ന ഒരു പൂങ്കാവനത്തിനു വേണ്ടി പ്രതീക്ഷയോടെ പണിയെടുത്ത ഒരു ജീവന്റെ വിരിമാറിലേക്ക് വെടിയുതിര്‍ത്തപ്പോള്‍ മരിച്ചു പോയത് ഒരു ജനതയുടെ മനസ്സ് കൂടെയായിരുന്നു. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിഖു, പാര്‍സി ലേബലില്ലാതെ, ഒറ്റപ്പെട്ടു നിന്ന മനുഷ്യരെ കൂട്ടായി ചകിരിച്ചോറു കളഞ്ഞു പിരിച്ചൊറ്റക്കയറാക്കി മാറ്റി രാജ്യം നേടിയെടുത്ത ഭഗത് സിങ്ങുമാരുടെ  ഇന്ത്യയാണിന്നിങ്ങനെ എന്നാലോചിക്കുമ്പോള്‍ ലജ്ജ കൊണ്ട് മുഖം താഴ്ത്താം നമുക്കോരോരുത്തര്‍ക്കും. ഉറക്കമില്ലാത്തവര്‍ നേടിത്തന്ന ആ സ്വാതന്ത്ര്യത്തെ ഒരു പോലെ ആഘോഷിക്കുകയും അതെ സ്വാതന്ത്ര്യം വച്ച് തന്നെ സാമ്രാജ്യത്വപ്പരിഷകള്‍ക്ക് കൂട്ട് നില്‍ക്കുകയും ചെയ്യുന്ന വൈരുദ്ധ്യം.., ഒരേ സമയം ഗാന്ധിയെ നാവു കൊണ്ട് സ്മരിക്കുകയും മുതലാളിത്തത്തിനോശാന പാടുകയും ചെയ്യുന്ന വൈരുദ്ധ്യം. ഇവ വായിക്കേണ്ടത് ''നട്ടെല്ല് നഷ്ടപ്പെട്ട ഇറച്ചിക്കഷണങ്ങള്‍'' എന്നാണ്..യാങ്കിപ്പടക്ക് വേണ്ടി കൈ പൊക്കുന്നവരെ അങ്ങനെ തന്നെയല്ലേ വിശേഷിപ്പിക്കേണ്ടത്??

ഇന്ന്,  ആകെ കൂട്ടി നോക്കിയാല്‍ തട്ടിപ്പ് വെട്ടിപ്പ് മദ്യം,മയക്കുമരുന്ന് ക്രിമിനലുകളുടെ വളര്‍ച്ച പെണ്‍വാണിഭം, കള്ളനോട്ട്, കള്ളപ്പണം, നോട്ടിരട്ടിപ്പ്, സൈബര്‍ ക്രൈമുകള്‍ എന്ന് തുടങ്ങി സകലമാന വൃത്തികേടും ചെറിയ തോതിലോ വലിയ തോതിലോ നടക്കുന്ന ഈ ഇന്ത്യാമഹാരാജ്യം സാധാരണയില്‍ നിന്നും ഒരു വ്യത്യാസവുമില്ലാതെ മക്കള്‍ രാഷ്ട്രീയത്തിലൂടെ എല്ലാ നേതാക്കന്മാരും ഒത്തൊരുമിച്ചു നടത്തിക്കൊണ്ടിരിക്കുന്നു..ഒരു രാഷ്ട്രത്തിന്റെ ആത്മാവിനു,   മഹാത്മാവിനു മങ്ങലേറ്റിരിക്കുന്നു. ജനാധിപത്യമെന്ന പേരില്‍ ഉറഞ്ഞു തുള്ളപ്പെടുന്ന നിലയങ്ങള്‍ മുഴുവന്‍ അഴിമതിക്കറ പുരളുകയും ആ രാഷ്ട്രത്തിന്റെ അകം കനല്‍ കെട്ട് പുക വമിച്ചു ചാരം നിറഞ്ഞ് ഇരുട്ടില്‍ മുങ്ങുകയും ചെയ്യുമ്പോള്‍ നാം ആരെയാണ് ഓര്‍ക്കേണ്ടത്..
ആരെയാണ് പഴിക്കേണ്ടത്?

വിപ്ലവാത്മകത തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു യുവത്വമുണ്ടിവിടെ..
ക്രിയാത്മകമായ ഒരു പ്രവര്‍ത്തനത്തിലുമേര്‍പ്പെടാതെ അങ്ങാടിയോരങ്ങളിലെ ഷെഡുകളില്‍ പനപ്പാത്തി കൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളിലിരുന്നു  നെറികെട്ട ഭരണ നേതാക്കന്മാര്‍ക്ക് വേണ്ടി വായിട്ടലക്കുന്ന, ഇത്തിരി പോലും പൊരിച്ചിലുകള്‍ മനസ്സില്‍ അവശേഷിക്കാത്ത കുട്ടിനേതാക്കള്‍..പട്ടണം വിട്ടു ഗ്രാമം കേറിയ അബ്കാരിപ്പാര്‍ട്ടികളുടെ വില കൂടിയ മദ്യം കഴിച്ചു ചോരയുടെ ചുവപ്പ് നഷ്ട്ടപ്പെട്ട കുറെയേറെ യുവത്വങ്ങള്‍..

ഇപ്പുറത്ത്..
നിറഞ്ഞ മനസ്സോടെ പ്രതിഫലേച്ഛയില്ലാതെ സംസ്കാരത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യവത്തായ ഭൂമികയില്‍  നിലയുറപ്പിച്ചു നന്മേച്ചുക്കളായ ചില കൊച്ചു സംഘങ്ങള്‍ ഉണ്ടെന്നത് വളരെ ആവേശമുളവാക്കുന്നു.
അവര്‍ സ്നേഹപൂര്‍ണ്ണമായ ഒരു നവ സാമ്രാജ്യം കെട്ടിപ്പടുക്കുന്ന കാലം അതി വിദൂരത്തല്ല..

ഇങ്ങനെയൊക്കെ തീര്‍പ്പുണ്ടാവുമ്പോള്‍ നമ്മള്‍ ആരിലാണ് അഭയം പ്രാപിക്കേണ്ടത്‌ എന്ന വലിയൊരു  ചോദ്യം രൂപപ്പെടും.
ആ ചോദ്യങ്ങള്‍ ചോദ്യമായി തന്നെ അവശേഷിക്കുന്നതാവും നല്ലത് . കാരണം അവിടെയാണ് പൊട്ടിത്തെറികളുണ്ടാവേണ്ടത്. സര്‍ഗാത്മകമായ പൊട്ടിത്തെറികള്‍... 

Monday, August 1, 2011

നേര്‍ച്ചക്കള്ളന്‍

അങ്ങനെ നോമ്പിന്റെ ആദ്യ ദിവസം കഴിഞ്ഞു..

ഓരോ വര്‍ഷവും ഒരു മാസം മാത്രമാണ് പുലര്‍ച്ചെ നാല് മണി കാണാറുള്ളത്‌.. ഉപ്പയുടെ വിളി കേട്ട്  ഞാന്‍ എഴുന്നേറ്റപ്പോള്‍ അനിയത്തിക്കുട്ടിയുണ്ട് എഴുന്നേറ്റിരിക്കുന്നു.
'ഈ മാസം ഞാന്‍ മുഴുവന്‍ നോമ്പും നോല്‍ക്കും..
എന്താ ഇക്കാക്ക് കാണണോ?'
അവള്‍ പറഞ്ഞു.

'എത്രയെണ്ണം നോല്‍ക്കും?
അറുപതെണ്ണമാണോ?
ഓരോ ദിവസവും രണ്ടെണ്ണം വച്ച് ഒരു മാസം അറുപതെണ്ണം. '

അയ്യേ.. അങ്ങനയല്ല.
മുപ്പതും നോല്‍ക്കും.. 
നാലാം ക്ലാസ്സുകാരിക്ക് വെവരമുണ്ട്..

പിന്നെയൊന്നും പറയാന്‍ നിന്നില്ല. വയറു നിറച്ചും അവള്‍ ഭക്ഷണം കഴിക്കുന്നത്‌ കണ്ണ് നിറയെ നോക്കി നിന്നു.

സൂര്യന്‍ തലപൊക്കി രാവിലത്തെ സലാം പറഞ്ഞു..
അത്താഴം കഴിച്ചതിന്റെ ക്ഷീണം കണ്ണുകളില്‍ വന്നു നിറയുന്നുണ്ട്. അത് മയക്കമായി മാറുന്നതിനു മുമ്പ് പുറത്തു നിന്നും ഒരു അവ്യക്തമായ ശബ്ദം കേട്ടു. ആരാണീ നേരത്ത് പാട്ടും പാടി വരുന്നത്..

പ്രായമായ വല്ല്യുമ്മ ക്ഷീണം കൊണ്ടുറങ്ങുകയാണ്. 
ഡോര്‍ ബെല്ലടിക്കാനനുവദിക്കാതെ ഞാന്‍ വാതില്‍ തുറന്നു.
കയ്യില്‍ ഹാര്‍മോണിയം പെട്ടിയുമായി നീണ്ട പൈജാമ ധരിച്ചു പാവം ഒരാള്‍..
മുഷിഞ്ഞു നാറിയ വസ്ത്രം. വെറ്റിലക്കറ പുരണ്ട പല്ലുകള്‍. 
തമിഴും ഹിന്ദിയുമൊക്കെ കൂടിയ ഭാഷയില്‍ അയാള്‍ ഉച്ചഭാഷിണി തുറന്നു പാട്ട് പാടാന്‍ തുടങ്ങി.

സ്റ്റാര്‍സിങ്ങര്‍ കണ്ടു ശ്രുതിയും പല്ലവിയുമൊക്കെ പഠിച്ച നമ്മളുണ്ടോ ശോക ഗാനം ചൊല്ലാനനുവദിക്കുന്നു??

സുഹൃത്തെ ??..എന്താണ് വേണ്ടത്??

ഷെയ്ഖ്..ഷെയ്ഖ്..

അത് കേട്ടപ്പോ തന്നെ സംഗതി നോമ്പ് കാലത്തെ സ്ഥിരം തട്ടിപ്പാണെന്ന് തോന്നി.

എന്ത് ഷെയ്ക്ക്? ഷാര്‍ജ ഷൈക്കോ?
അത് നിങ്ങളാണോ?

ഞാന്‍ ഷെയ്ഖ്‌ അജ്മീര്‍ ഖോജയുടെ അടുത്ത ആള്‍ താന്‍...
നേര്‍ച്ച താങ്കോ.. 
അവിടെ.. കൊണ്ട് കൊടുക്കും..
ഉങ്കള്‍ക്ക്‌ വേണ്ടി പ്രാര്ത്ഹിക്കും...

നേര്‍ച്ച..
എങ്ങനെയെങ്ങനെ?
നേര്‍ച്ചയോ?

'അതപ്പാ..സ്വര്‍ണ്ണം കാശ്.. വസ്ത്രം ഇന്ത മാതിരി എന്തായാലും..'
അയാള്‍ പടച്ചോന്റെ ഏറ്റവും അടുത്ത ആളെന്ന നിലയില്‍ പിന്നെയും കുറെ തിരിയാ ഭാഷ പറഞ്ഞു.

എന്തോ ഒച്ചയും പാട്ടുമൊക്കെ കേട്ടു വല്ലിമ്മ ഓടിവന്ന് ഏന്തി വലിഞ്ഞു വന്നു നോക്കി..
അജമീറെന്നു കേട്ടാല്‍ വല്ലിമ്മമാര്‍ക്ക് ഹൃദയത്തില്‍ ബഹറല്ലേ..

'എന്റെ കുട്ട്യേ.. നീയെന്താണി ചെയ്യുന്നത്.. ഒനെന്തെലുമൊക്കെ കൊടുക്ക്..
എന്റെ ഖോജ രാജാവായ തമ്പിരാനെ...കാക്കണേ..'''

കാതിലെ സ്വര്‍ണ്ണമൊന്നും ഊരാഞ്ഞതില്‍ ഞാന്‍ പടച്ചവനോട് നന്ദി പറഞ്ഞു. 
കീശയില്‍ നിന്നു കിട്ടിയ അഞ്ചു രൂപ കൊട്ടന്‍ അയാളുടെ കയ്യില്‍ കൊടുത്തു.. 
ആദ്യ നോമ്പിന് തന്നെ ഒരു തട്ടിപ്പനെ വെറുതെ മടക്കണ്ട.

അപ്പോഴല്ലേ സംഗതി രസമായത്..
മൂപ്പിലാന്‍ ആ അഞ്ചു രൂപ വാതില്‍ പടിയില്‍ വച്ച് പറഞ്ഞു 
'നീങ്ക എന്താ ചെയ്യമ്മാ??
നമ്മയാര്.. തെണ്ടിയാ???'

''പിന്നെയെന്തു വേണം?'' വല്ലിമ്മ ഭവ്യതയോടെ നില്‍ക്കുമ്പോള്‍ ദേഷ്യം മൂക്കിനു പിടിച്ചു ഞാന്‍ ചോദിച്ചു..

'പെരിയത്. പെരിയ സംഖ്യാ.. പെരിയ എന്തെങ്കിലും.. 
ഇത് പിച്ചയല്ല. പെരിയതുണ്ടോ..ഉണ്ടാ..??''

'ഇയാളെ ഞാനിന്നു..'

ശരി അപ്പുറത്തൂടെ വാ.. അയാളെ ഞാന്‍ അടുക്കള ഭാഗത്തേക്ക് വിളിച്ചു..
വല്ല്യുമ്മയോട് ഒളി കണ്ണിട്ടു നന്ദി പറഞ്ഞു സന്തോഷത്തോടെ പെട്ടെന്ന് അയാള്‍ എന്റെ പിറകെ അടുക്കള ഭാഗത്തെത്തി..

'നേര്‍ച്ചക്ക്  പെരിയ സാധനം വേണമെന്ന് പറഞ്ഞില്ലേ..ഇതാ ഇത് കയ്യോടെ എടുത്തോളൂ..'
അടുക്കള ഭാഗത്തെ വലിയ ഉരലും ഉലക്കയും കാണിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു..

പിന്നീടെന്തോക്കെയാണ് സംഭവിച്ചതെന്നറിയാന്‍ അവിടെ നിന്നില്ല. അടുക്കള വാതിലടച്ചു ഞാന്‍ എന്റെ മയക്കത്തിലേക്ക് വീണു..

Tuesday, July 26, 2011

ഈ ജന്മം കൊണ്ടിത്രയെങ്കിലും..

ബസ്സിലെ ജനലുകള്‍ക്കിടയിലൂടെ ഓര്‍മ്മകള്‍ തികട്ടി വന്നു.
ആ നനവുകളാണ് അപ്പുവിന്റെ വീട്ടിലേക്കു പോകാന്‍ പ്രേരണയാകുന്നത്..

അപ്പുവിനെ ഞാന്‍ കാണുന്നത് കറുത്ത ചുമരുകള്‍ക്കിടയിലെ ചവറ്റുകൂനകള്‍ക്ക് നടുവില്‍ നിന്നല്ല.
കണ്ണുകളില്ലാത്ത അവനു, ചുറ്റും അങ്ങനെയാണ് താനും.. 
കണ്ണടച്ച് കിടക്കുമ്പോള്‍ വെളിച്ചം കയറുന്ന കണ്‍പോളകള്‍ക്കുള്ളിലെ നിറം മങ്ങിയ ഞരമ്പുകള്‍ കണ്ടിട്ടില്ലേ?.. 
അത്രയെങ്കിലും ഓര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അവനാരെയും പഴിക്കില്ലായിരുന്നു.. 
ഭംഗിയാര്‍ന്ന കൃഷ്ണ മണികള്‍ ജന്മമെടുക്കേണ്ടിടത്തു ഇരുളടഞ്ഞ കുഴികള്‍ മാത്രം തന്ന ദൈവത്തോടല്ലായിരുന്നു അവനു പുച്ഛം... 
'വഴിവക്കിലെ വന്മരം സഞ്ചാരികള്‍ക്ക് തണലിനു പകരം വെയില്‍ നല്‍കിയിരുന്നെങ്കില്‍ എത്ര മരങ്ങളാണ് പഴി കേള്‍ക്കേണ്ടി വരിക..'
അച്ഛനോടുള്ള ദേഷ്യം അങ്ങനെയാണവന്‍ പറഞ്ഞു തീര്‍ത്തത്.. 

'കാഴ്ചയില്ലാത്ത ഞാന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ അപമാനിതയായ എന്റെ അമ്മക്കൊരു കൂടുണ്ടാകുമായിരുന്നു..കണ്ണുകളില്ലാതെ ജന്മമെടുത്ത ഞാനാണ് അമ്മയില്‍ നിന്നും അച്ഛന്‍ വേര്‍പ്പെടാന്‍ കാരണം..'''

പിന്നെയും അവനെന്തോക്കെയോ പറഞ്ഞു..തന്റെ സ്വപ്നങ്ങളെപ്പറ്റി..
കണ്ണില്ലാത്തവന്റെ സ്വപ്നങ്ങള്‍ക്ക് കണ്ണുള്ളവന്റെയത്ര ഭംഗിയുണ്ടാകുമോ??

ഉമ്മറപ്പടിയിലെ ചെളി നിറഞ്ഞ ചെങ്കല്ലില്‍ ഒരാളുടെയും സഹായമില്ലാതെ അന്ധനായ അപ്പു കയറി നില്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു ആഹ്ലാദം അവനിലുണ്ടെന്നു തോന്നി..
അപ്പു പറഞ്ഞു തീര്‍ത്തതത്രയും സ്നേഹമില്ലാത്ത തന്റെ അച്ഛനെക്കുറിച്ചായിരുന്നു..
ഒപ്പം ചെറുപ്പത്തിലേ സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിക്കുന്നൊരമ്മയെക്കുറിച്ചും ..
തന്റെ മനസ്സിലെ മൗനം മഴയില്‍ കുതിര്‍ന്ന ചെങ്കല്ലില്‍ കൂടി വേഗത്തില്‍ കാലുകളില്‍ പടര്‍ന്നതു കൊണ്ടാവാം അവന്റെ നനുത്ത കരങ്ങള്‍ക്കിത്രയധികം ചുവപ്പ് എന്നെനിക്കു തോന്നി...

വര്‍ഷങ്ങള്‍ക്കു ശേഷമിന്നൊരു ഒഴിവു ദിവസത്തില്‍ വീണ്ടും അവന്റെ  അടുത്തെക്കൊന്നു പോകണമെന്ന് തോന്നി...
വേണം..
അവന്റെ സ്വപ്‌നങ്ങള്‍ സഫലമായോ എന്നറിയണം...

ബസ്സിലിരിക്കുമ്പോള്‍ പിന്നിലേക്ക്‌ കുതിക്കുന്ന മരങ്ങള്‍ അസഹ്യമായി തോന്നിയതേയില്ല..
മരങ്ങളെപ്പറ്റി  അവന്‍ പറഞ്ഞ വാക്കുകളോരോന്നും ഓര്‍മ്മയില്‍ കുരുങ്ങി നിന്നു..  
വെയിലേറ്റുവാങ്ങി തണല്‍ നല്‍കുന്ന മരങ്ങളെപ്പറ്റി.. 
തണല്‍ മുറിച്ചു മാറ്റുന്ന കോടാലികളെക്കുറിച്ച് .. 

ഇപ്പോള്‍ ആ പഴയ വള്ളിക്കുടില്‍ നിന്നിടത്തൊരു സുന്ദരമായ ഭവനം.
സ്നേഹ നിധിയായ ആ അമ്മയും പുഞ്ചിരി തൂകി ടൈല്‍ പാകിയ  ഉമ്മറപ്പടിയില്‍ നില്‍ക്കുന്നു.
സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിക്കുകയാണവനും അമ്മയും ആ വീടും...

വരണ്ട മണ്ണില്‍ നിന്നും അവനെന്നെ കൊണ്ട് പോയത് ചാലിയാറിന്റെ മണലിലേക്കാണ് .
തീരത്തു ഓരത്തുള്ളോരു ചെങ്കല്ലില്‍ ചവിട്ടി അവന്‍ നിന്നു.
എന്തിനാണ് നീ എപ്പോഴും ചെങ്കല്ലുകളില്‍ ചവിട്ടി നില്‍ക്കുന്നത്.
നേര്‍ത്തൊരു ചിരിയോടെ അവനതിന്റെ ഉത്തരവും പറഞ്ഞു..
'ഇതെന്റെ അച്ഛനാണ്...അച്ഛനാണ്...'''

അമ്മയെ ഉപേക്ഷിച്ചു വേറൊരു കൂട് തേടി പോയ അച്ഛനോടുള്ള അവന്റെ ദേഷ്യത്തിന് വര്‍ഷങ്ങള്‍ക്കു ശേഷവും ഒരു കുറവും വരാത്തതില്‍ ഒരു അത്ഭുതവും തോന്നിയില്ല.

ചാലിയാറില്‍ ഇളം പച്ചനിറത്തില്‍ അടിത്തട്ടു വരെ പളുങ്ക് പാത്രം പോലെ വെള്ളം..
വഴുക്കൊട്ടിയ കല്ലുകള്‍ക്ക് മീതെ നീല മത്സ്യങ്ങള്‍ കഥകള്‍ പറഞ്ഞൊഴുക്കിനെതിരേ നീന്തിക്കൊണ്ടിരിക്കുന്നു ..!!


'ഞാന്‍....
രക്തസാക്ഷിയല്ലിന്നു...
ഒഴുക്കിനെതിരെ നീന്തിക്കൊണ്ടിരിക്കുന്ന നീല മത്സ്യത്തെ കണ്ടില്ലേ നീ...
അതുപോലെ...
സ്വപ്‌നങ്ങള്‍ തന്നതാണെനീക്കീ പ്രപഞ്ചം...
എന്റെ പരിശ്രമം..അതാണെല്ലാം നേടിയത്..
ഈ ലോകം എന്റേത് കൂടിയാണെന്ന് ഞാന്‍ തെളിയിച്ചു കഴിഞ്ഞു .''''

ചാലിയാറിനെ സാക്ഷി നിര്‍ത്തി, വായുവില്‍ തട്ടി വിജയിയായ കണ്ണ്പൊട്ടന്റെ ആ ശബ്ദം ജ്വലിച്ചു നിന്നു...

Wednesday, July 13, 2011

ചിറകു മുളക്കാനനുവദിക്കാതെ..

വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ആ മുഖമെന്റെ മനസ്സില്‍ നിന്നും മായുന്നില്ല. 
ഓര്‍ക്കരുതേ മനമേ എന്ന് സ്വന്തം കാതില്‍ എത്രയോതിയിട്ടും ആ തേങ്ങലെന്നെ വിട്ടു പിരിയുന്നില്ല. 
അവന്‍ തന്ന അനുഭവവും നീറ്റലും മനസ്സില്‍ വരച്ചിടുന്നത് നുറുങ്ങുന്നൊരു നോവാണ്. 

ചെറിയ കുട്ടിയായിരുന്നു അവന്‍. കുസൃതിക്കൊട്ടും കുറവില്ലാത്തവന്‍..
പബ്ലിക് സ്കൂളിന്റെ ഇത്തിരിപ്പോന്ന ഗ്രൗണ്ടില്‍ മുഴുവന്‍ കാല്‍ പതിയണമെന്ന കുട്ടിബോധം കൊണ്ടാവും ഗ്രൌണ്ട് മുഴുവന്‍ ഓടുമായിരുന്നു അവന്‍. സ്കൂളിന്റെ ഡിക്ഷ്ണറിയില്‍ പൊട്ടിപ്പൊരിച്ചില്‍ എന്നാല്‍ അര്‍ഥം അവനായിരുന്നു. 


കഴുത്തിലിട്ട് നടക്കാന്‍ ചെമന്ന കളറുള്ള വാട്ടര്‍ ബോട്ടിലുണ്ടായിരുന്നില്ല അവനു. ഉപ്പ കൊടുത്ത ഒഴിഞ്ഞ മിനറല്‍വാട്ടര്‍ കുപ്പി കയ്യില്‍ പിടിച്ചു ഉച്ചച്ചോറൊട്ടിയ ടാപ്പ് തിരിച്ചു വെള്ളം പകുതിയും പുറത്തു കളഞ്ഞു കുപ്പി നിറക്കുന്നത് കാണുമ്പോള്‍ അണ്ണാറക്കണ്ണന്‍ പേരക്ക തിന്നാന്‍ കാണിക്കുന്ന ധൃതി പോലെ തോന്നും.
ടീച്ചര്‍മാരുടെ കയ്യും പിടിച്ചു ഞാനാടാ മൂത്താപ്പയെന്ന മട്ടില്‍ നടക്കുന്നത് കാണുമ്പോള്‍ മറ്റൊരു ടോട്ടോച്ചാനാണ് മനസ്സില്‍ വരിക. ഒരു രാവിലെ സ്കൂളിന്റെ മുകളിലത്തെ നിലയിലെ സയന്‍സ് ലാബില്‍ നീണ്ട പരീക്ഷണ  ടേബിളിലെ അമോണിയവും സള്‍ഫ്യൂരിക്കാസിഡുമൊക്കെ മാറ്റി വച്ച് മാഗസിന്റെ അവസാന പണിയും തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് ഞാനും സുഹൃത്തുക്കളും..
വൃത്തിയാക്കിയ എഴുത്തുകളൊക്കെയും കൂട്ടിപ്പെറുക്കി കൃത്യമാക്കുന്നതിനിടെ മേശയടുത്തു കത്തിച്ചു വച്ച മെഴുകുതിരി താഴെ വീണു കെട്ടു. ഒപ്പം കുഞ്ഞനിയന്മാരെ പോന്നു പോല്‍ നോക്കുന്ന ആയയുടെ നിലവിളിയും.. 
കസേര വലിച്ചിട്ടു ശബ്ദം കേട്ടിടത്തേക്കോടി. 


വെള്ള പുതപ്പിച്ച കുഞ്ഞു ശരീരം കണ്ടു വിറങ്ങലിച്ച അവന്റെ കുഞ്ഞു പെങ്ങളുടെ ശബ്ദം ഇപ്പോഴും കാതുകളില്‍ നിന്നും മാഞ്ഞിട്ടില്ല . 
ആ നശിച്ച ദിനം സ്കൂള്‍ ബസ്സിന്റെ പിന്നാലെ ഓടുന്നതിനിടയില്‍ കല്ലില്‍ കാലു തട്ടി വീണു.
തീരെ ശ്രദ്ധയില്ലാത്ത മരണചക്രം കയറിയിറങ്ങിയത്‌ ആ കുഞ്ഞു സ്വപ്നങ്ങള്‍ക്ക് മീതെയായിരുന്നു. നിശ്ചലമായ അവന്റെ ശരീരത്തോടൊപ്പം കുറച്ചകലെ വെള്ളം നിറച്ച കുപ്പി പൊട്ടി കരയുന്നുണ്ടായിരുന്നു..


കണ്ണ് രണ്ടും പൊത്തിപ്പിടിച്ചു അധ്യാപകന്‍ പിന്നിലോട്ടു വലിച്ചപ്പോള്‍ ഞാനറിഞ്ഞില്ല, മെഴുകുതിരിയോടൊപ്പം അണഞ്ഞത് കുസൃതിയായ ഹൃദയമായിരുന്നെന്നു..
മരണമേ ..നിനക്ക് ക്രൂരത കാണിക്കാന്‍ എത്ര ക്രൂരന്മാരുണ്ടിവിടെ... ..?
എന്നിട്ടും ....!!

Monday, July 11, 2011

ദുബായിക്കാരന്‍

ഏറെ നാളുകള്‍ക്ക് ശേഷമാണ് പാറു ആങ്ങളയെ  കാണുന്നത്.

പെന്നും പെന്‍സിലുമൊന്നും വേണ്ട. കാര്യായിട്ട് തടിക്ക്  പിടിക്കുന്ന എന്തങ്കിലും വേണം .
ദുബായി മണം ദേഹത്ത് പതിയാന്‍ ആങ്ങളയെ ആശ്ലേഷിക്കുമ്പോഴും പാറു നോക്കിയത് പെട്ടിയിലേക്കാണ്. പെട്ടിയില്‍ കണ്ണ് വീഴുമ്പോള്‍ അവളുടെ പള്ള തവളയുടെ പള്ള വികസിക്കുന്നത് പോലെ വികസിക്കുകയും ചുങ്ങുകയും ചെയ്തു.

ആഞ്ഞടിക്കുന്ന കൊടുങ്കാറ്റും കോരിച്ചൊരിയുന്ന മഴയും കതിനാ വെടി പോലെ ഇടിയും  ജനാലകളെ കൊട്ടിയടച്ചു.
ഒരു ദിവസം പോലും ഈ വീട്ടില്‍ ഞാന്‍ തങ്ങിയിട്ടില്ല. ഇന്ന് എന്നോട് നിന്നോളാന്‍ പറഞ്ഞു. പായില്‍ ഉറക്കം വരാന്‍ വേണ്ടി കിടക്കുമ്പോള്‍ പാറു നന്നായി   ആലോചിച്ചു,,ചിന്തിച്ചു... 
വന്നിട്ടിത് വരെ ഒരു ചായയല്ലാതെ അന്തിക്കൊരു ചോറ് കൂട്ടാന്‍ പോലും ആങ്ങളയുടെ പെണ്ണുമ്പിള്ളയുടെ അടുത്തൂന്നു  കിട്ടീല. കുട്ട്യോള്‍ക്ക് കൊടുക്കാന്‍ മുട്ടായി പോലും  തന്നീല്ല.

അന്തമില്ലാതെ അന്തിപ്പാതിരക്ക് കള്ളുകുടിയന്‍ ഭര്‍ത്താവ് കേറി വരുന്നതു ശീലമുള്ളത് കൊണ്ട് പാറുവിനു നല്ല ഉറക്ക ബോധമുണ്ടായിരുന്നു. ചെവിയില്‍ നിന്നല്‍പ്പം അകലെ സ്വന്തം കാലില്‍ പാദസരം കിലുങ്ങുന്ന ശബ്ദം മഴയുടെ താളത്തോടൊപ്പം പാറു കേട്ടു..

'ആരെടാ  അത് ..' 

മറിച്ചൊന്നും ഉരിയാട്ടമില്ല.
കള്ളുകുടിച്ചു  'മിച്ചം വെച്ച കാശ് കൊണ്ട് ഭര്‍ത്താവ് വാങ്ങി തന്ന പത്തു രൂപാ ടോര്‍ച്ചു' കൊണ്ട് മുഖത്തേക്കടിച്ചപ്പോള്‍ ബ്രൈറ്റ്ലൈറ്റ് ടോര്‍ച്ചു പോലെ മിനുങ്ങാത്ത വെളിച്ചം പാദസരക്കള്ളനെ കാണിച്ചു തന്നു.

വേറാരുമല്ല..,
പൊന്നാങ്ങള തന്നെ..

ആങ്ങള വീട്ടില്‍ നില്‍ക്കാന്‍ പറഞ്ഞതിന്റെ കാരണം കാല്‍ക്കാശിനു വകയില്ലാത്തത് കൊണ്ടാണെന്ന് പാറു ഞെട്ടലോടെ അറിഞ്ഞു...

Monday, July 4, 2011

വി ലവ് ബംഗാളീസ് മോര്‍ ദാന്‍ മലയാളീസ്..

അവരെ ഇങ്ങോട്ട് കൊണ്ടോന്നത് നമ്മള് തന്നെയാണ് കേട്ടോ..
നമ്മുടെ പിടിപ്പുകേട്‌. അല്ലാതെന്തു..??!!

പറഞ്ഞതില്‍ ഒരു തെറ്റുമില്ല..
8 മണിക്കൂര്‍ ജോലി എന്നുള്ളിടത്ത് നിന്നും നമ്മള്, കഷ്ടിച്ച് 2 മണിക്കൂര്‍ ജോലിയും 22 മണിക്കൂര്‍ വിശ്രമവും പള്ള നിറച്ചും കൂലിയും കിട്ടിയാലേ തേങ്ങ നാട്ടിലെ കൂലിതൊഴിലാളിക്ക് പള്ള നിറയൂ എന്നാക്കി. അതല്ലേ. .  
കോയാക്ക ജോസഫിന് റാന്‍ മൂളി..

എന്റെ വീട്ടിലും ശശിയേട്ടന്‍ പണിക്കു കൊണ്ടോന്നത് ഈ മിടുക്കന്മാരെ തന്നെയാര്ന്നു ട്ടോ..
ന്റെ ആയിശു ഒരു ചായണ്ടാക്കി കൊടുത്തപ്പോ അതിറ്റങ്ങക്ക്  എന്തൊരു സന്തോഷായീന്നോ..
മ്മളെ നാട്ടാരങ്ങനാണോ..ചായ പോയിട്ട കോഴി ബിരിയാണി വെച്ചു കൊടുത്താലും മൂന്തേം കനപ്പിച്ചു മുക്കി മുരളിയേ തിന്നൂ..കോയ മുഴുമിച്ചു.. 

കോയാ.. ഞാനൊരു പെയ്ന്റും പണിക്കാരനാണ്ന്നു അനക്ക് ഞാന്‍ പറഞ്ഞരണോ..ഞാനും ബംഗാളീസിനെ കൊറേ കണ്ടതാ...അന്റെ പെണ്ണുങ്ങള് ചായ വെച്ചു കൊട്ത്തപ്പോ ചിരിച്ചത് ചായന്റെ മൊഞ്ചോണ്ടല്ല.. ആയീശൂനെ നോക്കിക്കോ ഇയ്യ്.. 

ഗോപാലാ..ന്റെ കയ്യിന്റെ ചൂട് യറിയുംട്ടോ..വാണ്ടാത്തരം പറയ്യാ..
എന്തെ ഓലെ നന്നാക്കി പറഞ്ഞപ്പോ അനക്ക് പറ്റീലേ..കുയ്ന്താലേ..

നിര്‍ത്തിം..തല്ലുണ്ടാക്കല്ലിം ....
ഒരു തല്ലു തടയാന്‍ ജബ്ബാറിടപെട്ടു.

എന്നാലും പെയ്ന്റും പണിക്കാരന് ശുണ്ടി  മാറീട്ടില്ല..കോയ കേള്‍ക്കും വിധം ഉറക്കെ പറയാന്‍ തുടങ്ങി.
'പറയുന്നതിലിത്തിരി കാര്യോക്കെണ്ട്...,, ഓലെങ്ങനെ പുണ്യാളന്‍മാരാക്കണ്ട.
എത്ര നേരാ ഫോണ്‍ വിളി.പണി കഴിഞ്ഞു വന്നാ ഉടനെ തൊടങ്ങും. ഓരുടെ  വീട്ടിക്കാവും. കിട്ടുന്ന കാശ് മുഴുവന്‍ ഫോണ്‍ കമ്പനിക്കാര്‍ക്ക് കൊടുക്കാനേ നേരമുണ്ടാവൂ ഇങ്ങനാണെങ്കി..കൂട്ടത്തില് അന്റെ പെണ്ണ്ങ്ങക്കും വരും വിളി. സൂക്ഷിച്ചോ..

ഇച്ചങ്ങായിനെ ഞാനിന്നു...കോയ കയ്യോങ്ങിയപ്പോള്‍ ഗോപാലന്റെയടുത്ത്
ജബ്ബാര്‍ മണ്ടി വന്നു മണ്ടക്കൊന്നു തോണ്ടി മുണ്ടാതെ നിക്കാന്‍ പറഞ്ഞു.

ങാ.. തമിഴനും ബംഗാളീസും അത്ര ഉഷാറൊന്നുമല്ല. പണിടുക്കുന്ന കാര്യൊക്കെ ശരിയാണെങ്കിലും ഇടയില് ചെല എരണം കേട്ട ജാതികളുണ്ട്...
ങ്ങക്കൊര്‍മ്മല്ലേ. കഴിഞ്ഞ വല്യ പെരുന്നാളിന്റെ തലേന്ന് രണ്ടെന്നത്തിനെ ചമ്മട്ടി കൊണ്ടടിച്ച് കൊന്നത്. അപ്പൊ തന്നെ അവടെ കുഴിച്ചിടുകേം ചെയ്തു.   ങ്ങട്ട് ഒരുത്തന്റെ കുഴിച്ചിട്ടോട്ത്ത് ഒരു കയ്യ് മണ്ണിന്നു പൊന്തി കിടക്കുന്നത് കണ്ടത് ബഷീറാ..ഓന്റെ ധര്യം കൊണ്ട് പോലീസിനോട് പറയേം ചെയ്തു. അതോണ്ടല്ലേ പ്പോ ആ തെമ്മാടി ബംഗാളി ജയിലിലായത്. 
ജബ്ബാര് കൂടെ അങ്ങനെ പറഞ്ഞപ്പോ കോയ മിണ്ടാതിരുന്നു. എന്റെ സൈഡാരുംലേന്നൊന്നു ചുറ്റും നോക്കി. എന്നിട്ട ടുഷന്‍ മാസ്റര്‍ ജോസഫിനോട് കീഴ്ചുണ്ട് താഴ്ത്തി ചോദിച്ചു.

'എന്താ ജോസഫേ നിര്‍ത്ത്യോ അന്റെ തത്വം പറച്ചില്'.

'അതല്ല ഗോപാലാ.. ഞാനിങ്ങനെ ആലോചിക്കുവാര്‍ന്നു..ഇത്  പോലെ അറബികളും പറയുന്നുണ്ടാവുമല്ലോന്നു..അവിടുന്നിങ്ങോട്ട് വരുമ്പോ പെട്ടി നിറച്ചും മിട്ടായ്യീം കളിപ്പാട്ടോം കൊണ്ട് വരുന്ന പോലല്ലല്ലോ അങ്ങോട്ട ഒരു ഗള്‍ഫുകാരന്‍ പോവുണത്..അത് പോലെ തന്നെയല്ലേ ബംഗാളീസും.
വീടും കുടുംബോം കുട്ട്യോളും അവര്‍ക്കുമില്ലേ..
കെട്ടിക്കാനായ മക്കളും വയ്യാണ്ടായ മാതാ പിതാക്കളും ഇല്ലേ..
അതൊന്നുമാലോയ്ക്കാതെ അവരുടെ ഫോണ്‍ വിളിയെപ്പറ്റി ഇങ്ങനെ പറയണത്  ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ബംഗാളൊരു നരകാ. അവിടുന്ന് കിട്ടുന്ന കാശ് തുച്ചതില്‍ തുച്ചമാ.. അപ്പൊ നമ്മള് ഗള്‍ഫീ പോകുന്ന പോലെ അവരിങ്ങോട്ടും പോരും.
ഏതു പീടിക തിണ്ണമേലും കിടക്കും.കുടുംബത്തിനും വേണ്ടി...
ഇവിടുന്നു ഗള്‍ഫില്‍ പോവുന്ന മലയാളിയെ പോലെ.
അവരുടെ ഗള്‍ഫാണ് കേരളം.. 
അപ്പൊ നമ്മള് ആരെയാ പറയേണ്ടത്..അതിന്റെ കാര്യ കാരണൊക്കെ ഞാന്‍ പറഞ്ഞാ 35 കൊല്ലം ഭരിച്ചോലോക്കെ നാറും..പറയണില്ല.'

'ജോസഫ് മാസ്ടെ.. അയ്നുപ്പോ  ആരാ ഓരെ ലിവറു തിന്നത്.  മ്മള് മലയാളീസിനെപ്പറ്റിയാ ഇപ്പറയ്ണത്.
രാവിലെന്റെ കുട്ട്യോളെ മദ്രസക്ക് കൊണ്ടോകുമ്പോ കാണാ എല്ലാ ബംഗാളീസും തമിഴന്‍സും കോണ്‍ട്രാക്ടര് ശശിന്റെ വണ്ടീം കാത്തു നിക്കണ്. അയ്ലൊറ്റ മലയാള മോന്തേം ഞാന്‍ ത് വരെ കണ്ടീല്ല.കുട്ട്യോളെ കൊണ്ടോയാക്കി വരുമ്പോ കാണാ തേപ്പ്കാരന്‍ ഉണ്ണി ഓന്റെ തൊള്ള തൊറന്നു ഇളിച്ചു കാട്ടി പല്ല് തേക്കണ്..'

ജബ്ബാറു മറുകണ്ടം ചാടി വര്‍ത്താനം പറയണത് കണ്ടപ്പോള്‍ കോയ ഗോപാലന്റെ മുഖത്തേക്കൊന്നു പല്ലിറുക്കി നോക്കി.

'അതാ മലയാളി. കേരളത്തിലാവുമ്പോ തനി തറ. വേറെയെവിടെലും പോയാ ഓന്റൊരു വിനയം..
നല്ലോണം പണിട്ക്കാണെങ്കി  എത്ര കൂലീം കൊടുക്കും. പക്ഷെ ന്നെ കാണുന്ന നേരത്തും വൈന്നേരം നാല് മണിന്റെ നേരത്തും പണിട്ക്ക്ണ കണ്ടാ ഭൂലോക ജോലിവീരനുള്ള നോബല്‍ സമ്മാനം കൊടുക്കാന്‍ തോന്നും'.എന്തായാലും ഐ ലവ് ബംഗാളീസ് മോര്‍ ദാന്‍ മലയാളീസ്..
മകന്റെ ഇംഗ്ലീഷ്  മീഡിയം പഠിപ്പ് തനിക്കും ഏല്ക്കുന്നുണ്ടെന്നു കാണിക്കാന്‍
ചുടു ചായ ആറ്റിപ്പാകമാക്കുന്നതിനിടെ മൂസാക്ക ഉശിരോടെ പറഞ്ഞു..

മൂസാക്കയുടെ ചായക്കടയില്‍ വൈകുന്നേരത്തെ ചൂലന്‍ ചായക്കൊപ്പം ചൂടന്‍ ചര്‍ച്ച പുരോഗമിക്കുമ്പോള്‍ കോണ്‍ട്രാക്ടറു ശശിയേട്ടന്റെ വണ്ടി പണി കഴിഞ്ഞ് ഒരു ലോഡ് ബംഗാളികളുമായി  ചായക്കടക്കു കുറുകെ നിറുത്തി.

Thursday, June 30, 2011

ശേഷം..

.
ഇന്നലെയെന്റെ 

പ്രണയിനിയുടെ വിവാഹമായിരുന്നു..

അവള്‍ അടുക്കളയിലും

ഞാന്‍ മണ്ണിലും

എരിഞ്ഞു തീര്‍ന്നു..

Sunday, June 26, 2011

മുമ്പേ . .

ഇന്ന് നീ പറയുന്നത് ഞാന്‍ കേള്‍ക്കും.

ഇന്ന് നമ്മുടെ വിവാഹ വാര്‍ഷികവും
നാളെ ലഹരി വിരുദ്ധ ദിനവുമാണ്.
'നാളെയെങ്കിലും നിങ്ങള്‍ കുടിക്കരുത്.'

നാളെ തൊടില്ല.
ഉറപ്പ്..

ഭാര്യയോടുള്ള സ്നേഹത്തോടൊപ്പം
നാളേക്കുള്ളത്
ഇന്ന് തന്നെ
കുടിച്ചു തീര്‍ത്തു..

Wednesday, June 22, 2011

പ്രവാസി

പറയാന്‍ ഒരുപാടുണ്ട് ചേട്ടാ..

കേള്‍ക്കട്ടെ..
വേനലു മാറി,
മഴ വന്നു,
അച്ഛന്റെ ജോലി, 
എട്ടത്തീടെ ശമ്പളം, 

എന്നെപ്പറ്റിയിതു വരെയെന്തേ 
ചോദിച്ചില്ല..

ഞാന്‍
ഫോണ്‍ താഴെ വച്ചു.. 

Thursday, June 16, 2011

ചര്‍ച്ചകള്‍ മാത്രം നടക്കട്ടെ..

കാശുമാവിന്‍ തോട്ടത്തിന്റെ ഇടയിലൂടെ കുത്തനെയുള്ള ചെരിവിറക്കം നേരെ ചെന്നിറങ്ങുന്നത് പത്തിരുപത്തഞ്ചു കൊച്ചു കൂരകളുള്ള ഒരു കോളനിയിലേക്കാണ്.ഒരു മഴക്കാലം വന്നാല്‍ വെള്ളം കുത്തിയൊലിച്ചു ഒരു പക്ഷെ എല്ലാം കഴിയുന്ന മട്ടില്‍ താഴ്ച്ചയുണ്ട് ആ കോളനിക്കെന്നു തോന്നി. 
കശുമാങ്ങയുടെ ഭംഗിയോ സൗന്ദര്യമോ ഇപ്പോള്‍ ഇല്ല.

കയ്യിലുള്ളത് ഇറച്ചിപ്പൊതിയാണെന്ന് കരുതിയാവണം ഒരു നായ്ക്കൂട്ടം ചുറ്റും കൂടി.  ഭയന്ന് പിറകോട്ടു നീങ്ങിയപ്പോള്‍ വെറ്റിലക്കറ പുരണ്ട പല്ലുമായി പിറകില്‍ ഒരു വല്യമ്മ..

'പേടിക്കണ്ട ഞ്ഞേ..അവറ്റയൊന്നും ചെയ്യൂല.' 

നേര്‍ത്തൊരു പുഞ്ചിരിയോടെ വല്യമ്മ ഞങ്ങള്‍ക്കരികില്‍ നിന്ന് ചോദിച്ചു. 

'എന്താ മോനെ പൊതിയില്‍??'

അതിത്തിരി പുസ്തകങ്ങളാണ് അമ്മാ..

ആര്‍ക്കാ..??...

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നീല നിറം പിടിപ്പിച്ച ഒരു ട്ടാര്‍പ്പായ കൊണ്ട് മെടഞ്ഞ കുടിലിലേക്ക് ചൂണ്ടി പറഞ്ഞു 

'അവിടേക്കാ.. ..'

അഴഞ്ഞു പിടിച്ച പൊതിയില്‍ കൈ നീട്ടി മുറുക്കിപ്പിടിച്ചു വല്യമ്മ ചോദിച്ച  ചോദ്യം തെല്ലു വിഷമിപ്പിച്ചു.

'അപ്പൊ ഞങ്ങളെ കുട്ട്യോള്‍ക്കൊന്നുമില്ലേ മോനെ..'

മറുപടി പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല ഞങ്ങള്‍ രണ്ടു പേര്‍ക്കും.

കരഞ്ഞു കലങ്ങിയ കണ്ണുകളുള്ള ഒരു പെണ്‍കുട്ടി. ഒപ്പം ബുദ്ധിക്കു സ്ഥിരതയുണ്ടെന്നു തോന്നാത്ത യുവതി നാറിയൊരു പാത്രത്തില്‍ ചോറുമായി ചിരിച്ചു കൊണ്ട് നില്‍ക്കുന്നു. പാത്രത്തില്‍ നിന്ന് ചോറെടുത്ത് ഇത്തിരി വായിലിട്ട ശേഷം ബാക്കി പാത്രത്തോടെ തന്നെ നായ്ക്കള്‍ക്ക് വെച്ചു കൊടുത്തു. 
ജീവിതത്തില്‍ എപ്പോഴെങ്കിലും അഹങ്കാരം കൂടുന്നു എന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ നിങ്ങള്‍ പോകേണ്ടത് ഇവിടങ്ങളിലെക്കാണ്.

മുന്നൂറു രൂപയും പുസ്തകപ്പൊതിയും കൊടുത്ത് നിറഞ്ഞ മനസ്സോടെ തിരിച്ചു പോരുമ്പോള്‍ പേടിയോടെ നോക്കിയ നായ്ക്കൂട്ടങ്ങളോട് മറ്റൊരമ്മ ' രാത്രി മറ്റവന്മാര് വരുമ്പോഴില്ലാത്ത പേടിപ്പിക്കലെന്തിനാടോ പട്ടികളേ..'. എന്നു പറഞ്ഞപ്പോള്‍ ഉണ്ടാക്കിയ അമ്പരപ്പ് തന്റെ മക്കളെ സ്കൂളില്‍ പറഞ്ഞയക്കാനുള്ള അമ്മയുടെ   ഉത്തരമായിരുന്നില്ലേ.??

ഒരു പക്ഷെ അച്ഛനില്ലാത്ത ഒരുപാട് കുഞ്ഞുങ്ങളുടെ അച്ഛന്മാര്‍ നമുക്കിടയില്‍ നിന്ന് അവരെ നോക്കി പല്ലിളിക്കുമ്പോള്‍ അത്താഴപ്പഷ്ണിക്കാരെ  കണ്ടാല്‍ ചര്‍ദ്ധിക്കാന്‍ വരുന്ന ഭരണവര്‍ഗം  തന്നെയാണതിനുത്തരവാദികള്‍ എന്നല്ലേ മനസ്സിലാക്കേണ്ടത്???? ഇനിയുമിവിടെ കോളനികള്‍  ഉണ്ടായ്ക്കാവുന്ന പേടിപ്പെടുത്തുന്ന പ്രവണത ആരാണ് തീര്‍ക്കേണ്ടത്?. പരിഷ്കൃത വര്‍ഗം, അപരിഷ്കൃത വര്‍ഗം എന്ന് രണ്ടാക്കി ജനസംഖ്യയില്‍ തിരിക്കുമ്പോള്‍ ചോരയുടെ നിറം ഒട്ടും പച്ചയോ വെളുപ്പോ അല്ലാത്ത മനുഷ്യരാണവരെന്നു മനസ്സിലാക്കാന്‍ ബയോളജിപ്പുസ്തകങ്ങള്‍  മറിച്ചു നോക്കേണ്ട കാര്യമില്ല. 


തന്റെ മണ്ഡലത്തിലെ ഗ്രാമസൗന്ദര്യം വാരി വിതച്ചു പ്രസംഗങ്ങളില്‍ ഗീര്‍വാണം മുഴക്കുമ്പോഴും ഉണ്ണാനില്ലാത്തവനും  ഉടുക്കാനില്ലാത്തവനും അപ്പുറത്തെ പുരകളില്‍ മഴക്കാറ്റു കൊണ്ട് പറന്ന ടാര്‍പ്പായ കെട്ടിവലിച്ചു ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ മഴവെള്ളം തന്റെ കുഞ്ഞിന്റെ ദേഹമാവാതിരിക്കാന്‍ മാറോടു ചേര്‍ത്തു പിടിച്ചു കിടക്കുന്നുണ്ടെന്ന് ഒരിക്കലും അറിയുന്നുണ്ടാവില്ല. 

നിറക്കൂട്ടുകള്‍ കൊണ്ട് നിറച്ച ജീവിതം നിറക്കൂട്ടുകളില്ലാത്ത  ജീവിതം മനസ്സിലാക്കാന്‍ അകലെ ബംഗാള്‍ വരെ പോകേണ്ട കാര്യമില്ല. സ്വന്തം ഗ്രാമത്തില്‍ തന്നെ ഗ്ലോബലൈസെഷന്‍ ഇഫക്ടോ കംപ്യുട്ടര്‍ മൂപ്പോ അറിയാത്ത എത്ര പേരുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ ഒരുത്തനെങ്കിലും ?? എന്നിട്ടവരുടെ പേര് പറഞ്ഞു തന്നെ രാംദേവുമാര്‍ കോടികള്‍ കൊണ്ടമ്മാനമാടി ഉപവാസനാടകങ്ങള്‍ കളിക്കുമ്പോള്‍ കണ്ണുംപൂട്ടികെട്ടി നോക്കി നിന്ന് കയ്യടിക്കാന്‍ നിയമത്തിന്റെ കാവലാളായ പോലീസിനല്ലാതെ ഞങ്ങള്‍ക്ക് കഴിയില്ലെന്നുറക്കെ പറയാന്‍ ചങ്കൂറ്റം ഉള്ളാത്തിടത്തോളം കാലം ചര്‍ച്ചകള്‍ മാത്രം നടക്കട്ടെ..
കോളനികള്‍ ഉണ്ടായിക്കൊണ്ടെയിരിക്കട്ടെ.. .
ഇലകള്‍ കൊഴിഞ്ഞു കൊണ്ടെയിരിക്കട്ടെ...


*ഫോട്ടോകള്‍ ഗൂഗിളില്‍ നിന്ന് 

Wednesday, June 15, 2011

അമ്പത് പൈസ റോക്ക്സ്

ബസ് യാത്രകള്‍ എന്നും വമ്പന്‍ വിറ്റുകള്‍ സമ്മാനിക്കുന്ന ഏരിയയാണ്. ഏതെങ്കിലുമൊരു കുടിയനോ  തൊള്ളബഡായിയോ കേറാത്ത ബസ്സുകള്‍ വിരളവും വിരസവുമാണ്. 
കാലമേറിയ ജീവിതത്തില്‍ ബസ്സനുഭവങ്ങള്‍ ഒരുപാടുണ്ടാവും ഓരോരുത്തര്‍ക്കും.. ജീവിതത്തിന്റെ
പച്ചചൂര് മാറ്റാന്‍ ബസ്സില്‍ പണിയെടുക്കുന്നവര്‍ക്കുമുണ്ടാവും അവരുടെതായ രസാനുഭവങ്ങള്‍..


                                                          .........................

ബസ്സ് കയറി. കുത്തിയിരിക്കാന്‍ ഒരു സീറ്റും കിട്ടി. അപ്പുറത്ത്‌ സീറ്റില്‍ അത്യാവശ്യം സുമുഖനായൊരു  ചെറുപ്പക്കാരനുണ്ട്. എങ്ങോട്ടാ പോകുന്നെ?? സ്ഥലമെത്തും വരെ സൊറച്ചിരിക്കാന്‍ ആളെ ക്കിട്ടിയ സന്തോഷത്തില്‍ ഞാന്‍ ചോദിച്ചു. ഞാന്‍ അങ്ങാടി വരേയാ..ഓ ഞാനതിന്റെ അപ്പുറത്തെ സ്ടോപ്പാ..ഓരോന്ന് പറഞ്ഞോണ്ടിരിക്കുന്നതിനിടയില്‍ കായിം ചോദിച്ചു കണ്ടക്ടര്‍ വന്നു. അഞ്ചു രൂപയാണ് എന്റെ ചാര്‍ജ്. സുമുഖനു നാലേ അമ്പതും. അഞ്ചു രൂപ കൊടുത്ത് ബാക്കി അമ്പത് പൈസ ചോദിച്ചു. കായി ഉണ്ടായിട്ടോ ഇല്ലാഞ്ഞിട്ടോ കണ്ടക്ടര്‍ ബാക്കി പിന്നെ തരാമെന്നു പറഞ്ഞു...  സ്ഥലമെത്താറായിട്ടുണ്ട്...

അല്ല , നിങ്ങളുടെ സ്ഥലമെത്തി. ഇറങ്ങുന്നില്ലേ മാഷേ??
സുഹൃത്തെ.. ഇറങ്ങിക്കോളൂ..
ദാ എത്തി..
ഇതാണ് സ്ഥലം...ഹേയ്..

വണ്ടിയുടെ ബ്രേക്കില്‍ നിന്നും ഡ്രൈവര്‍ കാലെടുത്തു.. അയാള്‍ക്കിറങ്ങേണ്ട സ്ഥലം കഴിഞ്ഞു. എന്താ മാഷേ.. താങ്കള്‍ക്കിനി തിരിച്ചിങ്ങോട്ട് എത്ര ദൂരം നടക്കേണ്ടി വരും . എന്തേ ഇറങ്ങാഞ്ഞൂ....???
അപ്പോള്‍ നേര്‍ത്തൊരു വളിഞ്ഞ ചിരിയോടെ അഭ്യസ്തവിദ്യനെന്നു ഞാന്‍ കരുതിയ മൂപ്പര്‍ പറഞ്ഞു..

'അയാളെനിക്ക് അമ്പത് പൈസ തരാനുണ്ട്. അടുത്ത സ്ടോപ്പിലെക്ക് അഞ്ചു രൂപയാ. അമ്പത് പൈസ വെറുതെ കളയണ്ടല്ലോ......!!'

                                                     .........................


ശങ്കരേട്ടന്‍ ബസ്സില്‍ കേറിയിട്ടുണ്ട്. ഇന്നെന്തേലുമൊക്കെ കാണാം.പതിവ് പോലെ ഞാന്‍ മൂപ്പരുടെ അടുത്തു തന്നെ നിന്നു. വല്യ വായിലെ വെള്ളമടി വര്‍ത്താനം കേക്കാന്‍. മഞ്ചേരിയില്‍ നിന്ന് അഞ്ചു രൂപ കൊടുത്താല്‍ എന്റെ വീടെത്തും. മൂപ്പര്‍ക്ക് നാലേ അമ്പത് കൊടുക്കണം. വയറ്റില്‍ അടങ്ങിക്കിടക്കാത്ത കള്ള് ശബ്ദമുണ്ടാക്കിത്തുടങ്ങി.സകലകലാ പരദൂഷണ പരമ്പര കുനുകുനാ
തുടങ്ങി..

കണ്ടക്ടര്‍ വന്നു. ശങ്കരേട്ടന്‍ കയ്യിലുണ്ടായിരുന്ന ചുക്കിച്ചുളിഞ്ഞ പത്തു രൂപ നോട്ടു കൊടുത്തു.ബാക്കി അഞ്ചു രൂപ തിരിച്ചും കൊടുത്തു.
'മനേ..ഈ നോട്ടിക്കൂടെ ആകാശം കാണുന്നുണ്ടല്ലോ.. എനിക്ക് വേറെ നോട്ടു താ..കള്ളടിച്ചാ കള്ളത്തരം മനസ്സിലാവില്ലെന്ന് കരുതിയോ?? '
പറഞ്ഞത് ശരിയാ,.. വലിയൊരു ഓട്ടയുണ്ട് നോട്ടിനു നടുവിലൂടെ.
മുറു മുറുത്ത് കണ്ടക്ടര്‍ വേറൊരു അഞ്ചു രൂപ കൊടുത്തു.
'ബാക്കി അമ്പത് പൈസ താടാ തിരുമാലീ..
പാവം കണ്ടക്ടര്‍.
'ഏട്ടാ. അമ്പത് പൈസയില്ല. ഇപ്പൊ തരാം..'
ശങ്കരേട്ടന്‍ ഇപ്പോള്‍ ഒന്നും മിണ്ടിയില്ല. കണ്ടക്ടര്‍ ആശ്വാസം കൊണ്ടു.

ഒരു രണ്ടു മിനുറ്റ് കഴിഞ്ഞില്ല.'എന്റെ അമ്പത് പൈസ.....'

'ങാ ഇപ്പൊ തരാംട്ടോ...'
ശങ്കരേട്ടന്‍ വീണ്ടും മിണ്ടാതിരുന്നു.

കുറച്ചു കഴിഞ്ഞപ്പോ വീണ്ടും അതെ ചോദ്യം. 'എന്റെ കാശ്..അമ്പത് പൈസ.....'

കണ്ടര്‍ക്ക് ദേഷ്യം വന്നു. 'ഇപ്പൊ തരാമെന്നെ...അവിടെയിരി.

ഇതൊരു പരിപാടിയാക്കി മൂപ്പര്‍..
കണ്ടക്ടര്‍ പെണ്ണുങ്ങളെ ഭാഗത്തേക്ക് പൈസ വാങ്ങാന്‍ പോകുമ്പോഴും തിരിച്ചിങ്ങോട്ട് പോരുമ്പോഴും എന്റെ അമ്പത് പൈസാന്നു പറയും..
എനിക്കതൊരു രസമായി. തള്ളേ..ഒരു തല്ലിനുള്ള വകയുണ്ട്..
ഇപ്പോഴത്തെ ചോദ്യത്തിന് ദേഷ്യം മൂക്കിനു പിടിച്ചു കണ്ടക്ടര്‍ ചൂടായി.

"ടോ.. തന്നോടല്ലേ ഇപ്പൊ തരാമെന്നു പറഞ്ഞത്. വേറൊന്നുമില്ലേ തനിക്കാലോചിക്കാന്‍..  തൊള്ളയടക്കി ഒന്ന് മിണ്ടാതിരിക്കോ ."

മടക്കിക്കുത്തഴിച്ചു ശങ്കരേട്ടന്‍ പറഞ്ഞ വര്‍ത്താനം.
'എടാ ചങ്ങായീ...എന്തോരമുണ്ടാലോയ്ക്കാന്‍..
താനാ കായിങ്ങോട്ട് തന്നാല്‍ എനിക്ക് വേറെന്തേലും  ആലോയ്ക്കാലോ...'

Saturday, June 4, 2011

അഴിമതിക്കെതിരെ മരണം വരെ A/C* യില്‍

ഞാനും ഒരു വമ്പന്‍ സമരം നടത്താന്‍ പോകുന്നു.
അഴിമതിക്കെതിരെ സമരം നടത്തുന്ന നമ്മുടെ സ്വാമി ഗുളു ഗുളാതി ആന്റിഅഴിമതിയാന്‍  ബാബാ രാംദേവിനെതിരെയാണ് സമരം.
രണ്ടു കോടി രൂപക്ക് ഒരു മാസത്തേക്ക് വാടകക്കെടുത്ത രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ തീര്‍ത്ത പന്തല്‍. പതിനഞ്ചടി ഉയരത്തില്‍ ശീതീകരിച്ച സ്റ്റേജ്. അറുപത് ഡോക്ടര്‍മാര്‍ ഒരേ സമയം പ്രവര്‍ത്തിക്കുന്ന ആശുപത്രി.എങ്ങനുണ്ട്?? ബേജാറാവണ്ട കോയാ. ഇതൊക്കെയാണിപ്പോള്‍  രാഷ്ട്രീയം, രാഷ്ട്രാന്തരീയം.

അല്ലെങ്കില്‍ ഇച്ചങ്ങായിക്ക് വല്ല കഥയുമുണ്ടോ??അറ്റ്‌ ലീസ്റ്റ് ഒന്നുമില്ലെങ്കില്‍ ഇന്ത്യാക്കാരൊക്കെ പോഴന്മാരാണെന്നാണോ ഇയാള് ധരിച്ചു വച്ചിരിക്കുന്നെ??ഇമ്മാതിരി പൂത്ത കായി കയ്യിലുണ്ടെങ്കി അഴിമതിക്കെതിരെ സമരം (എന്ന് പറയുന്നു) നടത്തണോ? റോഡ്‌ ഞരങ്ങിയും ഭിക്ഷയെടുത്തും 'പട്ടിണി മാറ്റാന്‍ ശ്രമിക്കുന്ന' എത്ര പാവങ്ങളുണ്ടിവിടെ.ആ രണ്ടരക്കോടിയും പന്തലുമൊക്കെ അങ്ങനെ കൊടുത്താല്‍ പുണ്യം കിട്ടും..ഇതൊരുമാതിരി മറ്റേ പണിയായി പോയി.
മുക്കാലിയിലിട്ടടിക്കാന്‍ ആളില്ലാഞ്ഞിട്ടാ..

എനിക്ക് തോന്നുന്നത് ഇതു മറ്റൊരു കള്ളക്കളിയുടെ ബാക്കി പത്രമാണെന്നാണ്. ഹസാരെ നടത്തിയത് അഴിമതിക്കെതിരെയാണെങ്കില്‍ ഇത് കള്ളപ്പണത്തിനെതിരെയാണ്.വിഷയമൊക്കെ നല്ലത് തന്നെ.ഹസാരെയുടെ വന്‍ ജനപ്രീതിയും സ്വാധീനിച്ചിട്ടുണ്ടാവാം.അല്ലെങ്കിലും അദ്ദേഹം മുന്നോട്ടു വച്ച ധീര സമരമാര്‍ഗം ആറ്റിക്കുറുക്കി മറ്റൊരു വിധത്തിലാക്കാനാണല്ലോ ഈ വിദ്വാന്‍ വന്നത് .
വല്ലാത്ത പേടിയാണിപ്പോള്‍ ഈ സ്വാമിമാരെ..പണ്ടൊരു സ്വാമിയുണ്ടാക്കിയ പുകിലോര്‍മ്മയില്ലേ. ലവന്‍ തോക്കും പുലിത്തോലുമായോക്കെ കളിച്ച കളി കണ്ടിരിക്കാന്‍ നല്ല രസമായിരുന്നു.
അന്ന് പോയവനെ ക്കുറിച്ചിന്നു വല്യ വിവരമൊന്നും കേള്‍ക്കാനില്ല.
അത് പോലെന്തേലും മറക്കാനാകുമോ ഇത്?. വലിയ അഴിമതികള്‍ കാണാതിരിക്കാന്‍ ചെറിയ പ്രശ്നങ്ങളുണ്ടാക്കി പോലീസിന്റെയും ജനങ്ങളുടെയും കണ്ണില്‍ പൊടിയിടാനുള്ള ഒരു വലിയ അടവുമാവാം ഒരുപക്ഷേ..

ആര് പ്രതികരിക്കാന്‍?? ഒരു ഷാരൂ ഖാന്‍ പ്രതികരിച്ചത് കണ്ടു. അതിന്റെ പേരില്‍ ആ ചങ്ങായിക്ക്  ഇനി ഇരിക്കപ്പൊറുതി  കൊടുക്കത്തില്ല.ശിവ സേന ഇന്നലെ തന്നെ തുടങ്ങി എന്നാണു കേട്ടത്. നേതാവ് പറഞ്ഞത് അതിലും വലിയ കാര്യമാണ്. അവനവനുമായി ബന്ധമില്ലാത്ത വിഷയങ്ങളില്‍ തലയിടുന്നത് ഇന്ന് ഒരു പ്രവണതയായി മാറിയിട്ടുണ്ടെന്ന്. ഏതാണ് ഒരു മനുഷ്യനുമായി ബന്ധമുള്ള കാര്യങ്ങളും ബന്ധമില്ലാത്ത കാര്യങ്ങളും? മൈ നെയിം ഈസ്‌ ഖാന് തൊട്ടു കണ്ടകശ്ശനിയാണ് ഷാരൂഖിന്. 
അതൊന്നുമല്ലെന്നെ..എന്തിനാ ഈ സര്‍ക്കാരിതിനെ ഇത്ര പേടിക്കുന്നെ??വേറെന്ത്..കള്ളപ്പണം ഒഴുക്കീട്ടുണ്ടാവുമല്ലേ താടിക്കാരാ. ങ്ങളെ പേടീടെ കാര്യൊക്കെ മനസ്സിലായി പുളുസൂ.. 

എങ്കിലും അഴിമതി സ്ടാറായി.ഈ വാല്യക്കാരനെന്ന പേരിനു പകരം അഴിമതി എന്നോ കള്ളപ്പണമെന്നോ ഒക്കെ  ആക്കിയാല്‍ മതിയാരുന്നു. അതാകുമ്പോ താരമല്ലായോ..താരം. രൂപ നോട്ടിന്റെ മുകളിലിരിക്കുന്ന രാഷ്ട്ര പിതാവിനെ ആ നോട്ടിന്റെ ബലം കൊണ്ട് തന്നെ ഇങ്ങനെ അപമാനിച്ചത് തീരെ ശരിയായില്ല ബാബാ.ഇത്ര മാത്രം ചീഞ്ഞു നാറാന്‍ പറ്റുമെങ്കില്‍ ഇന്ത്യ എന്നേ നാറി.അതാണല്ലോ 'കനി' (വിലക്കപ്പെട്ട കനി പോലൊരു കനിയാണ് ഇന്ത്യന്‍ ജനതക്കിപ്പോ ലിവള്‍) മൊഴിയിലൂടെയും കല്‍മാഡി (കാലമാടന്‍ )യിലൂടെയുമൊക്കെ നമ്മള്‍ അനുഭവിക്കുന്നത്. 

ഒരഴിമതി ഭരണത്തിനെതിരെ സമരം നടത്താന്‍ മറ്റൊരു അഴിമതി നടത്തിയിട്ടുണ്ടാവുമോ എന്ന് ഇത്തിരി സംശയമില്ലാതില്ല.ഇവന്മാരോക്കെ ഇങ്ങനെ തുടങ്ങിയാല്‍ നമ്മടെ കേരളത്തിലെ ഉണ്ണാക്കന്‍ അഴിമതിക്കാരൊക്കെ  പൂച്ചക്കണ്ണന്മാരാകും. ഇപ്പുറത്തെ മീന്‍ തിന്നു അപ്പുറത്തെ പാലിലേക്ക് നോക്കി ഇനി അടുത്തത് അതാകട്ടെ എന്ന് വിചാരിക്കുന്ന കരിമ്പൂച്ചകള്‍. 
സമരപ്പന്തലിലേക്ക്, സോറി  'സമരക്കൊട്ടാരത്തിലെക്ക്'  പോലിസ് വക ഒരു റെയ്ഡ് നടത്തണമെന്നാണ്  എന്റെ അഭിപ്രായം. ഇരിപ്പിടത്തിനു താഴെയും ടോര്‍ചിനകത്ത് ബാറ്ററിക്ക് പകരമായി നേന്ത്രപ്പഴങ്ങള്‍ ഒരു പാട് കണ്ടേക്കാം.
കലികാലം..

Saturday, May 14, 2011

പുതിയ വണ്ടി വരുന്നു..

എന്റെ പൊന്നു വായനക്കാരേ,
ഞാനായി ഈ ബ്ലോഗ്ഗിനു വിലയൊന്നുമിട്ടിട്ടില്ല.അഥവാ വിലയിട്ടിട്ട് നിങ്ങള്‍ക്കിതില്‍ ഇതിലേറെ വിലയും  യോഗ്യതയും തോന്നി ന്യായം പറഞ്ഞാലോ..നേരം പോക്കായി വല്ലതും പറഞ്ഞു പോയാല്‍ അതിന്റെ ' ഉദ്ദേശ്യശുദ്ധിയും തത്ത്വാധിഷ്ടിത നിലപാടു'മൊന്നും ചോദിച്ചു കളയരുത്. കുറച്ചു ഫോളര്‍മാരെ കിട്ടണം.കിളിയില്ലാത്ത ബസ്സ് പോലെയാണ് ഫോളര്‍മാരില്ലാത്ത ബ്ലോഗുകള്‍ 
ഞാനായിട്ട് കാലു പിടിച്ചു കുറെയെണ്ണത്തിനെ വലയിലാക്കാന്‍ നോക്കി.ലവന്മാര് ആദ്യത്തെ പോസ്റ്റു വായിച്ചിട്ട് മതി തന്റെ പിന്നാലെ കൂടല്‍ എന്ന് പറഞ്ഞുകളഞ്ഞു.എന്നതായാലും പാപ്പി ഒരു വഴി കണ്ടു വച്ചിട്ടുണ്ട്..നല്ലൊരു പ്രൈസങ്ങട് കൊടുക്കാന്‍. ലേ..

ഇന്നേതായാലും കോളടിച്ച ദിവസം തന്നെ,വാല്യക്കാരനല്ല,നമ്മുടെ കുഞ്ഞൂഞ്ഞിന്.മുഖ്യനാവാന്‍ പോവുവല്ലേ.നമ്മടെ പയേ മുഖ്യനെ കൊണ്ട് ഉല്‍ഘടിക്കാന്‍  നിക്കുവാരുന്നു ഞാനീ ബ്ലോഗ്‌ .ഇന്നലെ ബ്ലോഗ്ഗര്‍ പണി മുടക്കിയോണ്ട് ആ പണി പാളി. കുഞ്ഞൂഞ്ഞാണെങ്കി കുഞ്ഞൂഞ്ഞ് .. സര്‍ക്കാരുദ്യോഗം കിട്ടാന്‍ പാട് പെടുന്നത് പോലെ മൂപ്പര്‍ കുറെ കഷ്ട്ടപ്പെട്ടിട്ടുണ്ട്.കിട്ടുവോളം മുട്ടാണല്ലോ. കിട്ടിക്കഴിഞ്ഞാ മറ്റേ പാര്‍ട്ടീടെ നെഞ്ചത്തിട്ട്  കൊട്ടും..
എന്തായാലും ചില വയസ്സന്‍ വിദ്വാന്മാരൊക്കെ വടിയും കുത്തിപ്പിടിച്ചു വോട്ട് ചോദിച്ചു വീട്ടില്‍ പോയിരുന്നത്രേ.കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ഈ മുത്തശ്ശിമാര്‍ക്കൊക്കെ നല്ലത് പറഞ്ഞു കൊടുക്കാന്‍ ആണുങ്ങളായ  മക്കളില്ലേ??

അഞ്ചു വര്‍ഷം ഉലത്തിയത് മതിയെന്നാണിപ്പോള്‍ ജനപക്ഷം. 
രണ്ടു സീറ്റ് വ്യത്യാസത്തിലാണ് മുഖ്യന്‍ പടിയിറങ്ങിയത് എന്നുള്ളത് കൊണ്ട് ഈ തോല്‍വിക്ക് തിളക്കമേറെയാണ് .അഴിമതിക്കാരായവരെ മന്ത്രി സ്ഥാനത്തിരുത്തെരുതെന്നാണ് മുഖ്യന്റെ വചനം. അതിപ്പോ തപ്പിയെടുക്കാന്‍ കുറെ പാടുപെടും.

കേരളത്തിലെയും ബംഗാളിലെയും തിരഞ്ഞെടുപ്പ് ഫലം നമ്മള്‍ കണ്ടു കഴിഞ്ഞു. ബംഗാളിലെ ദയനീയ തോല്‍വി ഇടതുപക്ഷകക്ഷികളും കേരളത്തിലെ ദയനീയ വിജയം ജനാധിപത്യ മുന്നണിക്കാരും  യഥാര്‍ഥത്തില്‍ ഒന്ന് പഠിക്കേണ്ടതാണ്.കണ്ണടച്ചിരുട്ടാക്കുന്ന ഈ പരിപാടി ഇനിയെങ്കിലും നിര്‍ത്തണം.

നൊമ്മയേതായാലും  ഇതിങ്ങടെ നടൂലില്ല.ലവന്മാര് ചക്കരക്കുടത്തില്‍ കയ്യിട്ടു വാരട്ടെ.പൊതു ജനം വിഡ്ഢികളായതോണ്ട് മിണ്ടാതിരിക്കാം .സെല്‍ഫ് ഗോളും സിസ്സര്‍ കട്ടുമൊക്കെയായി  കളിക്കട്ടെ.തല്‍കാലം നമുക്ക് ഗ്യാലറിയിലിരുന്നു കളി കാണാം...