കൊലത്തിയമ്മ പറഞ്ഞു തുടങ്ങി..
"ദാ.. ആ കാണുന്ന പെരുത്ത വീടുള്ളിടത്തെല്ലാം പാടമായിരുന്നു. ഇങ്ങനെ ഈ ചൂടത്തു നിക്കുമ്പോ ആലോയ്ക്കാ ഞാന്..മ്മടെ പണ്ടത്തെ കാലം."
കൊലത്തിയമ്മയും കായച്ചിയമ്മയും വെറ്റിലക്കറ പുരണ്ടില്ലാതായ ഇത്തിരിപ്പല്ലുകളുമായി അങ്ങോട്ടുമിങ്ങോട്ടും വെളുക്കെ ചിരിച്ചു.
ഒരു കണ്ടത്തില്‍ ഒരാറു പേരുണ്ടവര്‍. മുതുകു വളച്ചു നെല്‍വിത്തുകള്‍ ഒരു പ്രത്യേക രീതിയിലിങ്ങനെ വെള്ളം നിറഞ്ഞ പാടത്ത് കുത്താന്‍ തുടങ്ങി..
ചേറില്‍ ആഴത്തില്‍ മുങ്ങിയ കാലുകള്‍ ഊറിയൂറി ഞാന്‍ അവര്‍ക്കൊപ്പം നടന്നു. കാല്‍മുട്ട് വരെ ചെളി വലിഞ്ഞു കേറുന്നത് അറിയുന്നുണ്ട്. ആ ചെളിയുടെ നനവ് മേലാകെ വല്ലാത്തൊരു സുഖമുണ്ടാക്കുന്നുണ്ട്.
"കൊണ്ടോര്യോയ്.."
മുതലാളിയോട് വിത്ത് കൊണ്ട് വരാന്‍ പറയുകയാണ് കായച്ചിയമ്മ ..
വിത്തുമായി മൊതലാളി ഒരു നാടന്‍ പാട്ടും മൂളി വന്നു.
ഇപ്പൊ യ്യ് കാണുന്ന ഈ പാവം മോയലാളിനെ പോലല്ലെയ്നി..
അത് കേട്ടപ്പോ മൊതലാളി ഉറക്കെ ചിരിച്ചു പറഞ്ഞു..
"കഥ പറയാലേ....ങാ..പറഞ്ഞോ പറഞ്ഞോ.."
"ഇങ്ങളൊന്നു പോയാണിം."
മൊതലാളിയെ നോക്കി അവര്‍ കുണുങ്ങി.
"അമ്പതിലേറെ വര്‍ഷായി ഞാനീ മണ്ണിന്റൊപ്പമാ.പണ്ടൊക്കെ രാവിലെ ഏഴു മണിക്കെണീറ്റു പാടത്ത് വരും. ഞങ്ങടെ പണി തുടങ്ങും. .
മണ്ണിനെ നോക്കാന്‍ ഞങ്ങക്കൊന്നും കിട്ടീല്ലെങ്കിലും വേണ്ട. അത്രയ്ക്കിഷ്ടായിരുന്നു മണ്ണിനേം മണ്ണിനു ഞങ്ങളേം. 'വിത്താഴം ചെന്നാ പത്തായം നിറയും' ന്നാ.. അറിഞ്ഞു നടും,
മണ്ണറിഞ്ഞു പണിയെടുക്കണം..
യ്യ് കേട്ടീല്ലേ, വിതച്ചതേ കൊയ്യൂന്നു.. വിതച്ചത് പോലെയേ കൊയ്യാന്‍ കയ്യൂ. പ്രകൃതീടേം മന്‍ഷന്റേം നെയമാ അത്. വിത്ത് വെതക്കുമ്പോ ദൈവത്തെ അറിയണം. ആ വിത്തോണ്ടാണ് നല്ല വിള ലഭിക്കുന്നത്."
"വൈന്നേരം സൂര്യന്‍ താഴ്ന്നു തൊടങ്ങണ വരെ പണിയെടുക്കും,അത്ര വരെ പണിയെട്ത്താലും ഉച്ചച്ചോറ് നമ്മള്‍ തന്നെ വീട്ടീന്ന് കൊണ്ടോരണം.പിന്നെ കാലം മാറി. അവര് ചെലവു തരാന്‍ തൊടങ്ങി. ഉച്ചക്ക് എല്ലാരേം വിളിച്ചു കഞ്ഞി കുടിയാണ്.
ഞങ്ങള്., പട്ടിക ജാതിയാണെങ്കി വട്ടത്തിലൊരു കുയി കുത്തും .എന്നിട്ട് അതിന്റെ മോളിലൊരു എല വെക്കും. മോളിലൊരു കുത്തുത്തിയാല്‍ അതങ്ങോട്ട് താവോല്ലോ.ആ കുയ്യില്‍ കഞ്ഞി പാര്‍ന്നു തരും.
നമ്മള്‍ കൊറേ പിന്നാട്ടു വിട്ടു നിക്കണം.പാര്‍ന്നു തന്നിട്ട് അവരങ്ങ് പോകും.
ഞമ്മള് കണ്ടീല്ലേ, ഈ നായ്ക്കളോട് ചൊറെടുക്കാന്‍ പറയണ്. അത് പോലെ.അങ്ങനോക്കീം ഞങ്ങള് കയ്ഞ്ഞുക്കുണ് .."
മണ്ണിന്റെ മണമുള്ള ആ അമ്മ ഒരു നീണ്ട നെടുവീര്‍പ്പിട്ടു. കണ്‍നിറഞ്ഞ നെടുവീര്‍പ്പില്‍ ഞാനും വെറുതെ പങ്കു കൊണ്ടു ..
"കൂട്ടുംമുണ്ട വിത്താണിത്. നല്ല വിത്താ.. നല്ലോണം പേടിയുണ്ടാവും കര്‍ഷകന്.
കഴിഞ്ഞേന്റെ മുമ്പത്തെ കൊല്ലം ഒരു മഴ വന്നു. പാടത്തെ വിതച്ച വിത്തൊക്കെ മഴ കൊണ്ടോയി.
നമ്മളെടുത്ത പണിയൊക്കെ വെറുതാവും..
കന്നി മാസമാണല്ലോ ഇപ്പൊ.മകരത്തില്‍ വെളവെടുക്കും
അങ്ങനെ നെല്ല് കൊയ്തു വീട്ടു കൊണ്ടോയി പത്തു പറ അളന്നു കൊടുത്താ ഒരു പറ നെല്ലിങ്ങോട്ടു തരും. ഒരു പറാന്നു പറഞ്ഞാ ഇപ്പഴത്തെ പത്തു കിലോ. ഇപ്പം ഇരുന്നൂറ്റമ്പത് രൂപാ കിട്ടും കൂലി. അത്ര വ്യത്യാസേള്ളൂ..
പെട്ടെന്നാരോ എന്നെ ഇറുക്കിയത് പോലെ തോന്നി.
"ആ......"
ഞാന്‍ ഉറക്കെ നിലവിളിച്ചു.
"എന്തേ ടാ .. കാലു പൊക്ക്. ."
കാലു പൊക്കിയപ്പോഴുണ്ട് ഒരു കുഞ്ഞു ഞണ്ട് കാലിറുക്കി കടിക്കുന്നു.
"അവന്റെ വിചാരം അതവന്റെ പെണ്ണാണെന്നാ.."
ചെള്ളിച്ചിയമ്മ അത് പറഞ്ഞപ്പോ എല്ലാരും ഒറക്കെ ചിരിച്ചു.
വേദന മാറിയില്ലെങ്കിലും ഞാനും ചിരി ചിരിച്ചു.
"തച്ചോളിയനന്തരം ചന്തും കൂട്ടിയോ..
തച്ചോളിയനന്തരം ചന്തും കൂട്ടീ...
തണ്ടേലിനോരുങ്ങുന്ന തണ്ടെല്ലാണ് ...
ഈ തണ്ടേലിനോരുങ്ങുന്ന തണ്ടെല്ലാണ് ..."
"ഇതെന്തു പാട്ടാ??"
കൊലത്തിയമ്മയുടെ നാടന്‍ പാട്ട് കേട്ട് ഞാന്‍ ചോദിച്ചു.
"ങാ..ഇതിന്റെ നാടന്‍ കഥ പറഞ്ഞു തരന്നാ നെനക്ക്..
ഈ നാടന്‍പാട്ടിന്റെ കഥ."
അമ്മ പറയാന്‍ തുടങ്ങി.
"തിജ്ജന്‍.., തിജ്ജനാണ് കാര്യസ്ഥന്‍. പേര് കോരുന്നാ. കോരൂനെ ഒരീസം മൊതലാളി വിളിച്ചു.
മൊതലാളി തച്ചോളിയനന്തരം ചന്തുക്കുട്ടി.
''ആയിരം പറ വിത്തിന്റെ ഒരു പാടണ്ട്. അയ്ന്റെ പണി തൊടങ്ങണം.''
........ആയിരം അടിമന്‍സനെ വിളിക്കണം .
ആയിരം പൊറംമന്‍സനേം വിളിക്കണം.
നൂറ്റിപ്പയ്ത്തേരി കന്നുമൂരിക്കള്‍.
നൂറു മൂരികള് ഊര്‍ച്ച മൂരികള്.......''
അടിമന്‍സന്‍ ന്നു പറഞ്ഞാ ഞങ്ങളെ പോലുള്ളോരു..പടിക്കല് പണിയെടുക്ക്ന്നോരു..
പൊറംമന്‍സന്‍ ന്നു പറഞ്ഞാ പൊറം പണിയെടുക്ക്ന്നോരും.
ടാകട്ടറില്ലാത്ത കാലത്തെ കഥയാണ് മനേ ഇതൊക്കെ. .
പിറ്റേന്ന് രാവിലെ മൂരികളുള്ള വീട്ടിപ്പോയി, മൂരികളെ കൊണ്ടോരണം എന്ന് പറഞ്ഞു
ഊര്‍ച്ച മൂരികളുള്ളോടുത്തും പറഞ്ഞു..
പണ്ടത്തെ കാലത്ത് ഞങ്ങളെ വീട്ടിക്കു പറയാല് ചാള എന്നാ..
നായന്മാര്, പെരുന്നാന്മാര്, പട്ടികകള്, അത് തന്നെ മൂന്നാല് ജാതി. ചെറുമക്കളും പാടത്തെ പണി ചെയ്യും..
"ചാളപ്പെരക്കലും പോയി തിജ്ജന്‍ കോരു ചെന്ന് പടിക്കല് പണിണ്ടുന്നു പറഞ്ഞു
കല്പന പോലെ ആയിരം അടിമന്‍സനെ വിളിക്കണം എന്ന് പറഞ്ഞു
പൊറംമന്‍സന്മാരെ ചാളക്കലും പോയി പറഞ്ഞു. അങ്ങനെ എല്ലാരോടും പറഞ്ഞു
പിറ്റേ ദെവസായി..
എല്ലാരും പണിയെടുക്കാന്‍ കാളിക്കരിങ്കാളി കണ്ടത്തില്‍ ഒരുക്കൂടി.
പടിക്കലെ കന്നാണ് പുള്ളി മൂരികള്‍, അഥവാ പുള്ളിയെരുത്. മുതുകത്ത് നല്ല പൊന്തിനിക്കുന്ന ഒരു കുനിപ്പുള്ള പുള്ളിയെരുതിനെ മൊതലാളി തച്ചോളി മുമ്പില്‍ നടത്തി ക്കൊണ്ടോരും. പിന്നില്‍ ഞങ്ങളെ പ്പോലുള്ള അടിയരും വരും.
തച്ചോളിയനന്തിരന്‍ ചന്തു കുട്ടി ഒരു കൂക്കൂ കൂക്കി.
അപ്പൊ മൂരികളും അടിമന്‍സരും അങ്ങനെയെല്ലാരും ഒത്തു നിന്നു.
അങ്ങനെ പണിയൊക്കെ തൊടങ്ങി ഒരുച്ചയായപ്പോയെക്കും ഉത്തരവ് വന്നു.
''കന്നിലാത്തോന്നു ലാകണം, പുള്ളിപ്പൊറത്തൊന്നു കയ്യെക്കണം.''
''കന്നിലാത്തോന്നു ലാകണം, പുള്ളിപ്പൊറത്തൊന്നു കയ്യെക്കണം.''
"എന്താ കന്നിലാകാന്നു വെച്ചാ.".
ഞാന്‍ സംശയം ചോദിച്ചപ്പോ കൊലത്തിയമ്മ പറഞ്ഞു.
"അതൊരു വര്‍ത്താനാണ്. കൂവൂ..കൂവൂ ന്നും ഒച്ച വെച്ചു പാട്ടൊക്കെ പാടി പണിയെടുക്കുന്നത് കണ്ടീല്ലേ..അതിനെയാണ് അങ്ങനെ പറയാ.."
"അയ്യമ്പ്രാ..അപ്പറത്തു നിക്കാരം പള്ളിണ്ട്. നിക്കാരം പള്ളീക്ക് കന്നിലാത്തു കേക്കാന്‍ പാടില്ല.നിക്കാരപ്പള്ളി പൊളിഞ്ഞു പോകും."
കന്നിലാകാന്‍ തിജ്ജന്‍ സമ്മയ്ച്ചില. പക്ഷേ തച്ചോളിയനന്തിരന്റെ ഉത്തരവല്ലേ.. കേക്കാതെ പറ്റോ. തിജ്ജനും കൂട്ടരും കന്നിലായി.
കൊറച്ചങ്ങ് കയ്ഞ്ഞപ്പോ നിക്കാരം പള്ളി പൊളിഞ്ഞു വീണു..
പിന്നെ യുദ്ധമായിലെ..പള്ളിക്കാരും തച്ചോളിം യുദ്ധം തൊടങ്ങി..ആകെ പട കൂട്ടി അവസാനം തച്ചോളിയനന്തിരന്‍ ചന്തൂട്ടി യുദ്ധം ജയ്ച്ചു."
ഇതാണിപ്പാട്ടിന്റെ കഥ.
അങ്ങനെയോക്കെയുണ്ടായിരുന്നു ഒരു കാലം.. ഒക്കെയോര്‍ത്താല്‍...
കാലമെത്രയാണിനി ബാക്കിയുള്ളതെന്നറിയില്ല.
എന്നാലും അവസാനം പോകാനുള്ളതും ഇവിടേയ്ക്ക് തന്നെയല്ലേ..ഈ മണ്ണിലേക്ക്..
കൊലത്തിയമ്മയും കൂട്ടരും വീണ്ടും ചിരിച്ചു.
ഈ കൊച്ചു കേരളത്തിലായിരുന്നു കര്‍ഷകന്റെ കൊയ്ത്തും മെതിയും ഉയര്‍ന്നു കേട്ടിരുന്നത്. അരിവാളു കൊണ്ട് ചിത്രം വരച്ചിരുന്നത്.മഴയെയും കാത്തു കനവു കെട്ടി നോക്കിയിരുന്നിരുന്നത്. മണ്ണ് കഴിഞ്ഞേ അന്നമുണ്ടായിരുന്നുള്ളൂ, അല്ലെങ്കില്‍ മണ്ണായിരുന്നു അവരുടെ അന്നം.
ഇന്നോ, കേരളത്തിലെ കര്‍ഷകനെ വേണ്ടത് ഗവേഷണ വിദ്യാര്‍ഥിക്ക് മാത്രം. അതും പാശ്ചാത്യര്‍ക്ക് നാട്ടറിവുകള്‍ ചോര്‍ത്തികൊടുക്കാന്‍..
"ഞങ്ങടെ ജാതിയും ഇങ്ങടെ ജാതിയും ഒന്നും എനിക്ക് രണ്ടല്ല. ഞങ്ങള്‍ക്കെല്ലാര്‍ക്കും മണ്ണാണ് മകന്‍, മണ്ണാണ് മകള്‍. ജാതിക്കോമരങ്ങളെ പടച്ചു വിടുന്നവരെ അരിവാളിറക്കി വെട്ടാനൊന്നും ഞങ്ങള്‍ പോണില്ല. ഞങ്ങടെ മുലപ്പാല് കുടിച്ചു വളരുന്ന ഗോപുരങ്ങളാണ് നിങ്ങള്‍. മണ്ണിനെ കൊല്ലരുത്. ഞങ്ങളെ തിന്നരുതു. ഞങ്ങടെ ചൂട് പറ്റിയാണ് കുട്ടികളേ നിങ്ങള്‍ തടിച്ചു കൊഴുക്കുന്നത്.
സങ്കടമില്ല കുഞ്ഞുമക്കളേ.. ഒട്ടും വേദനയില്ല കുഞ്ഞുങ്ങളേ..അധികാരത്തിന്റെ പന്നിക്കൂട്ടങ്ങള്‍ പാടത്തെയെന്ന പോലെ ഞങ്ങളെ കഷ്ണം കഷണമാക്കി മുറിച്ചിട്ടും വേദനിച്ചിട്ടില്ല..എന്നിട്ടോ...
നീതിയുടെ നേതാവ് നിങ്ങളല്ലല്ലോ."
പോയ കാലത്തിന്റെ നിറഭംഗിയില്‍ അവര്‍ നിറഞ്ഞു ചിരിക്കുന്നത് കണ്ടു ആകാശവും ചിരിച്ചു. മഴയൊന്നു ചിണുങ്ങിച്ചിരിച്ചപ്പോള്‍ ചെള്ളിച്ചിയമ്മ കുറുമ്പോടെ കണ്ണ്കോട്ടി. വസന്തേച്ചി പിന്നെയും പിന്നെയും ഉറക്കെയുറക്കെ ചിരിച്ചു..